വിപണികളില്‍ ഇടിവോടെ തുടക്കം
- കയറിയും ഇറങ്ങിയും സൂചികകള്‍
- വിദേശ നിക്ഷേപ സാഹചര്യം ദുര്‍ബലം
ആഗോള നിക്ഷേപക വികാരങ്ങളും വിദേശ ഫണ്ടുകളുടെ ഒഴുക്കും ദുർബലമായതിന്‍റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരിവിപണി സൂചികകള്‍ ബുധനാഴ്ച ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 45.66 പോയിന്റ് താഴ്ന്ന് 65,734.60 എന്ന നിലയിലെത്തി. നിഫ്റ്റി 12.75 പോയിന്റ് താഴ്ന്ന് 19,562.15 ലെത്തി. പിന്നീട് രണ്ട് ബെഞ്ച്മാർക്ക് സൂചികകളിലും പിന്നീട് നേട്ടത്തിലേക്ക് തിരിച്ചുകയറി. എന്നാല്‍ രാവിലെ 10.20നുള്ള നില അനുസരിച്ച് സെന്‍സെക്സ് 20.30 പോയിന്‍റും നിഫ്റ്റി 1.15 പോയിന്‍റും ഇടിവിലാണ്
സെൻസെക്‌സ് പാക്കിൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, മാരുതി എന്നിവയാണ് ഇടിവ് നേരിടുന്നത്. ഭാരതി എയർടെൽ, അൾട്രാടെക് സിമന്റ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിൽ വ്യാപാരം നടത്തുമ്പോൾ ടോക്കിയോ പച്ചയിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ആയാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.07 ശതമാനം ഉയർന്ന് ബാരലിന് 90.10 ഡോളറിലെത്തി.
വിദേശ നിക്ഷേപക സ്ഥാപന (എഫ്ഐഐ) ചൊവ്വാഴ്ച 1,725.11 കോടി രൂപയുടെ ഇക്വിറ്റി വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഇന്നലെ സെൻസെക്‌സ് 152.12 പോയിന്റ് അഥവാ 0.23 ശതമാനം ഉയർന്ന് 65,780.26 എന്ന നിലയിലെത്തി. നിഫ്റ്റി 46.10 പോയിന്റ് അഥവാ 0.24 ശതമാനം ഉയർന്ന് 19,574.90 ൽ അവസാനിച്ചു.
