ഇടിവ് തുടരുന്നു, 65000ന് താഴെ ക്ലോസ് ചെയ്ത് സെന്‍സെക്സ്
- ഐടി ഓഹരികളില്‍ വലിയ വില്‍പ്പന
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവില്‍
ആഗോള സൂചികകളും പുതിയ വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും കാരണം ആഭ്യന്തര ഓഹരിവിപണി സൂചികകൾ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 281.10 പോയിന്റ് അഥവാ 0.43 ശതമാനം താഴ്ന്ന് 64,869.92ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 82.90 പോയിന്റ് അഥവാ 0.43 ശതമാനം താഴ്ന്ന് 19,282.35ല്‍ എത്തി. ഐടി ഓഹരികളില്‍ വലിയ വില്‍പ്പന പ്രകടമായി.
സെൻസെക്‌സ് പാക്കിൽ നിന്ന്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, നെസ്‌ലെ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ലാർസൻ ആൻഡ് ടൂബ്രോ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടത്. റിലയന്‍സ് ഇന്‍റസ്ട്രീസ്, സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റിവ് ആയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 1,510.86 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്ഇ ബെഞ്ച്മാർക്ക് 388.40 പോയിന്റ് അല്ലെങ്കിൽ 0.59 ശതമാനം ഇടിഞ്ഞ് 65,151.02 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 99.75 പോയിന്റ് അഥവാ 0.51 ശതമാനം ഇടിഞ്ഞ് 19,365.25ലാണ് അവസാനിച്ചിരുന്നത്.
