നിക്ഷേപകര്‍ ജാഗ്രതയില്‍, യുഎസില്‍ ടെക് ഓഹരികള്‍ക്ക് ഇടിവ്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെ തുടങ്ങി
  • ഡോളര്‍ ശക്തി പ്രാപിക്കുന്നു
  • ജപ്പാനില്‍ പ്രതീക്ഷയിലും താഴ്ന്ന വളര്‍ച്ച

Update: 2023-09-08 02:25 GMT

തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും നേട്ടവുമായാണ് ഇന്നലെ ഓഹരി വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവത്തില്‍ ഉണ്ടായതിനു സമാനമായി ഇടിവില്‍ തുടങ്ങിയ വിപണികള്‍ അവസാന മണിക്കൂറുകളില്‍ നേട്ടത്തിലേക്ക് എത്തി. സെൻസെക്‌സ് 385 പോയിന്റ് (0.58 ശതമാനം) ഉയർന്ന് 66,265.56 ലും നിഫ്റ്റി 116 പോയിന്റ് ( 0.59 ശതമാനം) നേട്ടത്തിൽ 19,727.05 ലും ക്ലോസ് ചെയ്തു.

ആഗോള വിപണികളില്‍ പൊതുവേ നെഗറ്റിവ് പ്രവണതയാണ് ഇന്നലെ ദൃശ്യമായത്. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രതാ പൂര്‍ണമായ സമീപനത്തിലേക്ക് നീങ്ങിയേക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. യുഎസില്‍ പലിശ നിരക്ക് ആശങ്ക ശക്തമായതും ഡോളര്‍ ശക്തി പ്രാപിച്ചതും ടെക് ഓഹരികളില്‍ ഉണ്ടായ ഇടിവും നിക്ഷേപകരില്‍  സ്വാധീനം ചെലുത്തും. 

ഇന്ത്യയുടെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ അടുത്തയാഴ്ചയാണ് പുറത്തുവരുന്നത്. ജൂലൈയിലേതിന് സമാനമായി 7 ശതമാനത്തിന് മുകളിലുള്ള നിരക്ക് പ്രതീക്ഷിക്കുന്നില്ലെങ്കിലും ആര്‍ബിഐ-യുടെ സഹന പരിധിയായ 6 ശതമാനത്തിന് മുകളില്‍ തന്നെയാകും ഓഗസ്റ്റിലെയും വിലക്കയറ്റ നിരക്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

നിഫ്റ്റിയുടെ പിന്തുണയും പ്രതിരോധവും

പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 19,600ലും തുടർന്ന് 19,556ലും 19,484ലും സപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ്. മറുവശത്ത്, 19,743 പ്രധാന റെസിസ്റ്റന്‍സായി മാറും, തുടർന്ന് 19,787, 19,858 എന്നിവ.

ഏഷ്യന്‍ വിപണികള്‍ ഇടിവില്‍ തുടങ്ങി

ഏഷ്യന്‍ വിപണികളില്‍ ഇന്നും ഇടിവ് തുടരുകയാണ്. ഓസ്ട്രേലിയ, ഷാങ്ഹായ്, ഹോംഗ്കോംഗ്, ടോക്കിയോ, തായ്വാന്‍ വിപണികള്‍ ഇടിവിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി വളര്‍ച്ചയാണ് രണ്ടാം പാദത്തില്‍ ജപ്പാന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയ്ക്കു പുറമേ ജപ്പാനിലെയും കണക്കുകള്‍ നിരാശ നല്‍കിയത് വിപണികളെ സ്വാധീനിക്കുന്നുണ്ട്. 

യുഎസ് വിപണികളും ഇന്നലെ പൊതുവില്‍ നഷ്ടത്തിലായിരുന്നു. ടെക് ഓഹരികള്‍ക്ക് വലിയ പങ്കുള്ള നാസ്‍ഡാക്ക് 0.89 ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായാ നാലാം സെഷനിലാണ് നാസ്‍ഡാഖ് ചുവപ്പ് കാണുന്നത്. എസ് & പി 500 0.32 ശതമാനം ഇടിവ് പ്രകടമാക്കിയപ്പോള്‍ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 57.54 പോയിന്റ് അഥവാ 0.17 ശതമാനം കൂട്ടിച്ചേർത്തു. യൂറോപ്യന്‍ വിപണികളില്‍ പൊതുവേ സമ്മിശ്രമായ തലത്തിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. 

ഗിഫ്റ്റ് നിഫ്റ്റി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണി സൂചികകളുടെ തുടക്കവും പോസിറ്റിവ് ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

ബജാജ് ഫിൻസെർവ്: ഉപകമ്പനിയായ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഓഗസ്റ്റിലെ മൊത്തം നേരിട്ടുള്ള പ്രീമിയം 1,677.87 കോടി രൂപയാണെന്ന് അറിയിച്ചു, നടപ്പ് സാമ്പത്തിക വർഷം ഓഗസ്റ്റ് വരെയുള്ള പ്രീമിയം 9,228.81 കോടി രൂപയായി. ഉപകമ്പനി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഓഗസ്റ്റിലെ മൊത്തം പ്രീമിയം 926.41 കോടി രൂപയും ഏപ്രില്‍ മുതല്‍  ഓഗസ്റ്റ് വരെയുള്ള പ്രീമിയം 3,828.06 കോടി രൂപയുമാണ്.

സ്റ്റെർലൈറ്റ് ടെക്നോളജീസ്:  ബ്രോഡ്‌ബാൻഡ് സേവനങ്ങളുടെയും ആപ്ലിക്കേഷനുകളുടെയും ദാതാവായ ട്രുവിസ്റ്റയുമായി പങ്കാളിത്തത്തില്‍ എത്തി.സൗത്ത് കരോലിനയിലെ ഗ്രാമീണ മേഖലകളിലുടനീളം ഫൈബർ ഒപ്റ്റിക് കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിന്‍റെ ഭാഗമാണ് ഇത്.

മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്:  യുഎസ് സർക്കാരുമായി മാസ്റ്റർ ഷിപ്പ് റിപ്പയർ കരാറില്‍ ഈ പൊതുമേഖലാ കമ്പനി ഒപ്പുവച്ചു. ഇത് സാമ്പത്തികേതര കരാറാണ്. മാസഗോൺ ഡോക്ക് ഉൾപ്പെടെ രണ്ട് കപ്പൽശാലകൾ മാത്രമാണ് ഇന്ത്യയില്‍ ഈ കരാര്‍ നേടിയിട്ടുള്ളത്. യുഎസ് നേവി ഷിപ്പുകളുടെ അറ്റകുറ്റപ്പണികൾ ലഭിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 

ലാൻഡ്‌മാർക്ക് കാര്‍സ്: പശ്ചിമ ബംഗാളിലെ ഹൗറയിൽ ഡീലർഷിപ്പ് തുറക്കുന്നതിനായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി പ്രീമിയം ഓട്ടോമോട്ടീവ് റീട്ടെയിലറായ ലാന്‍ഡ്‍മാര്‍ക്ക് കാര്‍സ് ധാരണയിലെത്തി.

ക്രൂഡ് ഓയിലും സ്വര്‍ണവും

വിതരണം വെട്ടിക്കുറയ്ക്കല്‍ ആശങ്ക മൂലം കുതിച്ചുയര്‍ന്ന നിലയില്‍ നിന്നും എണ്ണവില താഴോട്ടിറങ്ങി. ചൈനയിലെ സാമ്പത്തികാവസ്ഥ സംബന്ധിച്ച അനിശ്ചിതാവസ്ഥ ഇതില്‍ പ്രധാന പങ്കുവഹിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 18 സെന്റ് അഥവാ 0.2 ശതമാനം ഇടിഞ്ഞ് ബാരലിന് 90.42 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (WTI) ഫ്യൂച്ചറുകൾ 21 സെന്റ് അല്ലെങ്കിൽ 0.2 ശതമാനം ഇടിഞ്ഞ് 87.33 ഡോളറിലെത്തി.

വ്യാഴാഴ്ച  സ്വർണം പൊതുവില്‍ സ്ഥിരത നിലനിർത്തി. സ്പോട്ട് ഗോൾഡ് ബുധനാഴ്ച ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന് ശേഷം, ഇന്നലെ   ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,918.49 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,943.00 ഡോളറിലെത്തി.

വിദേശ ഫണ്ടുകളുടെ വരവ്

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്നലെ 758.55 കോടി രൂപയുടെ ഓഹരികൾ വിറ്റു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 28.11 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും, നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 2832.84 കോടി രൂപയുടെ അറ്റ വില്‍പ്പന ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 174.67 കോടി രൂപയുടെ അറ്റവാങ്ങലാണ് എഫ്‍പിഐകള്‍ നടത്തിയത്. 

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല 

Tags:    

Similar News