സെപ്റ്റംബറിലും കയറ്റുമതി ഇടിഞ്ഞു, ഇറക്കുമതിയും

  • ഇറക്കുമതിയില്‍ 15 ശതമാനം ഇടിവ്
  • ഓഗസ്റ്റില്‍ 10 മാസത്തെ ഉയര്‍ന്ന നിലയിലായിരുന്നു ഇന്ത്യയുടെ വ്യാപാരക്കമ്മി

Update: 2023-10-13 09:07 GMT

ഇന്ത്യയുടെ ചരക്ക് വ്യാപാരക്കമ്മി സെപ്റ്റംബറില്‍ 1937 കോടി ഡോളറായി ചുരുങ്ങി. ചരക്ക് കയറ്റുമതി വാർഷികാടിസ്ഥാനത്തിൽ 2.6 ശതമാനം കുറഞ്ഞ് 3447 കോടി ഡോളറിലെത്തി. അതേസമയം ഇറക്കുമതി 15 ശതമാനം കുറഞ്ഞ് 5384 കോടി ഡോളറിലെത്തി. 2022 സെപ്റ്റംബറിൽ, 2672 കോടി ഡോളറായിരുന്നു ഇന്ത്യയുടെ വ്യാപാരക്കമ്മി.

ഉയർന്ന എണ്ണവിലയും ആഭ്യന്തര ആവശ്യകതയിലെ മാന്ദ്യവും മൂലം ഇന്ത്യയുടെ വ്യാപാരക്കമ്മി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പത്ത് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയിരുന്നു. ഓഗസ്റ്റിൽ കയറ്റുമതി 6.9 ശതമാനം ഇടിഞ്ഞ് 34.48 ബില്യൺ ഡോളറായപ്പോള്‍ ഇറക്കുമതി 5.2 ശതമാനം കുറഞ്ഞ് 58.64 ബില്യൺ ഡോളറായി.

കയറ്റുമതിയിലെ വീണ്ടെടുപ്പ് ഉടന്‍ സാധ്യമാകുമെന്നും അടുത്ത ആറ് മാസത്തിനുള്ളിൽ കയറ്റുമതി വളർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ പറഞ്ഞു. "ആഗോള വെല്ലുവിളികൾക്കിടയിലും നമ്മള്‍ നന്നായി പ്രവർത്തിക്കുന്നു. എഞ്ചിനീയറിംഗ്, മറൈൻ, ഇലക്ട്രോണിക്സ്, സെറാമിക്,മരുന്ന് തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നന്നായി നടക്കുന്നു," അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറിലെ സേവന കയറ്റുമതി 2937 കോടി ഡോളറാണ്, 1491 കോടി ഡോളറിന്‍റെ ഇറക്കുമതിയും രേഖപ്പെടുത്തി. ഓഗസ്റ്റിൽ സേവന കയറ്റുമതി 2639 കോടി ഡോളറും ഇറക്കുമതി 13.86 ബില്യൺ ഡോളറും ആയിരുന്നു. 

Tags:    

Similar News