വിപണികളുടെ ക്ലോസിംഗ് ചുവപ്പില്‍
ക്രൂഡ് വില താഴേക്കു വന്നത് നിക്ഷേപകര്‍ക്ക് ആശ്വാസം
വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്ക് തുടരുന്നതിന്‍റെയും ആഗോള വിപണികളിലെ നെഗറ്റിവ് സൂചനകളുടെയും പശ്ചാത്തലത്തില്‍ ഇന്ന് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇടിവില്‍ തുടങ്ങി ഇടിവില്‍ അവസാനിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെയും ഇടിവ് സൂചികകളുടെ താഴോട്ടുള്ള വലിവിന് ആക്കം കൂട്ടി.
നിഫ്റ്റി 116 പോയിന്‍റ് (0.59 ശതമാനം) നഷ്ടത്തിൽ 19,522.15ലും സെൻസെക്സ് 316 പോയിന്‍റ് (0.48 ശതമാനം) ഇടിഞ്ഞ് 65,512.10 ലും ക്ലോസ് ചെയ്തു.
മാരുതി, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ഐടിസി, എൻടിപിസി, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീൽ, എന്നിവയാണ് പ്രധാനമായും ഇടിവ് നേരിട്ടത്. ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദുസ്ഥാൻ യുണിലിവർ, അൾട്രാടെക് സിമന്റ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഹോങ്കോങ്ങും താഴ്ന്ന നിലവാരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഷാങ്ഹായി പച്ചയില്‍ ആയിരുന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ മിക്കവാറും നേട്ടത്തിലാണ് അവസാനിച്ചത്. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് താഴേക്ക് എത്തിയിട്ടുണ്ട്.
മുന്നില്‍ സമ്മിശ്രമായ സൂചനകള്‍
"ചരിത്രപരമായി വിപണികൾക്ക് നല്ല മാസമാണ് ഒക്ടോബർ. സമ്മിശ്ര സൂചനകളാണ് മുന്നിലുള്ളത്. അടുത്ത കാലയളവിലെ പ്രധാന നെഗറ്റീവ് എഫ്‌ഐഐ വിൽപ്പനയിൽ തുടരും. ഡോളർ സൂചിക 107-ന് മുകളിൽ ഉയരുകയും യ 10 വർഷ യുഎസ് ബോണ്ടുകളിലെ നേട്ടം 16 വർഷത്തെ ഏറ്റവും ഉയർന്നനിലയില്‍ എത്തിയതുമാണ് പ്രധാന തിരിച്ചടി. എന്നാൽ, പോസിറ്റീവ് വശത്ത്, ബ്രെന്റ് ക്രൂഡ് വില താഴാന്‍ തുടങ്ങിയതിന്‍റെ പിൻബലത്തിൽ ബുള്ളുകള്‍ വാങ്ങലിന് ധൈര്യപ്പെടും,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ബിഎസ്‌ഇ ബെഞ്ച്മാർക്ക് വെള്ളിയാഴ്ച 320.09 പോയിന്റ് അല്ലെങ്കിൽ 0.49 ശതമാനം ഉയർന്ന് 65,828.41 ൽ എത്തി. നിഫ്റ്റി 114.75 പോയിന്റ് അഥവാ 0.59 ശതമാനം ഉയർന്ന് 19,638.30 ൽ അവസാനിച്ചു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 1,685.70 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഗാന്ധി ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു.
