ഫെഡ് നിരക്ക്, പണപ്പെരുപ്പ ഡാറ്റ വിപണികളെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍
യുഎസ്-ഇന്ത്യ വ്യാപാര മേഖലയിലെ പുരോഗതിയും നിക്ഷേപകര്‍ നിരീക്ഷിക്കും
യുഎസ് ഫെഡ് പലിശ നിരക്കിന്റെ തീരുമാനവും പണപ്പെരുപ്പ ഡാറ്റയും ഈ ആഴ്ച വിപണികളെ നയിക്കുമെന്ന് വിപണി വിദഗ്ധര്‍. യുഎസ്-ഇന്ത്യ വ്യാപാര മേഖലയിലെ പുരോഗതിയും നിക്ഷേപകര്‍ നിരീക്ഷിക്കും.
ഈ ആഴ്ചയിലെ പ്രധാന ആഗോള പരിപാടി സെപ്റ്റംബര്‍ 17 ന് നടക്കുന്ന യുഎസ് എഫ്ഒഎംസി യോഗത്തിന്റെ ഫലമായിരിക്കും. യുഎസ് തൊഴില്‍ വിപണിയിലെ മാന്ദ്യത്തിന്റെ സൂചനകള്‍ കണക്കിലെടുത്ത്, കുറഞ്ഞത് 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കുമെന്ന് വിപണികള്‍ വ്യാപകമായി പ്രതീക്ഷിക്കുന്നു.
'ആഭ്യന്തര രംഗത്ത്, യുഎസ്-ഇന്ത്യ വ്യാപാര മേഖലയിലെ കൂടുതല്‍ സംഭവവികാസങ്ങള്‍ വിപണി വികാരത്തെ നിര്‍ണായകമായി സ്വാധീനിക്കും. മൊത്തത്തില്‍, എഫ്ഐഐ പ്രവാഹങ്ങള്‍ ആക്കം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും,' സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ ഗവേഷണ മേധാവി സന്തോഷ് മീണ പറഞ്ഞു.
കഴിഞ്ഞ ആഴ്ച, ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 1,193.94 പോയിന്റ് അഥവാ 1.47 ശതമാനം ഉയര്‍ന്നു, എന്‍എസ്ഇ നിഫ്റ്റി 373 പോയിന്റ് അഥവാ 1.50 ശതമാനവും ഉയര്‍ന്നു. വെള്ളിയാഴ്ച നിഫ്റ്റി തുടര്‍ച്ചയായ എട്ടാം ദിവസവും ഉയര്‍ച്ച രേഖപ്പെടുത്തി, ബിഎസ്ഇ സെന്‍സെക്‌സ് തുടര്‍ച്ചയായ അഞ്ചാം ദിവസവും കുതിച്ചുയര്‍ന്നു.
'ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ യുഎസ്, ഏഷ്യന്‍ വിപണികള്‍ക്ക് ശുഭാപ്തിവിശ്വാസം നല്‍കുന്നു. ഈ പ്രതീക്ഷ നിക്ഷേപകരില്‍ റിസ്‌ക് എടുക്കാനുള്ള ആഗ്രഹം വര്‍ദ്ധിപ്പിക്കുന്നുണ്ട്്', ഓണ്‍ലൈന്‍ ട്രേഡിംഗ്, വെല്‍ത്ത്-ടെക് സ്ഥാപനമായ എന്റിച്ച് മണിയുടെ സിഇഒ പൊന്‍മുടി ആര്‍ പറഞ്ഞു.
വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍, രൂപ-ഡോളര്‍ പ്രവണത, അസംസ്‌കൃത എണ്ണ വിലയിലെ ചലനം എന്നിവയും ആഴ്ചയിലെ വിപണി പ്രവണതയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാകും.
ജിഎസ്ടി നയിക്കുന്ന ഉപഭോഗ വളര്‍ച്ചയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം, യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍, യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകളെക്കുറിച്ചുള്ള വികാരം എന്നിവയാല്‍ ഇന്ത്യന്‍ ഓഹരി വിപണി ഈ ആഴ്ച ക്രമേണ ഉയര്‍ന്നേക്കാം എന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിലെ വെല്‍ത്ത് മാനേജ്മെന്റ് ഗവേഷണ മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.
