കനത്ത വീഴ്ചയില്‍ വിപണികളുടെ തുടക്കം

  • യുഎസ് സിപിഐ ഡാറ്റ വിപണികള്‍ക്ക് പ്രതികൂലമായി
  • സെന്‍സെക്സിലും നിഫ്റ്റിയിലും ഭൂരിപക്ഷം ഓഹരികളും ഇടിവില്‍
  • ഇന്നലെ എഫ്ഐഐകള്‍ വാങ്ങലുകാരായി മാറി

Update: 2024-02-14 04:55 GMT

ബുധനാഴ്ച തുടക്ക വ്യാപാരത്തിൽ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ കുത്തനെ ഇടിഞ്ഞു, സെൻസെക്സ് 675 പോയിൻ്റിലധികം ഇടിഞ്ഞു, ആഗോള വിപണിയിൽ നെഗറ്റീവ് സൂചനകൾ ഇന്ത്യന്‍ വിപണികളും ഏറ്റെടുക്കുകയായിരുന്നു. യുഎസിലെ പണപ്പെരുപ്പം അനലിസ്‍റ്റുകളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നത് നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു.

തുടക്ക വ്യാപാരത്തില്‍ നിഫ്റ്റി 187.85 പോയിൻ്റ് അഥവാ 0.86 ശതമാനം ഇടിഞ്ഞ് 21,555.40 പോയിൻ്റിലെത്തി, സെൻസെക്‌സ് 675.79 പോയിൻ്റ് അല്ലെങ്കിൽ 0.94 ശതമാനം ഇടിഞ്ഞ് 70,879.40 പോയിൻ്റിലെത്തി. യുഎസിൽ നിന്നുള്ള ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകൾ ഫെഡറൽ റിസർവ്  പലിശനിരക്ക് കുറയ്ക്കുന്നത് വൈകിക്കുമെന്ന ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. 

സെന്‍സെക്സില്‍ 27 ഓഹരികള്‍ ആദ്യ വ്യാപാരത്തില്‍ ഇടിവിലായിരുന്നു. ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. നിഫ്റ്റി പാക്കിൽ 44 ഓഹരികൾ തുടക്കത്തില്‍ നഷ്ടത്തിലായിരുന്നു.

യുഎസിൽ, ഉപഭോക്തൃ വില സൂചിക ജനുവരിയിൽ ഡിസംബറിനെ അപേക്ഷിച്ച് 0.3 ശതമാനം ഉയർന്നു., ഭക്ഷ്യ, ഊർജ്ജ വിഭാഗങ്ങള്‍ മാറ്റിനിര്‍ത്തിയുള്ള മുഖ്യ പണപ്പെരുപ്പം 0.4 ശതമാനം ഉയർന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 3 .1 ശതമാനമാണ് ജനുവരിയിലെ സിപിഐ. അനലിസ്റ്റുകള്‍ 2.9 ശതമാനം പണപ്പെരുപ്പമാണ് പ്രതീക്ഷിച്ചിരുന്നത്. 

ബുധനാഴ്ച ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രവണതകളാണ് രേഖപ്പെടുത്തുന്നത്. ജപ്പാനിലെ നിക്കി 225, ഹോങ്കോങ്ങിൻ്റെ ഹാംഗ് സെങ് സൂചികകൾ താഴ്ന്നപ്പോൾ  ചൈനയുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ചൊവ്വാഴ്ച യുഎസ്, യൂറോപ്യൻ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ചൊവ്വാഴ്ച ബിഎസ്ഇ സെൻസെക്‌സ് 482.70 പോയിൻ്റ് ഉയർന്ന് 71,555.19 പോയിൻ്റിലും എൻഎസ്ഇ നിഫ്റ്റി 127.20 പോയിൻ്റ് ഉയർന്ന് 21,743.25 പോയിൻ്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ ലഭ്യമായ കണക്കുകൾ പ്രകാരം 376.32 കോടി രൂപയുടെ ഓഹരികൾ വാങ്ങി വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ചൊവ്വാഴ്ച അറ്റ ​​വാങ്ങലുകാരായിരുന്നു. 

Tags:    

Similar News