സെന്‍സെക്‌സ് 94000ത്തിലേക്കെന്ന് എച്ച്എസ്ബിസി
മെച്ചപ്പെട്ട മൂല്യനിര്‍ണയങ്ങളും ശക്തമായ ആഭ്യന്തര പിന്തുണയും ഇതിന് കാരണമാകും
സെന്‍സെക്‌സ് 94000ത്തിലെത്തുമെന്ന് എച്ച്എസ്ബിസിയുടെ പ്രവചനം. ഇന്ത്യന്‍ ഓഹരികളുടെ റേറ്റിങ് ന്യൂട്രലില്‍ നിന്ന് ഓവര്‍ വെയ്റ്റായും ഉയര്‍ത്തി. മെച്ചപ്പെട്ട മൂല്യനിര്‍ണയങ്ങളും ശക്തമായ ആഭ്യന്തര പിന്തുണയും ചൂണ്ടിക്കാട്ടിയാണ് എച്ച്എസ്ബിസിയുടെ പ്രവചനം.
2026 അവസാനത്തോടെയാണ് മുന്നേറ്റം കൈവരിക്കുകയെന്നും എച്ച്എസ്ബിസി വിശദീകരിച്ചു. നിലവില്‍ ഇന്ത്യന്‍ ഓഹരിയ്ക്ക് ഓവര്‍ വെയ്റ്റ് റേറ്റിങാണ് നല്‍കുന്നത്. ആഗോള പോര്‍ട്ട്ഫോളിയോയിലെ മറ്റ് വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാവുന്ന സമയമാണെന്ന സൂചനയാണ് ഈ റേറ്റിങിലൂടെ ഏജന്‍സി നല്‍കുന്നത്.
കുറയുന്ന പണപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച, നയ സ്ഥിരത എന്നിവ കരുത്താവുമെന്നും ഏജന്‍സി വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് വലിയ പിന്‍വാങ്ങലാണ് നടത്തിയത്. എന്നിട്ടും ആഭ്യന്തര നിക്ഷേപകര്‍ സ്ഥിരത പുലര്‍ത്തി. ഇത് വിപണിയ്ക്ക് വലിയ ഉത്തേജനമാണ് നല്‍കുന്നത്.
കൊറിയ, തായ്വാന്‍ തുടങ്ങിയ മറ്റ് ഏഷ്യന്‍ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിപണി മികച്ച് നില്‍ക്കുന്നുവെന്നും എച്ച്എസ്ബിസി വ്യക്തമാക്കി.
