ലിസ്റ്റിംഗിൽ നിരാശപ്പെടുത്തി ഫെഡ്ഫിന; ഗന്ധർ ഓയിൽ 76.33% പ്രീമിയത്തിൽ
- റോക്കിങ് ഡീൽസ് സർക്കുലർ ലിസ്റ്റിംഗ് 114 ശതമാനം പ്രീമിയത്തോടെ
- ഫെഡ്ഫിന സമാഹരിച്ചത് 1092.26 കോടി രൂപ
- ഇഷ്യൂ വഴി ഗന്ധർ ഓയിൽ 500.69 കോടി രൂപ സ്വരൂപിച്ചു
ആരോഗ്യ സംരക്ഷണ വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും വേണ്ടിയുള്ള വൈറ്റ് ഓയിൽ നിർമിക്കുന്ന ഗന്ധർ ഓയിൽ ഓഹരികൾ ഇഷ്യൂ വിലയായ 169 രൂപയിൽ നിന്നും 76.33 ശതമാനം ഉയർന്ന് 298 ൽ ലിസ്റ്റ് ചെയ്തു. നിക്ഷേപകർക്ക് ഒരു ഓഹരിയിൽ നിന്നും 129 രൂപയുടെ നേട്ടമാണ് ലഭിച്ചത്. ഇഷ്യൂ വഴി കമ്പനി 500.69 കോടി രൂപ സ്വരൂപിച്ചു.
ഇഷ്യൂ വഴി ലഭിക്കുന്ന തുകയുടെ ഭൂരിഭാഗവും കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി ഉപയോഗിക്കും. കൂടാതെ, ടെക്‌സോളിന് ലഭിച്ച 22.71 കോടി രൂപയുടെ കടം തിരിച്ചടയ്ക്കും. സിൽവാസ പ്ലാന്റിലെ ഓട്ടോമോട്ടീവ് ഓയിലിന്റെ ശേഷി വികസിപ്പിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും സിവിൽ ജോലികൾക്കുമായി 27.73 കോടി രൂപ ചെലവഴിക്കും.
ഗന്ധർ ഓയിൽ, ഡിവിയോൾ ബ്രാൻഡിന് കീഴിൽ വ്യക്തിഗത പരിചരണം, ആരോഗ്യ സംരക്ഷണം, പെർഫോമൻസ് ഓയിലുകൾ (പിഎച്പിഓ), ലൂബ്രിക്കന്റുകൾ, പ്രോസസ്സ് ആൻഡ് ഇൻസുലേറ്റിംഗ് ഓയിൽ (പിഐഓ) എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.
ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ്
നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ 1.41 കിഴിവിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 140 രൂപ, ലിസ്റ്റിംഗ് വില 138 രൂപ. ഇഷ്യൂ വഴി കമ്പനി സമാഹരിച്ചത് 1092.26 കോടി രൂപ.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക ടയർ -1 മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിന് ഭാവി മൂലധന ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും.
ആലുവ ആസ്ഥാനമായ ഫെഡ്ബാങ്ക് ഗോൾഡ് ലോണുകൾ, ഹോം ലോണുകൾ, ഭവന വായ്പ (എൽഎപി), ബിസിനസ് ലോൺ എന്നീ സേവനങ്ങൾ നൽകുന്നു. എംഎസ്എംഇകൾക്കും വളർന്നുവരുന്ന സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കുളുമാണ് ബാങ്കിലെ പ്രധാന വായ്പ ദാതാക്കൾ. സ്ഥാപനത്തിന്റെ 72 ശതമാനം ഓഹരികളും ഫെഡറൽ ബാങ്കിന്റെ ഉടമസ്ഥതയിലാണ്. ട്രൂ നോർത്ത് ഫണ്ടിന് എൻബിഎഫ്‌സിയിൽ 25.3 ശതമാനം ഓഹരികളുണ്ട്.
റോക്കിങ് ഡീൽസ് സർക്കുലർ ഇക്കണോമി ലിസ്റ്റിംഗ് 114 ശതമാനം പ്രീമിയത്തോടെ
റോക്കിങ് ഡീൽസ് സർക്കുലർ ഇക്കണോമി ഓഹരികൾ 114 ശതമാനം പ്രീമിയത്തോടെ എൻഎസ്ഇ എമെർജിൽ അരങ്ങേറ്റം കുറിച്ചു. ഇഷ്യൂ വിലയായ 140 രൂപയിൽ നിന്നും 160 രൂപ ഉയർന്ന് 300 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യൂ വഴി കമ്പനി 21 കോടി രൂപ സമാഹരിച്ചു.
പ്രവർത്തന മൂലധന ആവശ്യങ്ങൾ, ബ്രാൻഡ് പൊസിഷനിംഗ്, മാർക്കറ്റിംഗ്, പരസ്യം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവക്കായി കമ്പനി ഇഷ്യൂ തുക ഉപയോഗിക്കും.
2005-ൽ സ്ഥാപിതമായ കമ്പനി ഓപ്പൺ-ബോക്‌സ്ഡ് ഇൻവെന്ററി, റീ-കൊമേഴ്‌സ് ഉൽപ്പന്നങ്ങൾ, റീഫര്‍ബിഷ്‍ഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ബൾക്ക് ട്രേഡിംഗിൽ രംഗത്ത് പ്രവർത്തിക്കുന്നു. മറ്റ് കമ്പനികൾക്ക് അവരുടെ അധിക ചരക്കുകള്‍ എളുപ്പത്തിൽ നീക്കം ചെയ്യാനും സ്ഥലം ക്ലിയർ ചെയ്യാനും സഹായിക്കുന്ന വിവിധ സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. റോക്കിംഗ് ഡീലിന്18-ലധികം വിഭാഗങ്ങളില്‍ സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുമുണ്ട്.
