എച്ച്എഎല്‍ ഓഹരി കുതിച്ചുയര്‍ന്നു; വിപണി മൂല്യം 2 ലക്ഷം കോടി രൂപയിലെത്തി

  • രണ്ട് വര്‍ഷമായി എച്ച്എഎല്‍ ഓഹരി വിപണിയില്‍ ഇടിവ് നേരിടുകയായിരുന്നു
  • എച്ച്എഎല്ലിന്റെ ഓഹരികള്‍ 6 ശതമാനം വര്‍ധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ഉയരത്തിലെത്തി
  • തേജസ് എംകെ1എ വിമാനങ്ങളുടെ നിര്‍മാണം എച്ച്എഎല്‍ 8 ശതമാനത്തില്‍ നിന്ന് 16 ശതമാനം ആയി ഉയര്‍ത്തി

Update: 2024-01-06 05:38 GMT

തേജസ് യുദ്ധവിമാനം നിര്‍മിക്കുന്നതില്‍ പേരുകേട്ട ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന്റെ (എച്ച്എഎല്‍) ഓഹരികള്‍ ജനുവരി 5 വെള്ളിയാഴ്ച വന്‍ മുന്നേറ്റം നടത്തി.

എച്ച്എഎല്ലിന്റെ ഓഹരികള്‍ 6 ശതമാനം വര്‍ധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ഉയരത്തിലെത്തി. എച്ച്എഎല്ലിന്റെ ഓഹരി വില കുത്തനെ ഉയര്‍ന്നതോടെ വിപണി മൂല്യം ആദ്യമായി 2 ലക്ഷം കോടി രൂപയിലെത്തി.

എന്‍എസ്ഇയില്‍ എച്ച്എഎല്‍ ഓഹരി വില വെള്ളിയാഴ്ച 3078.8 രൂപയിലെത്തി. ജനുവരി 5ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി വില ക്ലോസ് ചെയ്തത് 3.26 ശതമാനം വര്‍ധനയോടെ 2,998.85 രൂപയിലാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി എച്ച്എഎല്‍ ഓഹരി വിപണിയില്‍ ഇടിവ് നേരിടുകയായിരുന്നു.

എന്നാല്‍ ജനുവരി 5 ന് പെട്ടെന്നുണ്ടായ മുന്നേറ്റം ആഗോള ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ്സിന്റെ സമീപകാല റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്.

ആഗോള പ്രതിരോധ വിപണികളില്‍ എച്ച്എഎല്ലിന് ഉയര്‍ന്ന സാധ്യതകളുണ്ടെന്ന വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് യുബിഎസ് ബ്രോക്കറേജ് എച്ച്എഎല്ലിന്റെ ഓഹരിക്ക് ' buy ' റേറ്റിംഗ് നല്‍കി.

ഇത് വെള്ളിയാഴ്ച വ്യാപാരത്തില്‍ എച്ച്എഎല്‍ ഓഹരിക്ക് ഗുണവും ചെയ്തു.

തേജസ് എംകെ1എ വിമാനങ്ങളുടെ നിര്‍മാണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് 8 ശതമാനത്തില്‍ നിന്ന് 16 ശതമാനം ആയി ഉയര്‍ത്തി. വരും മാസങ്ങളില്‍ ഇത് 24 ശതമാനം ആയി വര്‍ദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

Tags:    

Similar News