ഇന്ത്യൻ ഓഹരി വിപണി; ഇന്ന് ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
ഇന്ത്യൻ ഓഹരി വിപണി മുന്നേറുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ത്യൻ വിപണിയിൽ പ്രധാന സൂചികകൾ എക്കാലത്തെയും ഉയർന്ന നിലകൾക്ക് തൊട്ടു താഴെ എത്തിയിരുന്നു . വ്യാഴാഴ്ചത്തെ സെഷൻ അവസാനിപ്പിച്ചത് റെക്കോർഡ് നിലവാരത്തോട് അടുത്താണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ മികച്ച പാദഫലം വിപണിക്ക് മൊത്തത്തിൽ ഉണർവ് നൽകുമെന്നത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു. സെൻസെക്സ് 446 പോയിന്റ് ഉയർന്ന് 85,632.68-ലെവലിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 139 പോയിന്റ് മുന്നേറി 26,192.15-എന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. രണ്ട് സൂചികകളും 2024 സെപ്റ്റംബറിലെ ഉയർന്ന നിലയിൽ നിന്ന് 0.5 ശതമാനത്തിൽ താഴെ മാത്രമാണ് വ്യാഴാഴ്ച ഉണ്ടായിരുന്നത്.
പോസിറ്റീവായ ആഭ്യന്തര സൂചനകൾ , മെച്ചപ്പെടുന്ന വരുമാന സാധ്യത, പണപ്പെരുപ്പം കുറയുന്നത്, ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി സംബന്ധിച്ച ശുഭാപ്തിവിശ്വാസം എന്നിവ ഓഹരിവിപണിയുടെ ഭാവി മുന്നേറ്റത്തിന് സഹായകരമാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. 2024-ന്റെ അവസാനത്തിലുണ്ടായ തിരുത്തലിൽ നിന്ന് സമീപകാലത്തുള്ള തിരിച്ചുവരവ് ഒരു സുപ്രധാന മാറ്റമാണ്. ശക്തമായ സമ്പദ്‌വ്യവസ്ഥ, കുറഞ്ഞുവരുന്ന പണപ്പെരുപ്പം, നികുതി കുറയ്ക്കൽ, മെച്ചപ്പെട്ട കോർപ്പറേറ്റ് വരുമാനം എന്നിവയുടെ പ്രതീക്ഷകൾ ഈ മുന്നേറ്റത്തിന് പിന്തുണ നൽകി. ആഭ്യന്തര നിക്ഷേപം അസാധാരണമാംവിധം ശക്തമായി തുടരുന്നു. റെക്കോർഡ് എസ്ഐപി സംഭാവന ആഗോള അനിശ്ചിതത്വ കാലഘട്ടങ്ങളിൽ വിദേശ നിക്ഷേപകർ പണം പിൻവലിച്ചെങ്കിലും ആഭ്യന്തര വിപണിക്ക് നേട്ടമായി.
നിഫ്റ്റി സാങ്കേതിക വിശകലനം
ഡെയ്‌ലി ചാർട്ടിൽ ശക്തമായ ബുള്ളിഷ് ഘടന നിഫ്റ്റി നിലനിർത്തുന്നു. ഉയർന്ന ഉയർച്ചകളുടെയും ഉയർന്ന താഴ്ചകളുടെയും വ്യക്തമായ പാറ്റേൺ കാണാം. 26,087-ലെ നിർണ്ണായക പ്രതിരോധ മേഖല തകർത്ത് മുന്നേറിയ ശേഷം സൂചിക നിലവിൽ 26,192-നടുത്ത് വ്യാപാരം ചെയ്യുകയാണ്. ഈ ലെവൽ പ്രധാന സപ്പോർട്ട് ലെവലായി പ്രവർത്തിക്കുന്നു.
ഇത് ഓരോ ഇടിവിലും ശക്തമായ വാങ്ങൽ താൽപ്പര്യം സൂചിപ്പിക്കുന്നു. ട്രെൻഡ്‌ലൈൻ ഘടന സൂചിപ്പിക്കുന്നത് നിലവിലെ മുന്നേറ്റം നിലനിൽക്കുന്നു എന്നാണ്, നിഫ്റ്റി 26,087-ന് മുകളിൽ നിലനിർത്തുന്നിടത്തോളം കാലം മുന്നേറ്റം തുടരാനാണ് സാധ്യത. ഉടനടിയുള്ള സപ്പോർട്ട് 25,886- 25,705-ലെവലാണ്. നിലവിലെ നിലവാരത്തിന് മുകളിൽ സൂചിക പിടിച്ചുനിർത്തുകയാണെങ്കിൽ പുതിയ ലെവലിലെത്താം. 26,200–26,300 എന്നിവ ഹ്രസ്വകാല റെസിസ്റ്റൻസ് ലെവലാണ്.
ബാങ്ക് നിഫ്റ്റി സാങ്കേതിക വിശകലനം
നിഫ്റ്റിയെ അപേക്ഷിച്ച് ബാങ്ക് നിഫ്റ്റി കൂടുതൽ ശക്തമായ മുന്നേറ്റമാണ് കാണിക്കുന്നത്, നിലവിൽ ഏകദേശം 59,347-എന്ന ലെവലിൽ വ്യാപാരം ചെയ്യുന്നു. 58,126-ലെവലിനടുത്തുള്ള 0.786 റിട്രേസ്‌മെന്റ് ഉൾപ്പെടെയുള്ള പ്രധാന ഫിബൊനാച്ചി ലെവൽ സൂചിക നി മറികടന്നു, ഇത് ശക്തമായ ബുള്ളിഷ് വികാരം സ്ഥിരീകരിക്കുന്നു. തിരുത്തലുകളിലെല്ലാം ശക്തമായ വാങ്ങൽ ദൃശ്യമാണ്. ഉ ടനടിയുള്ള റെസിസ്റ്റൻസ് ലെവൽ 59,450 മുതൽ 59,600 വരെയാണ്. ഈ ലെവൽ ഭേദിച്ചാൽ 60,000 എന്ന ലെവലിലേക്ക് സൂചിക ഉയരും. താഴ്ന്ന നിലയിൽ, 58,126-ലെവലിലും തുടർന്ന് 57,142-ലെവലിലും സപ്പോർട്ട് ലഭിക്കും. ഈ സപ്പോർട്ട് ലെവൽ ഭേദിക്കാത്തിടത്തോളം കാലം മൊത്തത്തിലുള്ള ഘടന ബുള്ളിഷ് മുന്നേറ്റം സൂചിപ്പിക്കുന്നു.
ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽസ് മേഖലയിൽ പോസിറ്റീവ് മുന്നേറ്റമുണ്ട്. എനർജി & ഓയിൽ & ഗ്യാസ് ഓഹരികൾ പോസിറ്റീവാണെങ്കിലും ഐടി മേഖല നേരിയ തോതിൽ ദുർബലമാണ്. ആഗോള ടെക് കമ്പനികളുടെ മൂല്യം സമ്മർദ്ദത്തിലാണ്. യുഎസ് നിരക്ക് കുറയ്ക്കാനുള്ള പ്രതീക്ഷകൾ മങ്ങുന്നത് ഓഹരികളെ ബാധിക്കാം.
ഉത്സവകാല ഡിമാൻഡും കുറഞ്ഞുവരുന്ന ചെലവ് സമ്മർദ്ദവും അനുകൂലമായതിനാൽ ഓട്ടോമൊബൈൽ മേഖലയിൽ ന്യൂട്രൽ പോസിറ്റീവ് മുന്നേറ്റങ്ങൾ പ്രതീക്ഷിക്കാം. എഫ്എംസിജി മേഖല സ്ഥിരമായ പ്രകടനം കാഴ്ച വെച്ചേക്കും.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ എന്നിവ ശ്രദ്ധയാകർഷിക്കും. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ ഓഹരികൾ മന്ദഗതിയിലാകാം.മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, എം & എം എന്നിവയിൽ ഉത്സവ ഡിമാൻഡിന് മുന്നോടിയായി വാങ്ങൽ കണ്ടേക്കാം.മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളിൽ ചാഞ്ചാട്ടം നിലനിൽക്കും.
ആഗോള വിപണി എങ്ങനെ?
ഓഹരി വിപണിയിലെ ആഗോള സൂചനകൾ സമ്മിശ്രമാണ്. ഏഷ്യൻ വിപണികൾ ഇന്ന് രാവിലെ 1.9 ശതമാനത്തോളം ഇടിഞ്ഞു. ഡിസംബറിലെ ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത കുറച്ചതിനെത്തുടർന്ന് വാൾസ്ട്രീറ്റ് ദുർബലമായി. എൻവിഡിയ (Nvidia) പ്രതീക്ഷിച്ചതിലും മികച്ച പാദഫലം റിപ്പോർട്ട് ചെയ്തിട്ടും, വർധിച്ച യുഎസ് ട്രഷറി വരുമാനം, ഉയർന്ന ടെക് ഓഹരി മൂല്യനിർണയം എന്നിവ ആശങ്കയാകുന്നു.
