എംപിസി മിനുറ്റ്സ് ഇന്നെത്തും, ആഗോള വിപണികള്‍ നേട്ടത്തില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- ആഗോള വിപണിയില്‍ സ്വര്‍ണം രണ്ടാഴ്ചയിലെ ഉയരത്തില്‍
- റിലയന്‍സ് റീട്ടെയില്‍ വെഞ്ചേര്‍സില്‍ ക്യൂഐഎ-യുടെ നിക്ഷേപം
- ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തില്‍ തുടങ്ങി
കയറ്റിറക്കങ്ങളുടെ അനിശ്ചിതത്വങ്ങള്‍ ഇന്നലെയും നിഴലിച്ചെങ്കിലും ഒടുവില്‍ നല്ലൊരു നേട്ടവുമായാണ് ഇന്നലെ ആഭ്യന്തര ഓഹരിവിപണി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 193.10 പോയിന്റ് അഥവാ 0.30 ശതമാനം ഉയർന്ന് 65,413.13ല്‍ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇ നിഫ്റ്റി 47.55 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 19,444ല്‍ എത്തി.
റിസര്‍വ് ബാങ്ക് ധനനയ സമിതി (എംപിസി) യോഗത്തിന്‍റെ മിനുറ്റ്സാണ് ഇന്ന് വിപണി കാത്തിരിക്കുന്ന പ്രധാന വിവരം. മൊത്തം സാമ്പത്തിക വര്‍ഷത്തേക്കുള്ള തങ്ങളുടെ പണപ്പെരുപ്പ നിഗമനം എംപിസി ഉയര്‍ത്തിയിരുന്നു. ഇതിനൊപ്പം ബാങ്കുകളിലെ പണലഭ്യത ലഘൂകരിക്കുന്നതിനുള്ള അധിക കരുതല്‍ ധന അനുപാതവും താല്‍ക്കാലികമായി ചുമത്തി. ഇതിലേക്ക് നയിച്ച കൂടുതല്‍ വിശകലനങ്ങളും വിശദാംശങ്ങളും പുറത്തുവരുന്നത് നിക്ഷേപകരുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തും. യുഎസ് ഫെഡ് റിസര്‍വ് സംഘടിപ്പിക്കുന്ന സിമ്പോസിയത്തിന്‍റെ ഭാഗമായി നാളെ ഫെഡ് ചെയര്‍മാന്‍ ജെറോം പൌവ്വല്‍ സംസാരിക്കുന്നുണ്ട്. ഇതിലേക്കാണ് ആഗോള തലത്തില്‍ നിക്ഷേപകര്‍ കാതോര്‍ത്തിരിക്കുന്നത്.
ഇന്ത്യയിലെ ഐടി മേഖല 2025 മുതൽ 9-10 ശതമാനം വരുമാന വളര്‍ച്ച പ്രകടമാക്കുമെന്ന് ഗോള്‍ഡ്‍മാന്‍ സാച്ച്സ് വിലയിരുത്തുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ ഐടി സര്‍വിസ് കമ്പനികളുടെ വിപണി വിഹിതം ഇരട്ടിയായെന്നും യുഎസ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു.
പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റിക്ക് 19,387 ലും തുടർന്ന് 19,362 ലും 19,322 ലും സപ്പോര്‍ട്ട് ലഭിച്ചേക്കാം എന്നാണ്. ഉയർച്ച ഉണ്ടാകുന്ന സാഹചര്യത്തില്‍, 19,468 ആണ് പ്രധാന റെസിസ്‍റ്റന്‍സ്, തുടർന്ന് 19,493, 19,533.
ആഗോള വിപണികള്‍ നേട്ടത്തില്‍
ഏഷ്യന്‍ വിപണികളില്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ , ഷാങ്ഹായ്, ഹോംഗ്കോംഗ്, ടോക്കിയോ, തായ്വാന്‍ വിപണികളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്.
യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നേട്ടത്തിലായിരുന്നു. യുഎസിലെ പ്രമുഖ വിപണികളില്‍ ഡൗ ജോണ്‍സ് നേരിയ നേട്ടത്തിലും നാസ്‍ഡാഖ്, എസ് & പി 500 എന്നിവ മികച്ച നേട്ടത്തിലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
ഗിഫ്റ്റ് നിഫ്റ്റി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണി സൂചികകളുടെ തുടക്കവും പച്ചയിലാകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
റിലയൻസ് ഇൻഡസ്ട്രീസ്: റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിൽ (ആർആർവിഎൽ) 0.99 ശതമാനം ഓഹരി എടുക്കാൻ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി 100 കോടി ഡോളർ അഥവാ 8,278 കോടി രൂപ നിക്ഷേപിക്കും. 8.27 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തില്‍ കമ്പനിയെ വിലമതിക്കുന്നതാണ് ഈ ഇടപാട്.
കോഫോർജ്: പ്രൊമോട്ടറായ ഹൾസ്റ്റ് ബിവി, ഈ ഇടത്തരം ഐടി സ്ഥാപനത്തിലെ 26.63 ശതമാനം ഓഹരികൾ ഒരു ബ്ലോക്ക് ഡീൽ വഴി വിറ്റഴിക്കാന്‍ ശ്രമിക്കുകയാണെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഓഹരിക്ക് 4,550 രൂപ തറവിലയായി നിശ്ചയിച്ചിട്ടുണ്ട്, ഇത് ബുധനാഴ്ചത്തെ ക്ലോസിംഗ് വിലയായ 4,913 രൂപയിൽ നിന്ന് 7.4 ശതമാനം കിഴിവാണ്.
ഗെയിൽ ഇന്ത്യ: സർക്കാർ ഉടമസ്ഥതയിലുള്ള ഗെയിൽ ഇന്ത്യ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 30,000 കോടി രൂപയുടെ മൂലധനച്ചെലവ് ആസൂത്രണം ചെയ്യുന്നു.പൈപ്പ്ലൈന്‍ പദ്ധതികള്‍, പെട്രോകെമിക്കൽ പദ്ധതികൾ, നഗര വാതക വിതരണം എന്നിവയിലാണ് പ്രധാനമായും ചെലവിടല്‍ നടത്തുക.
എന്‍എച്ച്പിസി: ആന്ധ്രാപ്രദേശിൽ ജലവൈദ്യുത പദ്ധതികളും പുനരുപയോഗ ഊർജ പദ്ധതികളും നടപ്പിലാക്കുന്നതിനായി ആന്ധ്രാപ്രദേശ് പവർ ജനറേഷൻ കോർപ്പറേഷനുമായി (എപിജെഎൻസിഒ) പൊതുമേഖലയിലുള്ള എന്‍എച്ച്പിസി ധാരണാപത്രം ഒപ്പുവെച്ചു.
പ്രോക്ടർ & ഗാംബിൾ ഹെൽത്ത്: ഉയർന്ന മെറ്റീരിയൽ ചെലവും ജീവനക്കാര്‍ക്കായുള്ള ഒറ്റത്തവണ ചെലവും കാരണം ഈ എഫ്എംസിജി കമ്പനിയുടെ അറ്റാദായം 28 ശതമാനം ഇടിവോടെ 29.8 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1.8 ശതമാനം വർധിച്ച് 301.2 കോടി രൂപയായി. ഒരു ഓഹരിക്ക് 50 രൂപ എന്ന അന്തിമ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.
ബന്ധൻ ബാങ്ക്: ബന്ധൻ ബാങ്ക് കോ-ലെൻഡിംഗ് ബിസിനസിലേക്ക് പ്രവേശിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു, ഇതിനായി രണ്ട് എൻബിഎഫ്‌സികളുമായി സഹകരിക്കുമെന്നും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
മുത്തൂറ്റ് ഫിനാൻസ്: തങ്ങളുടെ പുതിയ ഡിജിറ്റൽ ഫിനാൻഷ്യൽ പ്ലാറ്റ്‌ഫോമായ മുത്തൂറ്റ് ഫിൻകോർപ്പ് വണിലൂടെ ഇൻഷുറൻസ്, വ്യക്തിഗത വായ്പകൾ, ഇരുചക്ര വാഹന വായ്പകള്‍, ഭവന വായ്പകൾ എന്നിവ ആറ് മാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് (എംഎഫ്എൽ) അറിയിച്ചു.
ചന്ദ്രയാന്‍ 3 ന്‍റെ അഭിമാനകരമായ ലാന്‍ഡിംഗ് ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളുടെ മുന്നേറ്റത്തിന് ഇന്നും വഴിയൊരുക്കും.
വിദേശ ഫണ്ടുകളുടെ വരവ്
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 614.32 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 125.03 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 108.75 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് ഇക്വിറ്റികളില്‍ ഇന്നലെ നടത്തിയത്. ഡെറ്റ് വിപണിയില്‍ 2139.09 കോടി രൂപയുടെ അറ്റ വില്‍പ്പനയും എഫ്‍പിഐകള്‍ നടത്തി.
ക്രൂഡ് ഓയിലും സ്വര്‍ണവും
ആഗോളതലത്തിലെ ദുർബലമായ മാനുഫാക്ചറിംഗ് ഡാറ്റയും ആവശ്യകതയെ കുറിച്ചുള്ള ആശങ്കകളും മൂലം ബുധനാഴ്ച എണ്ണ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് 56 സെൻറ് അഥവാ 0.7 ശതമാനം കുറഞ്ഞ് ബാരലിന് 83.48 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 45 സെൻറ് അഥവാ 0.6% കുറഞ്ഞ് 79.20 ഡോളറിലെത്തി.
നിക്ഷേപകർ പലിശ നിരക്കുകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയ്ക്കായി പൌവ്വലിന്‍റെ പ്രസംഗത്തിന് കാത്തിരിക്കുന്നതിനാല്‍, യുഎസ് ബോണ്ട് യീൽഡുകളിലും ഡോളറിലും ഉണ്ടായ ക്ഷീണം സ്വര്‍ണത്തിന് നേട്ടമായി. ബുധനാഴ്ച സ്വർണവില രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു. സ്‌പോട്ട് ഗോള്‍ഡ് ഔൺസിന് വില ഒരു ശതമാനം ഉയർന്ന് 1,916.10 ഡോളര്‍ ആയി. ഗോള്‍ഡ് ഫ്യൂച്ചറുകളും ഒരു ശതമാനം ഉയർന്ന് 1,945.50 ഡോളറിലെത്തി.
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല
