പുതിയ ഉയരങ്ങളില്‍ ജാഗ്രത, പണപ്പെരുപ്പ കണക്ക് ഇന്ന്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • യുഎസില്‍ ടെക് ഓഹരികള്‍ക്ക് മികച്ച നേട്ടം
  • ഏഷ്യന്‍ വിപണികള്‍ സമ്മിശ്രം

Update: 2023-09-12 02:22 GMT

ചരിത്രം സൃഷ്ടിച്ച കരുത്തോടെയാണ് ആഭ്യന്തര ഓഹരി വിപണികള്‍ ഇന്നലെ പുതിയ വാരത്തിന് തുടക്കമിട്ടത്. നിഫ്റ്റി ആദ്യമായി 20,000 പോയിന്‍റിന് മുകളിലേക്ക് നീങ്ങി. തുടര്‍ച്ചയായ ഏഴാം ദിനത്തിലേക്ക് നീങ്ങിയ റാലിയില്‍ കൂടുതല്‍ കരുത്തുറ്റ നേട്ടമാണ് ഇന്നലെ ഉണ്ടായത്. ബിഎസ്ഇ സെൻസെക്‌സ് 528 പോയിന്റ് ഉയർന്ന് 67,127ലും നിഫ്റ്റി 176 പോയിന്റ് ഉയർന്ന് 19,996 എന്ന റെക്കോർഡ് ക്ലോസിലും അവസാനിച്ചു.

ഒരാഴചയ്ക്കു ശേഷം വിദേശ നിക്ഷേപകര്‍ ഇന്നലെ വാങ്ങലിലേക്ക് തിരിച്ചെത്തി. ആഭ്യന്തര തലത്തിലെ പോസിറ്റിവ് ട്രെന്‍ഡിനൊപ്പം ആഗോള തലത്തിലെ പോസിറ്റിവ് പ്രവണതകളും ഇന്നലെ കൂടിച്ചേര്‍ന്നു. ഡല്‍ഹി വിളംബരത്തോടെ ജി 20 ഉച്ചകോടി സമാപിച്ചതും ഇന്ത്യക്കും മിഡില്‍ ഈസ്‍റ്റിനും യൂറോപ്പിനും ഇടയില്‍ പ്രഖ്യാപിക്കപ്പെട്ട പുതിയ സാമ്പത്തിക ഇടനാഴിയുമാണ് വിപണികളെ നയിച്ച ഒരു മുഖ്യ ഘടകം. 

ഇന്ന് ഓഗസ്റ്റിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പുറത്തുവരും. ആര്‍ബിഐ-യുടെ സഹന പരിധിക്ക് മുകളിലായിരിക്കും ഓഗസ്റ്റിലെ വിലക്കയറ്റം, ജൂലൈയിലെ കണക്കിനെ അപേക്ഷിച്ച് കുറവുമായിരിക്കും. എങ്കിലും 7 ശതമാനത്തിന് മുകളിലേക്ക് പണപ്പെരുപ്പം രേഖപ്പെടുത്തിയാല്‍ അത് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കും.

ജൂലൈയിലെ വ്യാവസായിക ഉല്‍പ്പാദനം സംബന്ധിച്ച കണക്കും ഇന്നറിയാം. ജൂണില്‍ മൂന്ന് മാസത്തിലെ താഴ്ന്ന നിലയിലേക്ക് വ്യാവസായിക ഉല്‍പ്പാദനത്തിലെ വളര്‍ച്ച എത്തിയിരുന്നു. യുഎസ് പണപ്പെരുപ്പം സംബന്ധിച്ച കണക്കും പുറത്തുവരാനിരിക്കുകയാണ്. ഏഴു ദിവസത്തെ റാലിക്ക് ശേഷം ജാഗ്രതാ പൂര്‍ണമായ സമീപനത്തിലേക്ക് നിക്ഷേപകര്‍ നീങ്ങാനുള്ള സാധ്യതയും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്. 

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 19,902-ലും തുടർന്ന് 19,868-ലും 19,814-ലും സപ്പോര്‍ട്ട് നേടുമെന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, 20,011 പ്രധാന റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. തുടർന്ന് 20,045 ഉം 20,100 ഉം.

ആഗോള വിപണികളില്‍ ഇന്ന്

ഏഷ്യന്‍ വിപണികള്‍ സമ്മിശ്രമായ തലത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ഹോംഗ്കോംഗ്, ഷാങ്ഹായ് വിപണികള്‍ ഇടിവിലും  ടോക്കിയോ, തായ്വാന്‍ വിപണികള്‍ നേട്ടത്തിലുമാണ്.

 യുഎസ് വിപണികള്‍ തിങ്കളാഴ്ച നേട്ടത്തിലായിരുന്നു. എസ്&പി 500 0.67 ശതമാനം ഉയർന്നപ്പോള്‍ നാസ്‌ഡാക്ക് 1.14 ശതമാനവും ഡൗ ജോൺസ് ഇൻഡസ്‌ട്രിയൽ ആവറേജ് 0.25 ശതമാനവും ഉയര്‍ച്ച പ്രകടമാക്കി. ടെക് കമ്പനികള്‍ യുഎസ് വിപണികളില്‍ മികച്ച നേട്ടം കൊയ്തു. എഐ പരീക്ഷണങ്ങള്‍ സംബന്ധിച്ച ശുഭാപ്തി വിശ്വാസം ഉയര്‍ന്നതാണ് ഇതിന് പ്രധാന കാരണം. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. 

ഇന്ന്  നേട്ടത്തോടെയാണ് ഗിഫ്റ്റ് നിഫ്റ്റിയില്‍ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണി സൂചികകളുടെയും തുടക്കം നേട്ടത്തിലാകും എന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

മിഷ്‌ടാൻ ഫുഡ്‌സ്: കമ്പനി 7.4 കോടി കൺവേർട്ടിബിൾ ഇക്വിറ്റി വാറന്റുകൾ ഇഷ്യൂ ചെയ്യും, ഓരോ വാറന്റും കമ്പനിയുടെ ഒരു ഇക്വിറ്റി ഷെയറാക്കി മാറ്റാനാകും. പ്രമോട്ടർ അല്ലാത്തവർക്ക് വാറന്റിന് 13.50 രൂപ നിരക്കിൽ 18 മാസത്തേക്ക് വാറന്റുകൾ നൽകും. ഇതിലൂടെ 99.90 കോടി രൂപ സമാഹരിക്കും. കൂടാതെ പ്രമോട്ടർമാരിൽ നിന്ന് കൺവേർട്ടിബിൾ ഡെറ്റ് വഴി 200 കോടി രൂപ സമാഹരിക്കുമെന്നും കമ്പനി അറിയിച്ചു.

ഐസിഐസിഐ ബാങ്ക്: സന്ദീപ് ബക്ഷിയെ 2023 ഒക്ടോബർ 4 മുതൽ 2026 ഒക്‌ടോബർ 3 വരെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വീണ്ടും നിയമിക്കുന്നതിന് ആർബിഐ അംഗീകാരം നൽകി. 2023 ഓഗസ്റ്റ് 30-ന് നടന്ന വാർഷിക പൊതുയോഗത്തിൽ, ഓഹരി ഉടമകൾ നിയമനത്തിന് അംഗീകാരം നൽകിയിരുന്നു. 

ഗുഫിക് ബയോസയൻസസ്:  ഓസ്‌ട്രേലിയയിലെ തെറാപ്പിറ്റിക് ഗ്രൂപ്പ് അഡ്മിനിസ്‌ട്രേഷൻ (ടിജിഎ), ബ്രസീലിലെ നാഷണൽ ഹെൽത്ത് സർവൈലൻസ് ഏജൻസി (അൻവിസ) എന്നിവയിൽ നിന്ന് ഗുഫിക്കിന്‍റെ ഇഞ്ചക്ഷന്‍ മരുന്നിന് അംഗീകാരം ലഭിച്ചു.

കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്): കൊണ്ടാപൂർ ഹെൽത്ത് കെയറിന്റെ 13.24 ശതമാനം ഓഹരി കൂടി കിംസ് 20 കോടി രൂപയ്ക്ക് ഏറ്റെടുത്തു. കമ്പനി ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. കിംസിന്‍റെ മൊത്തം ഇക്വിറ്റി ഓഹരി 19.86 ശതമാനമാണ്.

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: രാജസ്ഥാനിൽ ഒരു അന്തർ-സംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം പ്രോജക്റ്റ് സ്ഥാപിക്കുന്നതിനുള്ള കരാര്‍ പവര്‍ ഗ്രിഡ് നേടി. 

റിലയന്‍സ് ഇന്‍ഡസ്ട്രീസ്: ഉപകമ്പനിയായ റിലയന്‍സ് റീട്ടെയിലില്‍ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ 2069 .50 കോടി രൂപയുടെ നിക്ഷേപം കൂടി നടത്തുമെന്ന് റിലയന്‍സ് അറിയിച്ചു. ഇതിലൂടെ കെകെആറിന്‍റെ ഓഹരി വിഹിതം 1.42 ശതമാനമായി ഉയരും 

ക്രൂഡ് ഓയിലും സ്വര്‍ണവും

സൗദി അറേബ്യയും റഷ്യയും ഉല്‍പ്പാദനത്തിലെ പുതിയ വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിച്ചതിലൂടെ കഴിഞ്ഞ ആഴ്ച ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയ എണ്ണ വിലയിൽ തിങ്കളാഴ്ച കാര്യമായ മാറ്റമുണ്ടായില്ല. ബ്രെന്റ് ക്രൂഡ് വില ബാരലിന് 12 സെൻറ് ഉയർന്ന് 90.77 ഡോളറായും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 8 സെൻറ് ഉയർന്ന് 87.59 ഡോളറായും മാറി. 

 യുഎസ് പണപ്പെരുപ്പ കണക്കുകള്‍ വരുന്നതിന് മുന്നോടിയായി ഡോളറിനുണ്ടായ ഇടിവില്‍ സ്വർണ്ണം തിങ്കളാഴ്ച ഉയർന്നു, ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും മികച്ച നിലയിലാണ് സ്വര്‍ണം. സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം ഉയർന്ന്  ഔൺസിന് 1,922.84 ഡോളറിലെത്തി, അതേസമയം യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 1,949.6 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ വരവ്

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 1,473.09 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വാങ്ങി, അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 366.24 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 97.07 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഇന്നലെ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 6.89 കോടി രൂപയുടെ അറ്റ വാങ്ങലും എഫ്‍പിഐകള്‍ നടത്തി. 

Tags:    

Similar News