വരുമാന പ്രഖ്യാപനങ്ങള്‍, യുദ്ധം, ചൈനീസ് വളര്‍ച്ച; ഈയാഴ്ച ദലാല്‍ തെരുവിനെ സ്വാധീനിക്കുക എന്തൊക്കെ?

  • നിഫ്റ്റി 50- യില്‍ മൊത്തം 40 ശതമാനം വെയ്റ്റേജുള്ള കമ്പനികളുടെ റിസള്‍ട്ടുകള്‍ ഈയാഴ്ച
  • ക്രൂഡ്, സ്വര്‍ണ വിലകള്‍ മുന്‍പോട്ട്
  • എഫ്ഐഐകള്‍ വില്‍പ്പന തുടരുന്നു

Update: 2023-10-15 04:12 GMT

കയറ്റിറക്കങ്ങള്‍ മാറിമാറി വന്ന ആഭ്യന്തര വിപണി സൂചികകള്‍ അര ശതമാനം നേട്ടമുണ്ടാക്കിയാണ് കഴിഞ്ഞ വാരത്തിന് അവസാനം കുറിച്ചത്. സെപ്‌റ്റംബർ പാദത്തിലെ വരുമാനം സംബന്ധിച്ച പോസിറ്റീവ് പ്രതീക്ഷകൾ, ഉപഭോക്തൃ വില പണപ്പെരുപ്പത്തിലെ ഇടിവ്, ആരോഗ്യകരമായ വ്യാവസായിക ഉൽപ്പാദനം എന്നിവ വിപണിയിലെ പോസിറ്റിവ് വികാരങ്ങളെ പിന്തുണച്ചു. എന്നിരുന്നാലും ഉയർന്ന യുഎസ് പണപ്പെരുപ്പം,  ഐടി കമ്പനികളുടെ വരുമാന മാർഗനിർദേശത്തിലുണ്ടായ വെട്ടിക്കുറയ്ക്കല്‍, ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം എന്നിവ നിക്ഷേപകരില്‍ ആശങ്കയുണര്‍ത്തി.

ഒക്റ്റോബര്‍ 13ന് അവസാനിച്ച ആഴ്ചയില്‍ നിഫ്റ്റി 100 പോയിന്റ് ഉയർന്ന് 19,751 ലും ബിഎസ്‌ഇ സെൻസെക്‌സ് 287 പോയിന്റ് ഉയർന്ന് 66,283 ലും എത്തി.  നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾ ക്യാപ് 100 സൂചികകളും അര ശതമാനം വീതം ഉയർന്നു.

ടെക്‌നോളജിയും പൊതുമേഖലാ ബാങ്കുകളും ഒഴികെയുള്ള മിക്ക മേഖലകളും നേട്ടത്തില്‍ ക്ലോസ് ചെയ്തു, റിയൽറ്റിയും ഓട്ടോയും യഥാക്രമം 4 ശതമാനത്തിന്‍റെയും 3 ശതമാനത്തിന്‍റെയും റാലിയോടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.

കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങള്‍ തന്നെയാകും വരും വാരത്തില്‍ വിപണിയിലെ ചലനങ്ങളെ നിര്‍ണയിക്കുന്ന പ്രധാന ഘടകം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂരിഭാഗം മേഖലകളുടെയും സെപ്റ്റംബര്‍ പാദ റിപ്പോര്‍ട്ട് മികച്ചതാകുമെന്ന പ്രതീക്ഷയാണ് വിപണിക്കുകള്ളത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ എങ്ങനെ മുന്നോട്ടുപോകും എന്നതിലും നിക്ഷേപകര്‍ ശ്രദ്ധ വെക്കുന്നുണ്ട്. യുഎസ് ഫെഡ് റിസര്‍വ് ചെയർമാന്‍ ജെറോം പവ്വലിന്‍റെ പ്രസംഗം, ചൈനയുടെ ജിഡിപി സംഖ്യകൾ, എണ്ണ വില എന്നിവയും ഈയാഴ്ച വിപണികളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്.

കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങള്‍

ഓട്ടോമൊബൈല്‍, ധനകാര്യം, ഓയിൽ & ഗ്യാസ് തുടങ്ങിയ മേഖലകളിൽ മികച്ച രണ്ടാം പാദ ഫലങ്ങളുണ്ടാകുമെന്ന പ്രതീക്ഷയില്‍ വിപണി പങ്കാളികൾ വരുമാന സീസണിനെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ഇൻഡസ്‌ഇൻഡ് ബാങ്ക്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, നെസ്‌ലെ ഇന്ത്യ, എൽടിഐമൈൻഡ് ട്രീ, അൾട്രാടെക് സിമന്റ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്  എന്നിങ്ങനെ നിഫ്റ്റി 50- യില്‍ മൊത്തം 40 ശതമാനം വെയ്റ്റേജുള്ള  കമ്പനികള്‍ ഈ വാരത്തില്‍ തങ്ങളുടെ ത്രൈമാസ സ്‌കോർകാർഡുകള്‍ പുറത്തിറക്കും 

കൂടാതെ, ജിയോ ഫിനാൻഷ്യൽ സർവീസസ്, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐഡിബിഐ ബാങ്ക്, ആർബിഎൽ ബാങ്ക്, യെസ് ബാങ്ക്, പേടിഎം, സിയറ്റ്, സിയന്റ് ഡിഎൽഎം, ഐസിഐസിഐ സെക്യൂരിറ്റീസ്, യാത്ര ഓൺലൈൻ, ഹാപ്പിസ്റ്റ് മൈൻഡ്സ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ്, എൽ ആൻഡ് ടി ടെക്നോളജി , സിൻജീൻ ഇന്റർനാഷണൽ, ടാറ്റ എൽക്‌സി, പെർസിസ്റ്റന്റ് സിസ്റ്റംസ്, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്, കോഫോർജ്, പിവിആർ ഐനോക്സ്, വോൾട്ടാസ്, സിഎസ്ബി ബാങ്ക്, ജെഎസ്ഡബ്ല്യു എനർജി, എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സ് എന്നിവയും ഈ വാരത്തില്‍ തങ്ങളുടെ സെപ്റ്റംബര്‍ പാദ ഫലങ്ങള്‍ പുറത്തുവരും. 

യുദ്ധവും എണ്ണവിലയും

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം കൂടുതല്‍ കാലത്തേക്കും മേഖലകളിലേക്കും വ്യാപിക്കുന്നത് വിപണികളെയും നിക്ഷേപങ്ങളെയും രൂക്ഷമായി ബാധിക്കും. യുദ്ധം ഇന്ധന വിലയെ ബാധിക്കുമെന്ന ആശങ്ക കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്. പശ്ചിമേഷ്യാ പ്രതിസന്ധി ഇന്ത്യ-മിഡിൽ ഈസ്റ്റ് -യൂറോപ്പ് സാമ്പത്തിക ഇടനാഴി ( ഐ എം ഇ സി ) വികസിപ്പിക്കാനായുള്ള നീക്കത്തിന് തടസ്സമാവുകയില്ലന്ന പ്രത്യാശയും അവര്‍ പങ്കുവെച്ചു.  മൊറോക്കോയിലെ മാരാക്കേച്ചില്‍ ജി 20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരെയും (എഫ്എംസിബിജി) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. . 

കൂടാതെ, ജി-7 എണ്ണവില പരിധി ലംഘിച്ചതിനെത്തുടർന്ന് റഷ്യയുടെ ക്രൂഡ് കയറ്റുമതിക്കെതിരായ ഉപരോധം യുഎസ് കർശനമാക്കിയെന്ന വാർത്തയും എണ്ണവിലയിലെ റാലിക്ക് ആക്കം കൂട്ടി. എണ്ണവിലയുടെ അന്താരാഷ്‌ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ആഴ്‌ചയിൽ ബാരലിന് 7.5 ശതമാനം ഉയർന്ന് 90.89 ഡോളറിലെത്തി. 

യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ സ്വര്‍ണം വലിയ മുന്നേറ്റമാണ് നടത്തുന്നത്. ശനിയാഴ്ച സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം പവന് 1120 രൂപ വര്‍ധിച്ച് 44,320 രൂപ എന്ന നിരക്കിലെത്തി. ഗ്രാമിന് 140 രൂപ ഉയര്‍ന്ന് 5540 രൂപയായി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നീങ്ങുന്നത് ഓഹരി വിപണി ഉള്‍പ്പടെയുള്ള മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് തിരിച്ചടിയാകും. 

വരാനിരിക്കുന്ന ഡാറ്റകള്‍

സെപ്റ്റംബറിലെ ഇന്ത്യയുടെ മൊത്തവില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ സംഖ്യകൾ ഒക്ടോബർ 16-ന് പുറത്തുവിടും, ഇത് ആഗസ്റ്റിലെ (-0.52) ശതമാനത്തിൽ നിന്ന് സെപ്റ്റംബറില്‍ 0.7 ശതമാനമായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. 

കൂടാതെ, ഒക്ടോബർ 6 ന് അവസാനിച്ച രണ്ടാഴ്ചയിലെ ബാങ്ക് വായ്പയുടെയും നിക്ഷേപത്തിന്‍റെയും കണക്കുകള്‍, ഒ ക്ടോബർ 13 ന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ കരുതൽ ശേഖരത്തിന്‍റെ കണക്ക് എന്നിവ ഒക്ടോബർ 20ന് പുറത്തിറങ്ങും. 

ജൂലൈ- സെപ്റ്റംബര്‍ പാദത്തിലെ ചൈനയുടെ ജിഡിപി സംബന്ധിച്ച കണക്കുകള്‍ ഒക്റ്റോബര്‍ 17ന് പുറത്തുവരും. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ കോവിഡ് 19ല്‍ നിന്നുള്ള വീണ്ടെടുപ്പില്‍ വേഗം കൈവരുക്കുന്നില്ലെങ്കില്‍ അത് ആഗോള വിപണികളില്‍ പ്രതിഫലിക്കും. 

വിദേശ നിക്ഷേപങ്ങളുടെ ഗതി

യുഎസിലെ ബോണ്ട് യീൽഡ് വർധിച്ചത് കഴിഞ്ഞയാഴ്ചയും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയ്ക്ക് ഇടയാക്കി. തുടർച്ചയായ മൂന്നാം മാസവും എഫ്ഐഐകള്‍ ഇന്ത്യയിൽ അറ്റ ​​വിൽപ്പനക്കാരായി തുടരുകയാണ്. എന്നാല്‍ യുഎസ് ബോണ്ട് ആദായവും ഡോളര്‍ സൂചികയും ഇടിവിനുള്ള പ്രവണത പ്രകടമാക്കുന്നത് വരും ദിവസങ്ങളിൽ ആഭ്യന്തര വിപണികളിലെ എഫ്ഐഐ വില്‍പ്പ കുറയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പക്ഷേ, ഇസ്രായേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, തുടർന്നും വില്‍പ്പന കാര്യമായി നടക്കാമെന്നതും തള്ളിക്കളയാനാവില്ല.

എഫ്‌ഐ‌ഐകൾ കഴിഞ്ഞയാഴ്ച ക്യാഷ് സെഗ്‌മെന്റിൽ 2,200 കോടി രൂപയുടെ ഓഹരികൾ വിറ്റു, നിലവില്‍ ഒക്റ്റോബറിലെ മൊത്തം പുറത്തേക്കൊഴുക്ക് 10,600 കോടി രൂപയായി. എന്നിരുന്നാലും ഈ മാസത്തിൽ ഏകദേശം 8,400 കോടി രൂപയുടെ ഓഹരികൾ വാങ്ങി ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇതിന്‍റെ ആഘാതത്തെ വലിയ തോതിൽ നികത്തി.

Tags:    

Similar News