നയത്തില്‍ അനുനയമില്ലാതെ വിപണികളുടെ ക്ലോസിംഗ്; ബാങ്കിലും എഫ്എംസിജിയിലും വലിയ നഷ്ടം

  • പൊതുമേഖലാ ബാങ്ക് ഓഹരികള്‍ നേട്ടം തുടര്‍ന്നു
  • അനിശ്ചിതത്വം തുടരുമെന്ന് വിദഗ്ധര്‍
  • ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍

Update: 2024-02-08 10:21 GMT

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് ഓഹരിവിപണികളില്‍ കനത്ത ഇടിവ്. അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലാ എന്നത് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ് എങ്കിലും വിലക്കയറ്റ തോത് സംബന്ധിച്ച ജാഗ്രത തുടരുന്നതും നിരക്കിളവ് എപ്പോള്‍ തുടങ്ങുമെന്ന സൂചന ഇല്ലാത്തതും നിക്ഷേപകരെ നിരാശപ്പെടുത്തി. ജിഡിപി വളര്‍ച്ചാ നിഗമനം ഉയര്‍ത്തിയതും വിപണിയെ കാര്യമായി പിന്തുണച്ചിട്ടില്ല. 

സ്വകാര്യ ബാങ്ക്, എഫ്എംസിജി, ധനകാര്യ സേവനങ്ങള്‍ എന്നീ മേഖലകളിലെ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. വിപണി വരുന്ന സെഷനുകളില്‍ വിപണികള്‍ അനിശ്ചിതത്വത്തില്‍ തുടരുമെന്ന വിലയിരുത്തലാണ് വിദഗ്ധര്‍ നടത്തുന്നത്. 

അവസാന നില

സെന്‍സെക്സ് 723.57 പോയിന്‍റ് അഥവാ 1.00 ശതമാനം ഇടിവോടെ  71,428.43ല്‍ എത്തി. നിഫ്റ്റി 212.55  പോയിന്‍റ് അഥവാ 0.97 ശതമാനം താഴ്ന്ന്  21,717.95ല്‍ എത്തി.

നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.05 ശതമാവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.39 ശതമാനവും താഴ്ച രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.08 ശതമാനം കയറിയപ്പോള്‍ ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.44 ശതമാനം താഴ്ന്നു

നേട്ടങ്ങളും കോട്ടങ്ങളും

നിഫ്റ്റിയില്‍ സ്വകാര്യബാങ്കുകളുടെ സൂചികയാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, 2.59 ശതമാനം. എഫ്എംസിജി (2.06 %), ധനകാര്യ സേവനങ്ങള്‍ (1.85%) എന്നിവയും വലിയ നഷ്ടം രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്ക് (2.00%) , മീഡിയ (1.99%) എന്നിവയാണ് മികച്ച നേട്ടം രേഖപ്പെടുത്തിയത്. ഓയില്‍-ഗ്യാസ്, ഐടി, ആരോഗ്യപരിപാലനം എന്നിവയും നേട്ടത്തിലാണ്. മറ്റു സെക്റ്ററല്‍ സൂചികകളെല്ലാം ഇടിവിലാണ്. 

നിഫ്റ്റി 50-യില്‍ എസ്ബിഐ (3.64%), ബിപിസിഎല്‍ (3.35%),പവര്‍ഗ്രിഡ് (3.00%),കോള്‍ ഇന്ത്യ (1.84%), ഹിന്‍ഡാല്‍കോ (1.73%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. കൊടക് ബാങ്ക് (3.49%), ബ്രിട്ടാനിയ (3.16%), ആക്സിസിസ് ബാങ്ക് (3.01%), നെസ്‍ലെ ഇന്ത്യ (2.98%), എഷര്‍ മോട്ടോര്‍സ് (2.97%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ എസ്ബിഐ (3.54 %), പവര്‍ഗ്രിഡ് (3.08 %), ടിസിഎസ് (1.29 %), എച്ച്സിഎല്‍ ടെക് (1.24 %), ഭാരതി എയര്‍ടെല്‍ (0.71 %) എന്നിവ മികച്ച നേട്ടം കൊയ്തു. ഐടിസി (4.04 %), കൊടക് ബാങ്ക് (3.53 %), ഐസിഐസിഐ ബാങ്ക് (3.34 %), നെസ്‍ലെ ഇന്ത്യ (2.96 %), ആക്സിസ് ബാങ്ക് (2.95 %) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കി എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ് നഷ്ടത്തിലായിരുന്നു. 

Tags:    

Similar News