തുടക്കത്തില്‍ നേട്ടം; ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചാഞ്ചാട്ടത്തില്‍

  • മീഡിയ 2 ശതമാനത്തിനു മുകളില്‍ കയറി
  • ലാര്‍ജ് ക്യാപുകള്‍ക്ക് വിപണിയെ പിന്തുണയ്ക്കുമെന്ന് വിദഗ്ധര്‍
  • ഏഷ്യ പസഫിക് വിപണികള്‍ സമ്മിശ്ര തലത്തില്‍

Update: 2024-01-30 04:50 GMT

തിങ്കളാഴ്ച ഏകദേശം 1.8% വീതം ഉയർന്നതിന് ശേഷം, ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ചൊവ്വാഴ്ച വീണ്ടും പച്ചയിലാണ് തുടങ്ങിയത്. രാവിലെ 9.15ന് സെൻസെക്‌സ് 152.63 പോയിൻ്റ് അഥവാ 0.21 ശതമാനം ഉയർന്ന് 72,094.20ലും നിഫ്റ്റി 61.20 പോയിൻ്റ് അഥവാ 0.28 ശതമാനം ഉയർന്ന് 21,798.80ലും എത്തി. എന്നിരുന്നാലും, അധികം വൈകാതെ തുടക്കത്തിലെ നേട്ടങ്ങൾ ഉപേക്ഷിച്ച് സൂചികകള്‍ ഇടിവിലേക്ക് വീഴുകയും വീണ്ടും തിരികെ കയറുകയും ചെയ്തു. അനിശ്ചിതത്വമാണ് വിപണികളില്‍ നിഴലിക്കുന്നത്. 

"ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ ശക്തമായ നിക്ഷേപം , റീട്ടെയിൽ പിന്തുണ, വിപണിയുടെ തൽഫലമായുണ്ടാകുന്ന പ്രതിരോധം എന്നിവ എഫ്ഐഐകളെ അവരുടെ വിൽപ്പന കുറയ്ക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് തോന്നുന്നു. ബുധനാഴ്ചത്തെ ഫെഡ് കമൻ്ററി യുഎസ് ബോണ്ട് യീൽഡുകളെയും തൽഫലമായി എഫ്ഐഐ തന്ത്രത്തെയും സ്വാധീനിക്കും. ആര്‍ഐഎല്‍, ഭാരതി എയർടെൽ  എൽ ആൻഡ് ടി, ഐസിഐസിഐ തുടങ്ങിയ ലാര്‍ജ് ക്യാപുകള്‍ക്ക് വിപണിയെ പിന്തുണയ്ക്കാൻ കരുത്തുണ്ട്, ” ജിയോജിത് ഫിനാന്‍ഷ്യലിലെ ഇന്‍വെസ്‍റ്റ്‍മെന്‍റ് സ്ട്രാറ്റജിസ്‍റ്റ് ഡോ. വികെ വിജയകുമാർ പറഞ്ഞു.

നിഫ്റ്റിയില്‍ ബാങ്ക്, ധനകാര്യ സേവനങ്ങള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇടിവ് നേരിടുന്നത്. മീഡിയ 2 ശതമാനത്തിനു മുകളില്‍ കയറി. മെറ്റലും മികച്ച നേട്ടത്തിലാണ്. 

ഏഷ്യ പസഫിക് വിപണികളില്‍ സമ്മിശ്ര തലത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് എന്നിവ ഇടിവിലാണ്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാനിന്‍റെ നിക്കി, ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ് 

Tags:    

Similar News