അവസാന ലാപ്പില്‍ നേട്ടത്തിലേക്ക് കയറി സെന്‍സെക്സ്
ഇടിവില്‍ തുടങ്ങിയ വിപണികളില്‍ വലിയ ചാഞ്ചാട്ടം ദൃശ്യമായി
ആഗോള നിക്ഷേപക വികാരങ്ങളും വിദേശ ഫണ്ടുകളുടെ ഒഴുക്കും ദുർബലമായതിന്‍റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരിവിപണി സൂചികകള്‍ ഇന്ന് ഇടിവിലേക്ക് നീങ്ങി എങ്കിലും വലിയ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.ബിഎസ്ഇ ബെഞ്ച്മാർക്ക് 100.26 പോയിന്റ് അല്ലെങ്കിൽ 0.15 ശതമാനം ഉയർന്ന് 65,880.52 ൽ എത്തി. നിഫ്റ്റി 36.15 പോയിന്റ് അഥവാ 0.18 ശതമാനം ഉയർന്ന് 19,611.05 ൽ അവസാനിച്ചു.
സെൻസെക്‌സ് പാക്കിൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, മാരുതി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി എന്നിവയാണ് ഇടിവ് നേരിട്ടത്. ഭാരതി എയർടെൽ, അൾട്രാടെക് സിമന്റ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ, ഓസ്ട്രേലിയ, ഹോങ്കോംഗ്, തായ്വാന്‍ എന്നിവ താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ഷാങ്ഹായ്, ടോക്കിയോ വിപണികള്‍ പച്ചയിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ആയാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ നിക്ഷേപക സ്ഥാപന (എഫ്ഐഐ) ചൊവ്വാഴ്ച 1,725.11 കോടി രൂപയുടെ ഇക്വിറ്റി വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഇന്നലെ സെൻസെക്‌സ് 152.12 പോയിന്റ് അഥവാ 0.23 ശതമാനം ഉയർന്ന് 65,780.26 എന്ന നിലയിലെത്തി. നിഫ്റ്റി 46.10 പോയിന്റ് അഥവാ 0.24 ശതമാനം ഉയർന്ന് 19,574.90 ൽ അവസാനിച്ചു.
