ക്രൂഡ് വില താഴോട്ട്, ഏഷ്യന്‍ വിപണികള്‍ സമ്മിശ്രം; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- എഫ്ഒഎംസി യോഗം ഇന്ന് തുടങ്ങുന്നു
- തിങ്കളാഴ്ച വ്യാപാരത്തില്‍ യുഎസ് വിപണികള്‍ക്ക് മുന്നേറ്റം
- ഗിഫ്റ്റ് നിഫ്റ്റി തുടങ്ങിയത് നേട്ടത്തില്‍
ആറു ദിവസത്തെ കനത്ത വില്‍പ്പനയ്ക്കുശേഷം തുടര്‍ച്ചയായ രണ്ടാം സെഷനിലും ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വളര്‍ച്ച പ്രകടമാക്കി. ബിഎസ്ഇ സെൻസെക്‌സ് 330 പോയിന്റ് ഉയർന്ന് 64,113ലും നിഫ്റ്റി50 94 പോയിന്റ് ഉയർന്ന് 19,141ലും എത്തി. പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് നിക്ഷേപകര്‍ വിടുതല്‍ നേടുന്നു എന്നതിന്‍റെ സൂചനകള്‍ വിപണിയിലുണ്ട്. എന്നാല്‍, യുദ്ധ സാഹചര്യങ്ങള്‍ കടുക്കുകയോ ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയോ ചെയ്താല്‍ സ്ഥിതിഗതികള്‍ മാറും.
ഇന്ന് ആരംഭിക്കുന്ന യുഎസ് ഫെഡ് റിസര്‍വ് പണനയ സമിതി യോഗമാണ് ആഗോള തലത്തില്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന സംഭവ വികാസം. ഫെഡ് റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ലെന്നാണ് ഭൂരിപക്ഷം വിദഗ്ധരും കരുതുന്നത്.
ഉയര്‍ന്ന നിരക്കുകള്‍ എപ്പോള്‍ മുതല്‍ താഴ്ന്നു തുടങ്ങുമെന്നറിയാനും യുഎസ് സമ്പദ് വ്യവസ്ഥയെ കേന്ദ്രബാങ്ക് എങ്ങിനെ നോക്കിക്കാണുന്നു എന്നറിയാനുമാണ് നിക്ഷേപകര്‍ കാത്തിരിക്കുന്നത്. അതിനാല്‍ രണ്ടു ദിവസത്തെ യോഗത്തിന് ശേഷം ഫെഡ് ചീഫ് ജെറോം പവ്വല്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധ നേടും. ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ യോഗങ്ങളും ഈ വാരത്തില്‍ നടക്കുന്നുണ്ട്.
ആഭ്യന്തര തലത്തില്‍ കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങള്‍ സമ്മിശ്രമായ വികാരങ്ങളാണ് ഇതുവരെ നിക്ഷേപകരില്‍ സൃഷ്ടിച്ചിട്ടുള്ളത്. പല പ്രമുഖ കമ്പനികളുടെയും വരുമാന പ്രഖ്യാപനങ്ങള്‍ ഈ വാരത്തില്‍ വരാനിരിക്കെ അതും വിപണിയിലെ ചലനങ്ങള്‍ക്ക് ഇടയാക്കും.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
ഏതാനും ദിവസങ്ങളില്‍ ഒരു പരിധിക്കുള്ളിലെ കണ്‍സോളിഡേഷനാണ് വിപണികളില്‍ കാണാനാകുക എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍, നിഫ്റ്റി 19,300 ന് മുകളിലേക്ക് പോയാല്‍ റാലി നിലനില്‍ക്കാനിടയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
നിഫ്റ്റി 18,996-ലും തുടർന്ന് 18,945-ലും 18,861-ലും പിന്തുണ നേടിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,163 പ്രധാന പ്രതിരോധം ആകാം, തുടർന്ന് 19,215 ഉം 19,298 ഉം.
ആഗോള വിപണികളില്‍ ഇന്ന്
ഏഷ്യ-പസഫിക് വിപണികള്‍ സമ്മിശ്രമായ തലത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. ജപ്പാനിലെ നിക്കി ഇടിഞ്ഞപ്പോൾ ടോപിക്സ് നേട്ടത്തിലാണ്. ദക്ഷിണ കൊറിയയുടെ കോസ്പി നേട്ടമുണ്ടാക്കി, കോസ്ഡാക്ക് താഴ്ന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചികയുടെയും ചൈനയുടെ ഷാങ്ഹായ് സൂചികയുടെയും ഫ്യൂച്ചറുകള്‍ ഇടിവിലാണ്. ഓസ്‌ട്രേലിയയിൽ, എസ്&പി/എഎസ്എക്സ് 200 നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ദിവസ വ്യാപാരത്തില്‍ തിങ്കളാഴ്ച യുഎസിലെ മൂന്ന് പ്രമുഖ വിപണികളും നേട്ടത്തിലാണ്. ഇതിനു ശേഷം രാത്രി വ്യാപാരത്തിനിടെ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ ഫ്ലാറ്റ് ലൈനിന് സമീപം തുടര്‍ന്നു. എസ് & പി 500 ഫ്യൂച്ചറുകൾ 0.04 ശതമാനവും നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.06 ശതമാനവും കുറഞ്ഞു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകൾ വെറും 10 പോയിന്റ് അഥവാ 0.03 ശതമാനം ഉയർന്നു.
യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവില്‍ നേട്ടത്തിലായിരുന്നു.
ഗുജറാത്തിലെ ഗിഫ്റ്റ് നിഫ്റ്റിയില്‍ ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര ഓഹരി വിപണികളുടെയും തുടക്കം ഫ്ളാറ്റായോ പോസിറ്റിവായോ ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ടിവിഎസ് മോട്ടോർ കമ്പനി: സെപ്റ്റംബര്‍ പാദത്തിൽ 536.55 കോടി രൂപ ലാഭം രേഖപ്പെടുത്തി, മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 31.7 ശതമാനം വര്‍ധന. ഈ പാദത്തിൽ പ്രവർത്തന വരുമാനം 12.8 ശതമാനം വർധിച്ച് 8,145 കോടി രൂപയിലെത്തി, വിൽപ്പന അളവ് 5 ശതമാനം ഉയർന്ന് 10.74 ലക്ഷം യൂണിറ്റിലെത്തി.
ടാറ്റ മോട്ടോഴ്‌സ്: നിർത്തലാക്കപ്പെട്ട സിംഗൂർ പ്ലാന്റിലെ നിക്ഷേപത്തിനുള്ള നഷ്ടപരിഹാരമായി 766 കോടി രൂപയും പലിശയും നേടുന്നതിനുള്ള അനുകൂല വിധി ഈ ടാറ്റാ ഗ്രൂപ്പ് കമ്പനിക്ക് ലഭിച്ചു.
ഡിഎല്‍എഫ്: സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ ഏകീകൃത ലാഭം 30.6 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 622.8 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം ഈ പാദത്തിൽ 3.5 ശതമാനം വർധിച്ച് 1,347.7 കോടി രൂപയായി. എബിറ്റ്ഡ മാര്‍ജിനിന്‍റെ ആരോഗ്യകരമായ വളര്‍ച്ചയാണ് പ്രകടമാകുന്നത്.
മാരിക്കോ: കുറഞ്ഞ ഇൻപുട്ട് ചിലവിന്‍റെയും ആരോഗ്യകരമായ എബിറ്റ്ഡ പ്രകടനത്തിന്‍റെയും പിൻബലത്തിൽ, ജൂലൈ-സെപ്റ്റംബർ കാലയളവിലെ ഏകീകൃത ലാഭം 17.3 ശതമാനം വർധന രേഖപ്പെടുത്തി 360 കോടി രൂപയായി. പ്രവർത്തന വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 0.8 ശതമാനം ഇടിഞ്ഞ് 2,476 കോടി രൂപയായി.
ക്രൂഡ് ഓയിലും സ്വര്‍ണവും
ഇസ്രായേൽ ഗാസ മുനമ്പിലേക്ക് കരസേനയെ അയച്ചതിന് ശേഷവും എണ്ണ വില കുറഞ്ഞു. എഫ്ഒഎംസി യോഗത്തിന്‍റെ ഫലങ്ങള്‍ക്കായി നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് 2.8 ശതമാനം ഇടിഞ്ഞ് ബാരലിന് 87.89 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകൾ ബാരലിന് 3.5 ശതമാനം ഇടിഞ്ഞ് 82.57 ഡോളറിലെത്തി.
യുദ്ധത്തിന്‍റെ സാഹചര്യത്തില്‍ 2000 ഡോളറിന് മുകളിലേക്ക് കുതിച്ച സ്വര്‍ണം അല്‍പ്പം താഴോട്ടേക്ക് വന്നെങ്കിലും ശക്തമായ നിലയില്‍ തുടരുന്നു. സ്‌പോട്ട് ഗോൾഡ് 0.4 ശതമാനം കുറഞ്ഞ് ഔൺസിന് 1,998.47 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.4 ശതമാനം ഉയർന്ന് 2,005.60 ഡോളറിലെത്തി.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം
