എഫ്‍ഐഐകള്‍ വാങ്ങലുകാരായി, ക്രൂഡ് വില വീണ്ടും കയറി; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • ഗിഫ്റ്റ് നിഫ്റ്റി നേരിയ നേട്ടത്തോടെ തുടങ്ങി
  • യുഎസ് വിപണികള്‍ മികച്ച നേട്ടത്തില്‍
  • ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര തലത്തില്‍

Update: 2024-01-30 02:39 GMT

കഴിഞ്ഞയാഴ്ചയിലെ വലിയ ഇറക്കത്തില്‍ നിന്നുള്ള ശക്തമായ വീണ്ടെടുപ്പോടെയാണ് ഇന്നലെ ആഭ്യന്തര വിപണികള്‍ പുതിയ വാരത്തിന് തുടക്കമിട്ടത്. ഇരു ബെഞ്ച്മാര്‍ക്ക് സൂചികകളും 1.8 ശതമാനം വീതം കയറി. ആഗോള വിപണികളില്‍ നിന്നുള്ള സൂചനകള്‍ക്കൊപ്പം ബജറ്റിനു മുന്നോടിയായുള്ള കണക്കുകൂട്ടലുകളും വിലയിരുത്തലുകളും വരുന്ന സെഷനുകളില്‍ വിപണിയിലെ ചലനങ്ങളെ നിയന്ത്രിക്കും.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,516 ലും തുടർന്ന് 21,437 ലും  ഉടനടി പിന്തുണ നേടാന്‍ ഇടയുണ്ട് എന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, അത് 21,768ലും തുടർന്ന് 21,850ലും 21,977ലും ഉടനടി പ്രതിരോധം കാണാനിടയുണ്ട്.

ആഗോള വിപണികളില്‍ ഇന്ന് 

മികച്ച നേട്ടത്തോടെയാണ് യുഎസ് വിപണികള്‍ തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത് ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 224.02 പോയിൻ്റ് അഥവാ 0.59 ശതമാനം ഉയർന്ന് 38,333.45 എന്ന നിലയിലെത്തി. എസ് ആൻ്റ് പി 500 36.96 പോയിൻ്റ് അഥവാ 0.76 ശതമാനം ഉയർന്ന് 4,927.93 ലും നാസ്ഡാക്ക് കോമ്പോസിറ്റ് 172.68 പോയിൻ്റ് അഥവാ 1.12 ശതമാനം ഉയർന്ന് 15,628.04 ലും എത്തി.

എഷ്യ പസഫിക് വിപണികളില്‍ സമ്മിശ്ര തലത്തിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാനിന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലും ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് എന്നിവ ഇടിവിലുമാണ്. 

ഗിഫ്റ്റ് നിഫ്റ്റി 17 പോയിന്‍റ് നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കം ഫ്ലാറ്റായോ പൊസിറ്റിവായോ ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

ഐടിസി: ഈ ബഹുമുഖ കമ്പനിയുടെ മൂന്നാം പാദത്തിലെ സ്‍റ്റാൻഡ് എലോൺ അറ്റാദായം 10.75 ശതമാനം വാര്‍ഷിക വളർച്ചയോടെ 5,572 കോടി രൂപയായി. സിഗരറ്റ്, എഫ്എംസിജി വിഭാഗങ്ങള്‍ വഴിയുള്ള വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 1.6 ശതമാനം വർധിച്ച് 16,483.3 കോടി രൂപയായി.

ബജാജ് ഫിനാൻസ്: ഉയർന്ന വായ്പാ നഷ്ടങ്ങളും നീക്കിവെക്കലും ഉണ്ടായിരുന്നിട്ടും, ബാങ്കിംഗ് ഇതര ഫിനാൻസ് കമ്പനിയുടെ ഒക്ടോബർ-ഡിസംബർ കാലയളവിലെ ഏകീകൃത അറ്റാദായം 22 ശതമാനം വാര്‍ഷിക വളർച്ചയോടെ 3,639 കോടി രൂപയായി. അറ്റ ​​പലിശ വരുമാനം 29 ശതമാനം വർധിച്ച് 7,655 കോടി രൂപയായി.

വോഡഫോൺ ഐഡിയ: ഡിസംബറിൽ അവസാനിച്ച 6,986 കോടി രൂപയുടെ അറ്റ ​​നഷ്ടം രേഖപ്പെടുത്തി. മുൻ പാദത്തിലെ 8,738 കോടി രൂപയുടെ നഷ്ടം മാർജിൻ മെച്ചപ്പെടുത്തിക്കൊണ്ട് ചുരുക്കാനായി. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ഈ പാദത്തിലെ വരുമാനം  0.4 ശതമാനം ഇടിഞ്ഞ് 10,673.1 കോടി രൂപയായി.

പെട്രോനെറ്റ് എൽഎൻജി: സർക്കാർ ഉടമസ്ഥതയിലുള്ള ദ്രവീകൃത പ്രകൃതിവാതക കമ്പനി ഒക്ടോബർ-ഡിസംബർ കാലയളവിൽ 1,213 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി, ആരോഗ്യകരമായ പ്രവർത്തനത്തിന്‍റെ  പിൻബലത്തിൽ മുൻ പാദത്തെ അപേക്ഷിച്ച് 41.7 ശതമാനം വര്‍ധന നേടാനായി. പ്രവർത്തന വരുമാനം ത്രൈമാസത്തിൽ 17.7 ശതമാനം വർധിച്ച് 14,747.2 കോടി രൂപയായി.

മാരിക്കോ: എഫ്എംസിജി കമ്പനിയുടെ ഏകീകൃത അറ്റാദായം  ഡിസംബറിൽ അവസാനിച്ച പാദത്തിൽ 386 കോടി രൂപയായി രേഖപ്പെടുത്തി. മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം വർധന. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം ഏകദേശം 2 ശതമാനം ഇടിഞ്ഞ് 2,422 കോടി രൂപയായി. ഈ പാദത്തിലെ ആഭ്യന്തര വോളിയം വളർച്ച 2 ശതമാനമാണ്.

പിരാമൽ എൻ്റർപ്രൈസസ്: ഒക്ടോബർ-ഡിസംബർ കാലയളവിൽ കമ്പനി 2,377.6 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് രേഖപ്പെടുത്തിയത്, മുൻ വർഷം ഇതേ കാലയളവിൽ ഇത് 3,545.4 കോടി രൂപയായിരുന്നു.  പ്രവർത്തന വരുമാനം ഏകദേശം 12 ശതമാനം ഇടിഞ്ഞ് 2,476 കോടി രൂപയായി.

ക്രൂഡ് ഓയില്‍ വില

മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘര്‍ഷ സാഹചര്യം ഇന്ധന വിതരണ ആശങ്കകൾ സൃഷ്ടിക്കുന്നതിനാല്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തിൻ്റെ തുടക്കത്തിൽ എണ്ണ വില ഉയർന്നു. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ  25 സെൻ്റ് അഥവാ 0.3% ഉയർന്ന് ബാരലിന് 82.65 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് 31 സെൻറ് അഥവാ 0.4 ശതമാനം ഉയർന്ന് ബാരലിന് 77.09 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ വില്‍പ്പനയ്ക്ക് ശേഷം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) ഇന്നലെ അറ്റ വാങ്ങലുകാരായി, 110.01 കോടി രൂപയുടെ ഓഹരികൾ കരസ്ഥമാക്കി. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) ഇന്നലെ  3,221.34 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയെന്നും എന്‍എസ്ഇ ഡാറ്റ വ്യക്തമാക്കുന്നു. 

ഓഹരി വിപണി വാര്‍ത്തകള്‍

അറിയാന്‍നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News