അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി- സ്വകാര്യ ബസ് പങ്കാളിത്തം വരുന്നു
- സ്ലീപ്പർ, സെമി സ്ലീപ്പർ വിഭാഗത്തിലെ സ്വകാര്യ ബസുകളെ ഏറ്റെടുക്കും
- പാലക്കാട്- ബെംഗളൂരു റൂട്ടിലാണ് ഇത്തരത്തിലെ ആദ്യ സര്‍വീസ് തുടങ്ങുക
സ്വകാര്യ ബസുകള്‍ ഏറ്റെടുത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ വിപൂലീരിക്കാന്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് തയാറെടുക്കുന്നു. കെഎസ്ആര്‍ടിസി-യുടെ സംവിധാനത്തിന് കീഴില്‍ കെഎസ്ആര്‍ടിസി നിശ്ചയിക്കുന്ന തരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് സംസ്ഥാനത്തിന്‍റെ റോഡ് നികുതി ഒഴിവാക്കി നല്‍കും.
ഇത്തരം ബസുകളിലെ ടിക്കറ്റ് വരുമാനത്തിന്റെ നിശ്ചിത ശതമാനം കെഎസ്ആർടിസിക്ക് ലഭിക്കും. അനധികൃത സ്വകാര്യ ബസുകളെ യാത്രക്കാര്‍ ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കാനും സർക്കാർ ടിക്കറ്റ് നിരക്കിൽ കൂടുതൽ ബസുകൾ ലഭ്യമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യം വെക്കുന്നു.ആഘോഷ വേളകളിലെ ആവശ്യകത മുതലെടുത്ത് സ്വകാര്യ ബസുകള്‍ അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാനും സാധിക്കും.
ബസിന്‍റെ ഉടമസ്ഥാവകാശം സ്വകാര്യ ഉടമയ്ക്ക് തന്നെയാകും. ജീവനക്കാരെ നിയമിക്കേണ്ടതും ബസ് ഉടമയാണ്. മുതൽമുടക്കില്ലാത്ത വരുമാനമാണ് പുതിയ നീക്കം യാഥാർഥ്യമായാൽ കെഎസ്‌ആർടിസിക്ക് ലഭിക്കുക.
നിലവിൽ 45 പുഷ്‌ബാക്ക് സീറ്റുകളുള്ള ബസുകൾക്ക് മൂന്നുമാസത്തേക്ക് 45,000 രൂപയാണ് സംസ്ഥാനത്തിന്‍റെ റോഡ് നികുതി. സെമിസ്ലീപ്പറിന് സീറ്റൊന്നിന് 2,000 രൂപയും സ്ലീപ്പറിന് 3,000 രൂപയും ഈടാക്കുന്നു. ഓൾ ഇന്ത്യ പെർമിറ്റ് അടിസ്ഥാനത്തിലുള്ള സര്‍വീസിന് ഒരു വർഷത്തേക്ക് മൂന്നു ലക്ഷവും മൂന്ന് മാസത്തേക്ക് 90,000 രൂപയും അടയ്ക്കണം.
പാലക്കാട്–-ബംഗളൂരു പാതയിലാകും സ്വകാര്യ ബസുകളുമായി ചേര്‍ന്ന് കെഎസ്ആര്‍ടിസി ആദ്യം സര്‍വീസ് നടത്തുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തില്‍ എത്തിയിട്ടുണ്ട്. സ്ലീപ്പർ, സെമി സ്ലീപ്പർ വിഭാഗത്തിലെ ബസുകള്‍ക്കായാണ് നോക്കുന്നത്.
