കല്യാണി കാസ്റ്റ് ടെക് ലിസ്റ്റിംഗ് 90% പ്രീമിയത്തിൽ
ഇഷ്യൂ വില 139 രൂപ, ലിസ്റ്റിംഗ് വില 264.10 രൂപ.
വിവിധ തരം കാർഗോ കണ്ടെയ്നറുകളുടെ ഉല്‍പ്പാദനത്തില്‍ ഏർപ്പെട്ടിരിക്കുന്ന കല്യാണി കാസ്റ്റ് ടെകിന്‍റെ ഓഹരികൾ ബിഎസ്ഇ എസ്എംഇയിൽ 90 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 139 രൂപയിൽ നിന്നും 125.10 രൂപ ഉയർന്ന് 264.10 രൂപയിലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വഴി കമ്പനി 30.11 കോടി രൂപ സമാഹരിച്ചു. പ്രവർത്തന മൂലധന ആവശ്യങ്ങൾ , പൊതു കോർപ്പറേറ്റ് ഫണ്ടിംഗ് എന്നിവക്കാണ് തുക വിനിയോഗിക്കുക.
ഇലക്ട്രിക്കൽ ലോക്കോയ്ക്കുള്ള ബെയറിംഗ് ഹൗസിംഗ്, എംജി കപ്ലർ ഘടകങ്ങൾ, ഡബ്ല്യുഡിജി4 ലോക്കോയ്ക്കുള്ള അഡാപ്റ്ററുകൾ, സിഐ ബ്രേക്ക് ബ്ലോക്കുകൾ തുടങ്ങിയ ഉൽപ്പന്നങ്ങള്‍ കമ്പനി നിർമിക്കുന്നു.
ഐഎസ്ഒ നിലവാരത്തില്‍, പാഴ്‌സൽ കാർഗോയ്‌ക്കു യോജിച്ച തരത്തില്‍ വിവിധ വലുപ്പങ്ങളിലുള്ള കണ്ടെയ്‌നറുകൾ നിർമ്മിക്കുന്നതിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. റെയിൽവേ, ഖനനം, സിമൻറ്, രാസവസ്തുക്കൾ, വളം, പവർ പ്ലാന്റുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിലെ ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകുന്നു.