ബുള്ളുകള്‍ തിരിച്ചുവന്ന ദിവസം

  • ചില എണ്ണ, വാതക കമ്പനികളുടെ ഓഹരികളുടേയും വില്‍പന നടന്നു.

Update: 2023-09-27 11:15 GMT

ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 173.22 പോയന്റ് ( 0.26 ശതമാനം) ഉയര്‍ന്ന് 66,118.69 ല്‍ എത്തി. നിഫ്റ്റി 51.80 പോയന്റ് ( 0.26 ശതമാനം) ഉയര്‍ന്ന് 19,716.50 പോയിന്റ് രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഐടിസി എന്നിവയുടെ ഓഹരികള്‍ക്ക് വാങ്ങലുകാര്‍ കൂടിയതും ഏഷ്യന്‍-യൂറോപ്യന്‍ വിപണികളിലെ പോസിറ്റീവ് പ്രവണതകളുമാണ് ആഭ്യന്തര ഓഹരി സൂചികകളെ നേട്ടത്തിലേക്ക് ഉയര്‍ത്തിയത്.

കൂടാതെ, ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ ഇന്ത്യയുടെ ന്യൂട്രല്‍ പദവി ഓവര്‍വെയ്റ്റിലേക്ക് ഉയര്‍ത്തിയത്   വിപണിക്ക് കരുത്തു പകരുന്നതില്‍ നർണായക പങ്കു വഹിച്ചു.  ചൈനക്ക് പുറമേ  ഇന്ത്യയെ മികച്ച് നിക്ഷേപ സ്ഥലമായി  വിദേശ കമ്പനികള്‍ ഗൌരവമായി പരിഗണിച്ചു തുടങ്ങിയതാണ് വെയിറ്റേജ് ഉയർത്താന്‍ നൊമുറയെ പ്രേരിപ്പിച്ചത്.

ആഗോള സൂചനകളുടെ സമ്മിശ്ര പിന്‍ബലത്തില്‍, ആഭ്യന്തര സൂചികകള്‍ നഷ്ടത്തിലാണ് ആദ്യഘട്ട വ്യാപാരം തുടങ്ങിയത്. ഏതാനും മണിക്കൂറുകളില്‍ നഷ്ടം വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഉച്ചകഴിഞ്ഞുള്ള സെഷനില്‍, വിപണി എല്ലാ നഷ്ടവും തിരിച്ച് പിടിച്ചുകൊണ്ട് ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തി വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

രാവിലെ ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് സൂചിക താഴ്ന്ന് 65,549.96 എന്ന താഴ്ന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റി ഡേ ട്രേഡിംഗില്‍ താഴ്ന്ന 19,554 നും ഉയര്‍ന്ന 19,730.70 നും ഇടയിലാണ് വ്യാപാരം നടന്നത്.

നേട്ടവും നഷ്ടവും

വ്യാപാരം അവസാനിക്കുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ഐടിസി, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, സിപ്ല, ഇന്‍ഫോസിസ്, മാരുതി എല്‍ടിഐമൈന്‍ഡ്ട്രീ, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവ നിഫ്റ്റിയില്‍ നേട്ടം രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ്, എഫ്എംസിജി, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍ സൂചികകള്‍ 0.5-1 ശതമാനം ഉയര്‍ന്നു.  

അതേസമയം ടൈറ്റന്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോകോര്‍പ്പ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, നെസ്ലെ, ബിപിസിഎല്‍ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണികള്‍

ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തില്‍ അവസാനിച്ചു. യൂറോപ്യന്‍ വിപണികളില്‍ കൂടുതലും പോസിറ്റീവായാണ് വ്യാപാരം നടക്കുന്നത്. അതേസമയം യുഎസ് വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. ബ്രെന്റ് ക്രൂഡ് 0.98 ശതമാനം ഉയര്‍ന്ന് ബാരലിന് 94.88 ഡോളറിലെത്തി.

വിദേശ നിക്ഷേപം

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐ) ചൊവ്വാഴ്ച 693.47 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. 

'യൂറോപ്യന്‍ വിപണികളിലെ പോസിറ്റീവ് തുടക്കത്തിന്റെ ഫലമായി രണ്ടാം പകുതിയില്‍ വിപണി ഉയര്‍ന്നു. സാമ്പത്തിക വളര്‍ച്ചാ സാധ്യതകളും ശക്തമായ വരുമാനത്തിനുള്ള സാധ്യതയും പോലെയുള്ള നിരവധി ആഭ്യന്തര ഘടകങ്ങളാല്‍ യുഎസ് പലിശനിരക്കും ഉയര്‍ന്ന എണ്ണവിലയും സംബന്ധിച്ച ആശങ്കകള്‍ ആഭ്യതര വിപണിയെ കാര്യമായി കേടുപാട് ഏല്‍പ്പിച്ചില്ല,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.

വിദേശ ഫണ്ടുകളുടെ തുടര്‍ച്ചയായ പുറത്തേക്കൊഴുക്കും യുഎസ് ബോണ്ട് യീല്‍ഡുകളുടെ വര്‍ധനവും ആഭ്യന്തര സൂചികകളില്‍ തണുപ്പന്‍ പ്രതികരണമായിരിക്കും സൃഷ്ടിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Tags:    

Similar News