കുതിപ്പ് തുടർന്ന് മിഡ് ക്യാപ്പുകൾ; വിപണിക്ക് നേട്ടത്തോടെ ക്ലോസിംഗ്

  • ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വാങ്ങൽ സൂചികകൾക്ക് താങ്ങായി
  • മിക്ക കാർ കമ്പനികളുടെയും ഏപ്രിലിലെ ശക്തമായ വിൽപ്പനയാണ് ഓട്ടോമൊബൈൽ സെക്ടറുകളെ ഉത്തേജിപ്പിച്ചത്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 43.46 ലെത്തി

Update: 2024-05-02 11:15 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. ഏപ്രിലിലെ റെക്കോർഡ് ജിഎസ്ടി ശേഖരണം, പോസിറ്റീവ് മാനുഫാക്ചറിംഗ് ഡാറ്റ എന്നിവ വിപണിക്ക് കരുത്തേകി. ഉയർന്നു വന്ന വിദേശ നിക്ഷേപകരുടെ വാങ്ങൽ സൂചികകൾക്ക് താങ്ങായി. സെൻസെക്‌സ് 128.33 പോയിൻ്റ് അഥവാ 0.17 ശതമാനം ഉയർന്ന് 74,611.11 ലും നിഫ്റ്റി 43.35 പോയിൻ്റ് അഥവാ 0.19 ശതമാനം ഉയർന്ന് 22,648.20 ലുമാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റിയിൽ ഭാരത് പെട്രോളിയം, പവർ ഗ്രിഡ്, ഏഷ്യൻ പെയിൻ്റ്‌സ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് എന്നീ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി ലൈഫ്, വിപ്രോ എന്നീ ഓഹരികൾ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക ഒരു ശതമാനവും ബിഎസ്ഇ സ്‌മോൾക്യാപ് 0.3 ശതമാനം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രതിവാര ഡെറിവേറ്റീവ് കരാറുകളുടെ കാലാവധി അവസാനിച്ചപ്പോൾ ഇന്ത്യ വിക്സ് 5 ശതമാനത്തിലധികം ഉയർന്നു.

മിക്ക കാർ കമ്പനികളുടെയും ഏപ്രിലിലെ ശക്തമായ വിൽപ്പനയാണ് ഓട്ടോമൊബൈൽ സെക്ടറുകളെ ഉത്തേജിപ്പിച്ചത്. ഇതോടെ നിഫ്റ്റി ഓട്ടോ സൂചിക 1.13 ശതമാനം ഉയർന്നു. ബ്രെൻ്റ് ക്രൂഡ് വിലയിലെ ഇടിവ് എണ്ണ വിപണന കമ്പനികളുടെ കുതിപ്പിന് ആക്കം കൂട്ടി. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ ഓഹരികൾ ഉയർന്നു. നിഫ്റ്റി എനർജി സൂചിക ഒരു ശതമാനം നേട്ടത്തിലെത്തി.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ 1-3 ശതമാനം ഇടിഞ്ഞു, ഇത് നിഫ്റ്റി ബാങ്ക് സൂചികയെ ചുവപ്പിലേക്കെത്തിച്ചു. 

ചരക്ക് സേവന നികുതി പിരിവ് ഏപ്രിലിൽ 12.4 ശതമാനം വർധിച്ച് 2.10 ലക്ഷം കോടി രൂപയായി ഉയർന്നു. ശക്തമായ സാമ്പത്തിക കുതിപ്പും ആഭ്യന്തര ഇടപാടുകളും ഉയർന്ന ഇറക്കുമതിയും നികുതി പിരിവ് ഉയരാനുള്ള പ്രധാന കരണങ്ങളാണെന്ന് ധനമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഈ വർഷം ഏപ്രിലിൽ ജിഎസ്ടി ശേഖരണം ആദ്യമായി 2 ലക്ഷം കോടി രൂപ കടന്നതായി പ്രസ്താവനയിൽ പറഞ്ഞു.

എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) മാര്‍ച്ചിലെ 59.1 ല്‍ നിന്നും ഏപ്രിലില്‍ 58.8 ലേക്ക് കുറഞ്ഞിട്ടുണ്ട്. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് 50 ന് മുകളിലാണെങ്കില്‍ അത് വികാസത്തെയും 50 ന് താഴെയാണെങ്കില്‍ അത് സങ്കോചത്തെയുമാണ് സൂചിപ്പിക്കുന്നത

ഏഷ്യൻ വിപണികളിൽ ഹോങ്കോങ് നേട്ടത്തിലും സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര നോട്ടിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ സമ്മിശ്ര വ്യാപാരത്തോടെയാണ് ക്ലോസ് ചെയ്തത്..

ബ്രെൻ്റ് ക്രൂഡ് 1.02 ശതമാനം ഉയർന്ന് ബാരലിന് 84.29 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 2311 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 43.46 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,071.93 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

മഹാരാഷ്ട്ര ദിനമായതിനാൽ ബുധനാഴ്ച ആഭ്യന്തര ഓഹരി വിപണികൾക്ക് അവധിയായിരുന്നു.

Tags:    

Similar News