'ഒക്ടോബര്‍ ഷോക്ക് ' ; വിദേശ ഫണ്ടുകള്‍ വിറ്റഴിച്ചത് 26000 കോടിയുടെ ഇന്ത്യന്‍ ഓഹരികള്‍

  • ഒക്ടോബര്‍ മാസത്തില്‍ സ്വദേശി ഫണ്ടുകള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് പരിപൂര്‍ണ പിന്തുണ നല്‍കി
  • ഇസ്രായേല്‍-ഹമാസ് യുദ്ധം വിദേശി ഫണ്ടുകളെ ഇന്ത്യന്‍ ഓഹരികള്‍ വില്‍ക്കാന്‍ പ്രേരിപ്പിച്ച ഘടകമാണ്
  • ഇതിനു മുന്‍പ് വിദേശ ഫണ്ടുകള്‍ ഇത്രയധികം വില്‍പ്പന നടത്തിയ മാസം 2023 ജനുവരിയായിരുന്നു

Update: 2023-10-30 09:44 GMT

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ അതിവേഗം വിറ്റഴിക്കുന്ന കാഴ്ചയ്ക്കാണു ഒക്ടോബര്‍ മാസം സാക്ഷ്യം വഹിച്ചത്.

സെപ്റ്റംബര്‍ പാദത്തില്‍ ചില വമ്പന്‍ കമ്പനികളില്‍ നിന്നുള്ള നിരാശജനകമായ വരുമാനമാണ് പ്രധാന കാരണം. അതോടൊപ്പം ഇസ്രായേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകളും ഇതിനു കാരണമായി പറയപ്പെടുന്നു.

768.4 ദശലക്ഷം ഡോളറിന്റെ ഓഹരികള്‍ വിറ്റു

ബ്ലൂംബെര്‍ഗ് സമാഹരിച്ച ഏറ്റവും പുതിയ കണക്ക്പ്രകാരം വിദേശ ഫണ്ടുകള്‍ ഒക്ടോബര്‍ 26 വ്യാഴാഴ്ച മാത്രം 768.4 ദശലക്ഷം ഡോളറിന്റെ ഇന്ത്യന്‍ ഓഹരികളാണു വിറ്റത്. 2022 ജൂണിനു ശേഷം ഇതാദ്യമായിട്ടാണു വിദേശ ഫണ്ടുകള്‍ ഒറ്റ ദിവസം ഇത്രയധികം ഇന്ത്യന്‍ ഓഹരികള്‍ വില്‍ക്കുന്നത്.

ഒക്ടോബര്‍ 23-26 വ്യാഴാഴ്ച വരെയുള്ള ഒരാഴ്ചയ്ക്കിടെ വിദേശ ഫണ്ടുകള്‍ വിറ്റഴിച്ചത് 120 കോടി ഡോളറിന്റെ ഇന്ത്യന്‍ ഓഹരികളാണെന്ന് ബ്ലൂംബെര്‍ഗ് പറയുന്നു.

27 ഒക്ടോബര്‍ വരെ 26000 കോടി രൂപയുടെ വില്‍പ്പന

2023 ഒക്ടോബര്‍ 27 വരെ ഏകദേശം 26,598.73കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വിദേശ ഫണ്ടുകള്‍ വിറ്റു. ഇതിനു മുന്‍പ് വിദേശ ഫണ്ടുകള്‍ ഇത്രയധികം വില്‍പ്പന നടത്തിയ മാസം 2023 ജനുവരിയായിരുന്നു. അന്ന് 41,464.73 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികളാണ് വിറ്റത്.

സ്വദേശി ഫണ്ടുകള്‍ ഓഹരികള്‍ സ്വന്തമാക്കി

വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ ഒക്ടോബര്‍ മാസത്തില്‍ സ്വദേശി ഫണ്ടുകള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് പരിപൂര്‍ണ പിന്തുണ നല്‍കുന്ന കാഴ്ചയാണ് കണ്ടത്. അവര്‍ 23,437.14 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ഇസ്രായേല്‍-ഹമാസ് യുദ്ധം

ഇസ്രായേല്‍-ഹമാസ് യുദ്ധം വിദേശി ഫണ്ടുകളെ ഇന്ത്യന്‍ ഓഹരികള്‍ വില്‍ക്കാന്‍ പ്രേരിപ്പിച്ച ഘടകമാണ്.

ഇസ്രായേലും ഹമാസുമായിട്ടാണു യുദ്ധമെങ്കിലും ഈ പ്രശ്‌നത്തിലേക്ക് ഇറാനും ഇടപെടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം ക്രൂഡ് ഓയില്‍ വില ഒരു ബാരലിന് 100 ഡോളറിനടുത്തെത്താന്‍ കാരണമായി. അതിലൂടെ നെഗറ്റീവ് വികാരം വര്‍ധിക്കാനും ഇടയായി.

ഇതിനിടെ യുഎസ് ട്രഷറി ബോണ്ടുകളില്‍ നിന്നുള്ള വരുമാനം അഞ്ച് ശതമാനത്തിനും മുകളിലേക്ക് ഉയരുകയുണ്ടായി. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം ആദ്യമായിട്ടാണ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം അഞ്ച് ശതമാനത്തിനും മുകളിലേക്ക് ഉയര്‍ന്നത്. ഇതാകട്ടെ, നിക്ഷേപകരെ അപകട സാധ്യതയുള്ള ആസ്തികളില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് യുഎസ് ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു.

Tags:    

Similar News