ആഗോള വിപണികളില്‍ ഇടിവ്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Update: 2023-08-23 02:17 GMT

ആഭ്യന്തര ഓഹരിവിപണികളില്‍ അനിശ്ചിതത്വവും ചാഞ്ചാട്ടവുമാണ് നിഴലിക്കുന്നത്. ഇന്നലെ പോസിറ്റിവായി തുടങ്ങിയ വിപണി അവസാന മണിക്കൂറുകളിലേക്ക് എത്തുമ്പേഴേക്കും നേട്ടങ്ങള്‍ കൈവിട്ട് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 3.94 പോയിന്റ് അഥവാ 0.0060 ശതമാനം ഉയർന്ന് 65,220.03ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 4.10 പോയിന്റ് അഥവാ 0.021 ശതമാനം ഇടിഞ്ഞ് 19,389.50ൽ എത്തി.

കഴിഞ്ഞ വാരത്തിന്‍റെ തുടക്കം മുതൽ നിഫ്റ്റി50 ഏകദേശം 200-250 പോയിന്റുകളുടെ പരിധിയിലാണ്. ബെഞ്ച്മാർക്ക് സൂചിക  പ്രസ്തുത ശ്രേണിയിൽ തന്നെ തുടരുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നു. പൈവറ്റ് പോയിന്‍റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റിക്ക് 19,383ലും തുടർന്ന് 19,369ലും 19,345ലും സപ്പോര്‍ട്ട് ലഭിച്ചേക്കുമെന്നാണ്. ഒരു ഉയർച്ചയുണ്ടായാൽ, 19,431 ലാണ് പ്രധാന റെസിസ്റ്റന്‍സ് കണക്കാക്കുന്നത്, തുടർന്ന് 19,446ലും 19,469ലും ആണ് റെസിസ്റ്റന്‍സ്.

യുഎസ് ബോണ്ട് വരുമാനം 15 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും ഫെഡ് റിസര്‍വ് പലിശ നിരക്കിനെ സംബന്ധിച്ച ആശങ്കയും വിദേശ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വെല്ലുവിളികളും യുഎസ് ബാങ്കിംഗ് പ്രതിസന്ധിയും ആഗോള വിപണികളില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണികള്‍ക്കും ഇതില്‍ നിന്ന് മാറിനില്‍ക്കാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐടി, ഫാര്‍മ മേഖലകളിലെ ഓഹരികളില്‍ ഇതിന്‍റെ പ്രത്യാഘാതം ഉണ്ടായേക്കും. 

ഏഷ്യന്‍ വിപണികള്‍ അനിശ്ചിതത്വം 

ഇന്ന് ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ തളര്‍ച്ച സംബന്ധിച്ച ഡാറ്റകള്‍ക്കു പുറമേ മറ്റു പ്രധാന സമ്പദ് വ്യവസ്ഥകളില്‍ നിന്നും അശുഭകരമായ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഓഗസ്റ്റിൽ ജപ്പാന്റെ ഫാക്ടറി പ്രവർത്തനം ചുരുങ്ങി. ഓസ്‌ട്രേലിയയുടെ ബിസിനസ്സ് പ്രവർത്തനം 19 മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് പ്രകടമാക്കി.

ഓസ്‌ട്രേലിയയുടെ S&P/ASX 200 , ജപ്പാനിലെ നിക്കി 225, ടോപ്പിക്സ് , ദക്ഷിണ കൊറിയയുടെ കോസ്‌പി, കോസ്‌ഡാക്ക്,ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ് , ചൈനയുടെ ഷാങ്ഹായ് സൂചികകളെല്ലാം ഇടിവിലാണ് തുടങ്ങിയത്. എങ്കിലും പിന്നീട് ഈ വിപണികളില്‍ കയറ്റിറക്കങ്ങള്‍ പ്രകടമാകുന്നുണ്ട്. തായ്വാന്‍ വിപണി തുടക്കം മുതല്‍ നേട്ടം പ്രകടമാക്കുന്നു. 

യുഎസ് സൂചികകൾ ചൊവ്വാഴ്ച മിക്കവാറും നഷ്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 174.86 പോയിൻറ് അഥവാ 0.51 ശതമാനം ഇടിഞ്ഞ് 34,288.83 ലും എസ് ആന്റ് പി 500 12.22 പോയിൻറ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 4,387.55 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 8.28 പോയിന്റ് അഥവാ 0.06 ശതമാനം ഉയർന്ന് 13,505.87 എന്ന നിലയിലെത്തി.

 24 പോയിന്റ് നേട്ടത്തോടെയാണ് ഇന്ന് ഗിഫ്റ്റ് നിഫ്റ്റിയില്‍ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണി സൂചികകളുടെ തുടക്കം പോസിറ്റിവ് ആയിരിക്കുമെന്നാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്ന സൂചന. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്: ടിവിഎസ് മൊബിലിറ്റി ഗ്രൂപ്പിനു കീഴിലുള്ള കമ്പനി ഇന്ന് ബിഎസ്ഇയിലും എൻഎസ്ഇയിലും അരങ്ങേറ്റം കുറിക്കും. ഇഷ്യൂ വില ഒരു ഷെയറിനു 197 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

പിരമൽ എന്റർപ്രൈസസ്: 3,000 കോടി രൂപ വരെയുള്ള നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) പബ്ലിക് ഇഷ്യൂ നടത്തുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു. ഒന്നോ അതിലധികമോ ഘട്ടങ്ങളായിട്ടാകും ഇഷ്യൂ നടത്തുക.

ബിഇഎംഎല്‍: ഇന്ത്യൻ സൈന്യത്തിന് കമാൻഡ് പോസ്റ്റ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് നേടിയതായി പൊതുമേഖലയിലുള്ള ബിഇഎംഎല്‍ അറിയിച്ചു. 101 കോടിയുടേതാണ് ഓർഡർ.

റൈറ്റ്സ്: റെയിൽവേ ബോർഡില്‍ നിന്ന് ഏകദേശം 65.4 കോടി രൂപയുടെ കരാര്‍ കമ്പനി സ്വന്തമാക്കി. ഇന്ത്യൻ റെയിൽവേയ്‌ക്കായി റെയിലുകളുടെ പരിശോധന കമ്പനി നടത്തും. അഞ്ചുവര്‍ഷത്തേക്കുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടാവുന്നതുമാണ്.

ഹിൻഡാൽകോ ഇൻഡസ്ട്രീസ്: ചെമ്പ്, ഇ-മാലിന്യങ്ങള്‍ എന്നിവയുടെ പുനരുപയോഗ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഹിൻഡാൽകോ ഇൻഡസ്ട്രീസ് 2,000 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് കമ്പനിയുടെ 64-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) സംസാരിക്കവെ കമ്പനിയുടെ ചെയർമാൻ കുമാര മംഗലം ബിർള അറിയിച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തെ യൂണിറ്റായിരിക്കും ഇത്.

വിസ്‍താര: ടാറ്റ എസ്‌ഐ‌എ എയർലൈൻസ് ലിമിറ്റഡ് അഥവാ വിസ്താര 2022-23 വർഷത്തെ അറ്റ ​​നഷ്ടം 1,393 കോടി രൂപയാണെന്ന് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന് നൽകിയ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 2021-22 ൽ റിപ്പോർട്ട് ചെയ്ത 2,031 കോടി രൂപയുടെ അറ്റനഷ്ടത്തേക്കാൾ 31.4 ശതമാനം കുറവാണ് ഇത്. വരുമാനം ഇരട്ടിയായതാണ് അറ്റനഷ്ടം കുറച്ചത്. 

വിദേശ ഫണ്ടുകളുടെ വരവ്

ഇന്നലെ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 495.17 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 533.75 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 1277.22 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് ഇന്നലെ ഇക്വിറ്റികളില്‍ നടത്തിയത്. അതേസമയം ഡെറ്റ് വിപണിയില്‍ 2227.22 കോടി രൂപയുടെ അറ്റ വാങ്ങലും എഫ്‍പിഐകള്‍ നടത്തി.

ക്രൂഡ് ഓയിലും സ്വര്‍ണവും

വിതരണം വെട്ടിക്കുറയ്ക്കുന്നതിന്‍റെ ആഘാതത്തെ ചൈനയില്‍ നിന്നുള്ള ആവശ്യകത കുറയുന്നത് പരിമിതപ്പെടുത്തിയതിനാല്‍ ചൊവ്വാഴ്ച എണ്ണ വില ഏറക്കുറേ സ്ഥിരത പ്രകടമാക്കി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 13 സെൻറ് ഉയർന്ന് ബാരലിന് 80.85 ഡോളറിലും ബ്രെന്റ് ക്രൂഡ് 9 സെൻറ് ഉയർന്ന് ബാരലിന് 84.55 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.

ശക്തമായ ഡോളറും ഉയർന്ന ബോണ്ട് വരുമാനവും, ചൊവ്വാഴ്ച ആഗോള വിപണിയില്‍ സ്വർണ്ണ വിലയെ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു.  സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,890.39 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.4 ശതമാനം ഉയർന്ന് 1,930.90 ഡോളറിലെത്തി.

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

Tags:    

Similar News