ബാങ്കിംഗും ഐടിയും സമ്മര്‍ദത്തില്‍; അനിശ്ചിതത്വത്തിന് ഒടുവില്‍ വിപണികളുടെ ക്ലോസിംഗ് ഇടിവില്‍
- മണപ്പുറം ഫിനാന്‍സിനും ആക്സിസ് ബാങ്കിനും 3 ശതമാനത്തിനു മുകളില്‍ ഇടിവ്
- ഏഷ്യ പസഫിക് വിപണികള്‍ സമ്മിശ്ര തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്
ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ സൂചനകൾക്കിടയിൽ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ വെള്ളിയാഴ്ച വ്യാപാര സെഷനില്‍ ഉടനീളം അനിശ്ചിതാവസ്ഥയില്‍ ആയിരുന്നു. ബാങ്കിംഗ്, ഐടി മേഖലകളിലെ ഓഹരികളില്‍ ശക്തമായ വില്‍പ്പന സമ്മര്‍ദം പ്രകടമായിരുന്നു. ഓട്ടൊമബൈല്‍, എഫ്എംസിജി മേഖലകളിലെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ബിഎസ്ഇ സെൻസെക്‌സ് 187.75 പോയിന്റ് (0.28%) താഴ്ന്ന് 65,794.73 ലെവലിലും നിഫ്റ്റി 33.40 പോയിന്റ് ( 0.17%) താഴ്ന്ന് 19,731.80 ലെവലിലും ക്ലോസ് ചെയ്തു.
ലാർസൻ ആൻഡ് ടൂബ്രോ, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്‌ലെ ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഓഹരികള്‍. ഇന്നലെ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയ ആക്സിസ് ബാങ്കും മണപ്പുറം ഫിനാന്‍സും 3 ശതമാനത്തിന് മുകളിലുള്ള ഇടിവ് രേഖപ്പെടുത്തി.
ഏഷ്യ പസഫിക് വിപണികള്‍ സമ്മിശ്ര തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ് എന്നിവ നഷ്ടത്തിലായിരുന്നു. അതേസമയം ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കി തുടങ്ങിയവ നേട്ടത്തിലായിരുന്നു.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വ്യാഴാഴ്ച 957.25 കോടി രൂപയുടെ അറ്റവാങ്ങല്‍ ഇക്വിറ്റികളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) നടത്തി. വ്യാഴാഴ്ച സെൻസെക്‌സ് 306.55 പോയിന്റ് അഥവാ 0.47 ശതമാനം ഉയർന്ന് 65,982.48 എന്ന നിലയിലെത്തി. നിഫ്റ്റി 89.75 പോയിന്റ് അഥവാ 0.46 ശതമാനം ഉയർന്ന് 19,765.20 ൽ എത്തി.
