633 കോടി രൂപയുടെ ഭേൽ കരാർ; കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി കുതിക്കുമോ?
പ്രതിരോധ മേഖലയിലെ പുതിയ കരാറുകൾ കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികൾക്ക് നേട്ടമാകുമോ?
ഇന്ത്യൻ പ്രതിരോധ നിർമ്മാണ രംഗത്ത് കൊച്ചിൻ ഷിപ്പ്‌യാർഡ് സ്ഥാനം ശക്തമാക്കുകയാണ്. അത്യാധുനിക സെൻസറുകൾ, ആയുധ സംവിധാനങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവയുടെ വിതരണത്തിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് കമ്പനി 633 കോടി രൂപയുടെ കരാറാണ് നൽകിയത്. ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി നിർമിക്കുന്ന പുതിയ വെസ്സലുകൾ ഉൾപ്പെടെയുള്ള നിർണായക പ്രതിരോധ പദ്ധതികൾ കൊച്ചിൻ ഷിപ്പ്യാർഡിൻ്റെ മുന്നേറ്റത്തിൽ പ്രധാന ചുവടുവയ്പ്പാകും.
പ്രതിരോധരംഗത്തെ 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിന് പിന്തുണ നൽകുന്ന മുന്നേറ്റമാണിത്. 22,000 കോടി രൂപയിലധികം വരുന്ന ഓർഡർ ബുക്കുള്ള കൊച്ചിൻഷിപ്പ്യാർഡിന്റെ പുരോഗതിക്ക് പുതിയ പ്രോജക്റ്റ് സഹായകരമാകും. റിപ്പോർട്ട് കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികളിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
ഹ്രസ്വകാല-ദീർഘകാല സാധ്യതകൾ
കൊച്ചിൻ ഷിപ്പ്യാർഡിൻ്റെ മൊത്തം ഓർഡർ ബുക്കിനെ അപേക്ഷിച്ച് നോക്കുമ്പോൾ കുറവാണെങ്കിലും പുതിയ കരാർ പ്രതിരോധ രംഗത്ത് ഒരു പോസിറ്റീവ് തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഓഹരികളിൽ നേരിയ മുന്നേിത്തിന് കാരണമായേക്കാം. ദീർഘകാലാടിസ്ഥാനത്തിൽ ഭേൽ പോലുള്ള പ്രധാന പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള സഹകരണം കൊച്ചിൻ ഷിപ്പ്യാർഡിന് നിർണായകമാകും. ഇത്തരം കരാറുകൾ കൊച്ചിൻ ഷിപ്പ്യാർഡിൻ്റെ വരുമാനവും ലാഭവും വർധിപ്പിക്കും. പ്രോജക്റ്റിലെ മുന്നേറ്റത്തിന് അനുസരിച്ച് 2025–2027 സാമ്പത്തിക വർഷങ്ങളിൽ സ്ഥിരമായ വരുമാന വളർച്ചയും മികച്ച നിക്ഷേപക വരുമാനവും ഉയരുമെന്നാണ് വിലയിരുത്തൽ. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പ്രതിരോധ രംഗത്തെ പ്രോജക്റ്റുകൾ കൂടുതൽ വളർച്ചക്ക് വഴി തെളിച്ചേക്കാം.
