എഫ്‌ഐഐ വില്‍പ്പന ; നിഫ്റ്റി19500-ന് താഴെ
- മിക്ക സെക്ടര്‍ സൂചികകളും ചുവപ്പില്‍
- ബ്രെന്‍റ് ക്രൂഡ് 89.63 ഡോളറില്‍
- സ്വര്‍ണം ഔണ്‍സിന് ഏഴു ഡോളറോളം താഴ്ന്ന് 1820.87 ഡോളറില്‍
മൂന്നു ദിവസം തുടര്‍ച്ചയായ അടച്ചു കിടന്ന ഇന്ത്യന്‍ ഓഹരി വിപണി ഒക്ടോബര്‍ മൂന്നിന് തുറന്നപ്പോള്‍ ശക്തമായ വില്‍പ്പനയാണ് ദൃശ്യമായത്. ശക്തമായ ഡോളറും മെച്ചപ്പെട്ട ബോണ്ട് യീല്‍ഡും യു എസ് പലിശനിരക്കു സംബന്ധിച്ച ആശങ്കകളുമൊക്കെ വില്‍പ്പനയ്ക്ക് കാരണമായി. ഇന്ത്യയുള്‍പ്പെടെയുള്ള എമര്‍ജിംഗ് രാജ്യങ്ങളിലെ റിസ്‌ക് ഒഴിവാക്കുകയെന്ന സമീപനത്തില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വന്‍ വില്‍പ്പനയിലാണ്.
മാത്രവുമല്ല, ചരിത്രം പരിശോധിച്ചാല്‍ ഒക്ടോബറില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വില്‍പ്പനക്കാരോ നിക്ഷേപം നടത്താത്തവരോ ആണ്. അതായത് വിപണിയില്‍നിന്നു ഏതാണ്ട് മാറി നില്‍ക്കുന്ന സമീപനമാണ് അവരുടേത്. ഇനി കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ അടിസ്ഥാനത്തിലായിരിക്കും അവര്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുക.
വിപണിയുടെ എല്ലാ മേഖലയിലും ശക്തമായ വില്‍പ്പനയാണ് ദൃശ്യമായിട്ടുള്ളത്. സെന്‍സെക്‌സ് സൂചിക തുടക്കത്തില്‍ നാനൂറിലധികം പോയിന്റിന്റെ ഇടിവാണ് കാണിച്ചത്. രാവിലെ പത്തു മണിക്ക് ഇതേ അവസ്ഥയില്‍ തുടരുകയാണ്.
രാവിലെ 1962 പോയിന്റില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി 19491 പോയന്റ് വരെ താഴ്ന്നശേഷം 19500 പോയിന്റിന് ചുറ്റളവിലാണ്. വെള്ളിയാഴ്ചത്തെ ക്ലോസിംഗായ 19638 പോയിന്റിനേക്കാള്‍ 150 പോയിന്റോളം താഴ്ന്നാണ് നിഫ്റ്റിയുടെ നീക്കം.
സെക്ടര്‍ സൂചികകള്‍
മിക്ക സെക്ടര്‍ സൂചികകളും ചുവപ്പിലാണ്. ബാങ്ക് നിഫ്റ്റി 236 പോയിന്റും നിഫ്റ്റ് ഐടി 277 പോയിന്റും നിഫ്റ്റി ഓട്ടോ 151 പോയിന്റും നിഫ്റ്റി എഫ്എംസിജി 55 പോയിന്റും നിഫ്റ്റി മെറ്റല്‍ 50 പോയിന്റും താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
നിഫ്റ്റി 100, മിഡ്കാപ്, സ്മാൾ കാപ് തുടങ്ങിയ മറ്റ് വിപണി സൂചികകള്‍ 0.3 മുതല്‍ 0.9 ശതമാനം വരെ താഴ്ചയിലാണ് നീങ്ങുന്നത്.
ഒഎന്‍ജിസി ( 3.65 ശതമാനം), ഐഷര്‍ മോട്ടോഴ്‌സ് (3.51 ശതമാനം), ഹിന്‍ഡാല്‍കോ (3 ശതമാനം), മാരുതി സുസുക്കി ( 2.67 ശതമാനം), ഹീറോ മോട്ടോ ( 2 ശതമാനം) തുടങ്ങിയവയാണ് ഏറ്റവും നഷ്ടം കാണിച്ച ഓഹരികള്‍.
നേട്ടമുണ്ടാക്കിയവയില്‍ ഹിന്ദുസ്ഥാന്‍ ലീവര്‍ (1.14 ശതമാനം), അദാനി പോര്‍ട്‌സ് ( 0.73 ശതമാനം), അള്‍ട്രാ ടെക് ( 0.41 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് ( 0.38 ശതമാനം), ആക്‌സിസ് ബാങ്ക് (0.3 ശതമാനം), ഇന്‍ഡസ് ഇന്‍ഡ് ( 0.34 ശതമാനം) തുടങ്ങിയ രാവിലെ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ ഉള്‍പ്പെടുന്നു.
ആഗോള വിപണി
ജാപ്പനീസ് നിക്കി ഉള്‍പ്പെടെ എല്ലാ ഏഷ്യന്‍ വിപണികളും ചുവപ്പിലാണ് നീങ്ങുന്നത്. നിക്കി 477 പോയിന്റും സ്‌ട്രെയിറ്റ് ടൈംസ് 26 പോയിന്റും ഹാംഗ്‌സാങ് 531 പോയിന്റും തായ് വാന്‍ വെയിറ്റഡ് 34 പോയിന്റും താഴെയാണ്. കോസ്പിയും ജാക്കര്‍ത്ത കോംപോസിറ്റും ഷാങ്ഹായ് കോംപോസിറ്റും നേരിയ തോതില്‍ മെച്ചപ്പെട്ടു നില്‍ക്കുകയാണ്.
ബ്രെന്റ് ക്രൂഡ് ബാരലിന് 89.63 ഡോളറിലാണ്. ഇന്നലെത്തേക്കാള്‍ 1.07 ഡോളര്‍ കുറവാണിത്. ക്രൂഡോയില്‍ വില 81 സെന്റ് താഴ്ന്ന് 88.01 ഡോളറിലാണ്. ചൈനീസ് സാമ്പത്തിക വളര്‍ച്ച അടുത്തവര്‍ഷം കുറയുമെന്ന ലോകബാങ്കിന്റെ വിലയിരുത്തലാണ് ക്രൂഡോയിലില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടാക്കുന്നത്. മാത്രവുമല്ല, സൗദി ക്രൂഡ് ഉത്പാദനം വെട്ടിക്കുറച്ചിട്ടും ഒപ്പെക് ഉത്പാദനം കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രതിദിനം 1.2 ദശലക്ഷം കണ്ടു വര്‍ധന കാണിച്ചിരിക്കുകയാണ്. യുഎസ് ഉത്പാദനവും പ്രതിദിനം 13 ദശലക്ഷം ബാരലിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇറാന്‍ ഉത്പാദനം 2018 നിലയിലേക്കും ഉയര്‍ന്നു.
സ്വര്‍ണം ഔണ്‍സിന് ഏഴു ഡോളറോളം താഴ്ന്ന് 1820.87 ഡോളറിലാണ്.
