ഓഗസ്റ്റില്‍ ഇതുവരെ എഫ്‍പിഐകളുടെ ഇക്വിറ്റി നിക്ഷേപം 8,400 കോടി രൂപ
- കഴിഞ്ഞ മൂന്നു മാസങ്ങളിലും 40,000 കോടിക്ക് മുകളിലായിരുന്നു നിക്ഷേപം
- ഈ വർഷം ഇതുവരെ ഇക്വിറ്റി വിപണിയിലെ നിക്ഷേപം 1.31 ലക്ഷം കോടി
ആഗോള വിപണിയിലെ അനിശ്ചിതത്വം, ചൈനയിലെ സാമ്പത്തിക ആശങ്കകൾ, ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരത എന്നിവ കാരണം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം തുടരുകയാണ്. ഈ മാസം ഇതുവരെ ഇന്ത്യൻ ഇക്വിറ്റികളിൽ എഫ്‌പിഐകള്‍ ഏകദേശം 8,400 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.
ചൈനയിലെ ഉപഭോക്തൃ ആവശ്യകത കുറയുകയും ആഗോള സാമ്പത്തിക വെല്ലുവിളി നേരിടുകയും ചെയ്യുന്നത് പ്രാദേശിക ഓഹരികളില്‍ ചലനമുണ്ടാക്കുകയും എഫ്‍പിഐകളുടെ ഒഴുക്ക് മുന്നോട്ട് പോകുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസർച്ച് (റീട്ടെയിൽ) മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.
ഡിപ്പോസിറ്ററികളിലെ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് 1 മുതൽ 18 വരെ എഫ്‍പിഐകൾ ഇന്ത്യൻ ഇക്വിറ്റികളിൽ 8,394 കോടി രൂപ നിക്ഷേപിച്ചു. എന്നിരുന്നാലും, ഓഗസ്ത് ആദ്യവാരം, എഫ്‍പിഐകൾ ഇക്വിറ്റികളിൽ നിന്ന് 2,000 കോടിയിലധികം രൂപ പിൻവലിച്ചിരുന്നു. യുഎസിനുള്ള ക്രെഡിറ്റ് റേറ്റിംഗ് ഫിച്ച് താഴ്ത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
ജൂൺ പാദത്തിലെ പ്രതീക്ഷിച്ചതിലും മികച്ച കോര്‍പ്പറേറ്റ് വരുമാനം എഫ്‍പിഐകള്‍ക്ക് നല്ല പിന്തുണ നൽകിയെന്ന് മോണിംഗ്‌സ്റ്റാർ ഇന്ത്യയുടെ മാനേജർ റിസർച്ച് അസോസിയേറ്റ് ഡയറക്ടർ ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.
ആഗോള തലത്തിലെ ബൃഹദ് സാമ്പത്തിക ഘടകങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസങ്ങളിലും എഫ്‍പിഐകള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടരുകയാണ്. കൂടാതെ കഴിഞ്ഞ മൂന്ന് മാസങ്ങളിൽ (മെയ്, ജൂൺ, ജൂലൈ) എഫ്‍പിഐ വരവ് 40,000 കോടി രൂപയ്ക്കു മുകളിലായിരുന്നു.
ജൂലൈയിൽ 46,618 കോടി രൂപയും ജൂണിൽ 47,148 കോടി രൂപയും മേയിൽ 43,838 കോടി രൂപയുമാണ് അറ്റ നിക്ഷേപം. മാർച്ചിന് മുമ്പ്, ജനുവരിയിലും ഫെബ്രുവരിയിലുമായി 34,626 കോടി രൂപ പിൻവലിച്ചു.
ഓഗസ്റ്റില്‍ ഇതുവരെ എഫ്‍പിഐകൾ ഡെറ്റ് മാർക്കറ്റിൽ 4,646 കോടി രൂപ നിക്ഷേപിച്ചു. ഈ വർഷം ഇതുവരെ ഇക്വിറ്റി വിപണിയിലെ നിക്ഷേപം 1.31 ലക്ഷം കോടി രൂപയിലെത്തി, അതേസമയം 25,000 കോടി രൂപയാണ് ഡെറ്റിലെ എഫ്‍പിഐ നിക്ഷേപം.
ധനകാര്യ സേവനങ്ങൾ, എണ്ണ, വാതകം , ഐടി സേവനങ്ങൾ എന്നീ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിനാണ് എഫ്‍പിഐകള്‍ കൂടുതലായി താല്‍പ്പര്യം കാണിക്കുന്നത്.
