ജുൻജുൻവാല പിന്തുണയ്‌ക്കുന്ന ഡിബി റിയൽറ്റി ക്യുഐപി വഴി 1,500 കോടി സമാഹരിക്കും

  • ക്യുഐപിയുടെ അടിസ്ഥാന വലുപ്പം 1,000 കോടി രൂപയായിരിക്കും
  • 500 കോടി രൂപ അധികമായി സമാഹരിക്കുന്നതിനുള്ള ഗ്രീൻഷൂ ഓപ്ഷനുമുണ്ട്
  • ഓഹരിയൊന്നിന് 258 രൂപ

Update: 2024-03-08 11:39 GMT

മുംബൈ ആസ്ഥാനമായുള്ള ഡിബി റിയൽറ്റി ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെൻ്റ് വഴി 1,500 കോടി രൂപ വരെ സമാഹരിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 258 രൂപ നിരക്കിലായിരിക്കും ഇഷ്യൂ.

ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക ബിസിനസ് വികസനത്തിനും കടം തിരിച്ചടവിനും ഉപയോഗിക്കും. കമ്പനിയിൽ അന്തരിച്ച രാകേഷ് ജുൻജുൻവാലയുടെ കുടുംബത്തിന് 4.98 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

ക്യുഐപിയുടെ അടിസ്ഥാന വലുപ്പം 1,000 കോടി രൂപയായിരിക്കും. മാത്രമല്ല 500 കോടി രൂപ അധികമായി സമാഹരിക്കുന്നതിനുള്ള ഗ്രീൻഷൂ ഓപ്ഷനുമുണ്ട്. മൊത്തം കമ്പനിയുടെ 10.4 ശതമാനം ഓഹരികളാണിത്. നിലവിൽ ഡിബി റിയൽറ്റിയുടെ ഓഹരി വില 282 രൂപയാണ്. ഓഹരി വിലയിൽ നിന്നും 8.5 ശതമാനം കിഴിവിലാണ് ഇഷ്യൂ വില.

മാർച്ച് 7 ന്, ക്യുഐപിയുടെ ഫ്ലോർ വിലയായി 270.87 രൂപയ്ക്ക് ബോർഡ് അംഗീകാരം നൽകിയതായും ഇഷ്യൂ വില അംഗീകരിക്കാൻ ബോർഡ് മാർച്ച് 13-നോ അതിനുശേഷമോ യോഗം ചേരുമെന്നും ഡിബി റിയൽറ്റി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ, അറിയിച്ചു.

കമ്പനിയുടെ ഹോസ്പിറ്റാലിറ്റി ബിസിനസ്സ് വിഭജിക്കാനുള്ള നിർദ്ദേശത്തിന് ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയതായി കഴിഞ്ഞ മാസം ഡിബി റിയൽറ്റി അറിയിച്ചിരുന്നു. റെഗുലേറ്ററി ഫയലിംഗിൽ, ഹോട്ടൽ ബിസിനസും ആസ്തികളും അടങ്ങുന്ന ഹോസ്പിറ്റാലിറ്റി ബിസിനസ്സ് വിഭജിക്കാനുള്ള നിർദ്ദേശം ഡയറക്ടർ ബോർഡ് പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തതായി കമ്പനി വ്യക്തമാക്കി.

ഗോവൻ ഹോട്ടൽസ് ആൻഡ് റിയൽറ്റി പ്രൈവറ്റ് ലിമിറ്റഡ് (പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനം), ബിഡി ആൻഡ് പി ഹോട്ടൽസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (അനുബന്ധ സ്ഥാപനം), ബാംബൂ ഹോട്ടൽ ആൻഡ് ഗ്ലോബൽ സെൻ്റർ (ഡൽഹി) പ്രൈവറ്റ് ലിമിറ്റഡ് (കമ്പനിയുടെ ഒരു അസോസിയേറ്റ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു ഉൾപ്പെടുന്നു.

രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നാണ് ഡി ബി റിയൽറ്റി. കമ്പനി പ്രധാനമായും മുംബൈ മെട്രോപൊളിറ്റൻ റീജിയണിലാണ് (എംഎംആർ) പ്രവർത്തിക്കുന്നത്.

ഫണ്ട് സ്വരൂപിക്കുന്നതിനായി കമ്പനി 2022-ൽ ജുൻജുൻവാലയ്ക്കും പ്രൊമോട്ടർമാർ ഉൾപ്പെടെയുള്ള മറ്റ് നിക്ഷേപകർക്കും വാറണ്ട് ഇഷ്യൂ ചെയ്തിരുന്നു. 2023-ൽ ഈ വാറൻ്റുകൾ പൂർണമായും ഓഹരികളാക്കി മാറ്റിയതോടെ കമ്പനി മൊത്തം 1,544 കോടി രൂപ സമാഹരിച്ചു, അത് കമ്പനിയുടെ കടം കുറയ്ക്കാൻ സഹായിച്ചു.

ഡിസംബർ 31 ന് അവസാനിച്ച ഒമ്പത് മാസങ്ങളിൽ, ഡിബി റിയൽറ്റി മുൻവർഷത്തെ 77 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 1,330 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് റിപ്പോർട്ട് ചെയ്തത്.

Tags:    

Similar News