ഇരട്ട വെല്ലുവിളി നേരിട്ട് കേരള ഓഹരികൾ
ഇസാഫിൻ്റെ പദ്ധതിക്ക് ആർബിഐയുടെ റെഡ്ഫ്ലാഗ്, പ്രതിസന്ധി നേരിട്ട് മുത്തൂറ്റും ഫാക്ടും
പ്രൊമോട്ടർ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതിനായി ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മുന്നോട്ട് വെച്ച പദ്ധതിക്ക് ആർബിഐ തടയിട്ടത് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് താത്കാലിക വെല്ലുവിളിയാണ്.
നിലവിലെ 52.92 ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതിൻ്റെ ഭാഗമായി, 12 ശതമാനത്തിലധികം ഓഹരി ഏറ്റെടുക്കാനുള്ള ദിയ വികാസ് കാപിറ്റലിൻ്റെ നീക്കമാണ് ആർബിഐ തള്ളിയത്. പെയ്ഡ്-അപ്പ് കാപിറ്റലിൻ്റെ അഞ്ചുശതമാനത്തിൽ കൂടുതലുള്ള ഓഹരി ഏറ്റെടുക്കലിന് അനുമതി നൽകാനാവില്ലെന്നാണ് ആർബിഐ വ്യക്തമാക്കിയത്. ഇതോടെ, പ്രമോട്ടർമാരുടെ ഓഹരി വിഹിതം കുറയ്ക്കാനുള്ള പദ്ധതി ഇസാഫിന് തിരുത്തിയെഴുതേണ്ടി വരും. ഇസാഫിൻ്റെ ഓഹരി ഉടമസ്ഥത പുനക്രമീകരിക്കുന്നതിലുള്ള താമസം വിപണിയിൽ നേരിയ വിൽപ്പന സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്.
ആഗോള അനിശ്ചിതത്വം: കേരള കമ്പനികൾക്ക് 13,000 കോടി രൂപയുടെ നഷ്ടം
ഇസാഫിലെ പ്രശ്‌നങ്ങൾക്ക് പുറമെ, ആഗോള വിപണിയിലെ രാഷ്ട്രീയ അനിശ്ചിതത്വമാണ് കേരള ഓഹരികളെ തകർത്ത രണ്ടാമത്തെ ഘടകം. മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തിയത് വിപണിയെ ബാധിച്ചത്.
എൻഎസ്ഇ കണക്കുകൾ പ്രകാരം ഓഗസ്റ്റ് 25 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ലിസ്റ്റ് ചെയ്ത ഒമ്പത് മുൻനിര കമ്പനികൾക്ക് 12,943 കോടി രൂപയുടെ വിപണി മൂല്യം നഷ്ടപ്പെട്ടു. ഇത് സംസ്ഥാനത്തെ ഓഹരികൾക്കിടയിലെ വ്യാപകമായ ബെയറിഷ് വികാരത്തെ പ്രതിഫലിപ്പിക്കുന്നു.കേരളത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന് 2,243 കോടി രൂപയുടെ നഷ്ടമുണ്ടായി, ഓഹരി വില 2 .5 ശതമാനം ഇടിഞ്ഞു.
എന്നാൽ ഏറ്റവും വലിയ പ്രഹരം ഏറ്റത് ഫാക്റ്റിനാണ്.( ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ) താരിഫ് ആഘാതം മൂലം കെമിക്കൽ/ഫെർട്ടിലൈസർ മേഖലകൾ കനത്ത നഷ്ടത്തിലായി. ഫാക്റ്റിൻ്റെ വിപണി മൂല്യം 5,888 കോടി രൂപ ഇടിഞ്ഞു, ഓഹരി വിലയിൽ ഏകദേശം 9.8 ശതമാനം വരെയാണ് കുറവ്.ബിഎസ്ഇ സെൻസെക്സ് 1.84 ശതമാനവും എൻഎസ്ഇ നിഫ്റ്റി രണ്ടു ശതമാനവും ഇടിഞ്ഞു.
കേരളത്തിലെ ഓഹരി വിപണി നിലവിൽ അനിശ്ചിതത്വത്തിലൂടെയും ആഗോള വ്യാപാര സമ്മർദ്ദത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഇസാഫിനെ സംബന്ധിച്ചിടത്തോളം, പ്രൊമോട്ടർ ഓഹരി വിൽപനയിൽ വ്യക്തത വരുന്നത് വരെ ഓഹരിയുടെ പ്രകടനം മന്ദഗതിയിലാവാൻ സാധ്യതയുണ്ട്. മുത്തൂറ്റ് ഫിനാൻസ്, ഫാക്റ്റ് പോലുള്ള കമ്പനികൾക്കാകട്ടെ ആഗോള മാക്രോ ഇക്കണോമിക് ഘടകങ്ങൾ ഭീഷണിയാണ്.
ഇസാഫിൻ്റെ പുതിയ പ്രൊമോട്ടർ വിഹിതം കുറയ്ക്കുന്നതിനുള്ള പദ്ധതിയിലെ വ്യക്തതയും ആഗോള വ്യാപാര പിരിമുറുക്കം ലഘൂകരിക്കുന്നതും വരും ആഴ്ചകളിൽ കേരള ഓഹരികളിലെ വികാരം വീണ്ടെടുക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാകും. നിലവിലെ സാഹചര്യത്തിൽ, ദീർഘകാല നിക്ഷേപകർ ഗുണനിലവാരമുള്ള ഓഹരികൾ തിരഞ്ഞെടുക്കുകയും ഹ്രസ്വകാല വ്യാപാരികൾ ജാഗ്രത പാലിക്കുകയും ചെയ്യുന്നതാകും ഉചിതം..
(Disclaimer : ഓഹരികളിലെ നിക്ഷേപത്തിന് ഉയർന്ന നഷ്ട സാധ്യതയുമുണ്ട്. വായനക്കാർ കൃത്യമായ വിപണി പഠനത്തിന് ശേഷം വേണം ഓഹരി വിപണി നിക്ഷേപം നടത്താൻ.)
