20000ന് മുകളില്‍ ക്ലോസ് ചെയ്ത് നിഫ്റ്റി, പച്ചവിടാതെ സെന്‍സെക്സ്
തുടര്‍ച്ചയായ 9-ാം ദിനത്തിലും സെന്‍സെക്സ് നേട്ടത്തില്‍
ചരിത്രത്തിലാദ്യമായി 20,000ന് മുകളിലുള്ള ക്ലോസിംഗ് രേഖപ്പെടുത്തി ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റി. സെന്‍സെക്സ് തുടര്‍ച്ചയായ ഒമ്പതാം ദിനത്തിലും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് തുടക്ക വ്യാപാരത്തില്‍ ഇടിവോടെയാണ് വിപണികള്‍ വ്യാപാരം തുടങ്ങിയത് എങ്കിലും പിന്നീട് ചാഞ്ചാട്ടത്തിലേക്കും തുടര്‍ന്ന് നേട്ടത്തിലേക്കും വിപണി മാറി. പൊതുമേഖലാ ബാങ്കുകളുടെയും ഊര്‍ജ്ജ മേഖലയുടെയും ഓഹരികള്‍ മികച്ച നേട്ടം സ്വന്തമാക്കി. ഭൂരിഭാഗം സൂചികകളിലും മുന്നേറ്റമാണ് പ്രകടമായത്.
പണപ്പെരുപ്പ ഭീതി ഒഴിയുന്നതായും വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച മെച്ചപ്പെട്ടതായുമുള്ള ഔദ്യോഗിക ഡാറ്റ നിക്ഷേപക വികാരം ഉയര്‍ത്തി. സെൻസെക്‌സ് 246 പോയിന്റ് ( 0.37 ശതമാനം) നേട്ടത്തിൽ 67,466.99 ലും നിഫ്റ്റി 77 പോയിന്റ് (0.38 ശതമാനം) ഉയർന്ന് 20,070 ലും ക്ലോസ് ചെയ്തു.
സെൻസെക്‌സില്‍ ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിൻസെർവ്, ഐടിസി, ടൈറ്റൻ, പവർ ഗ്രിഡ്, അൾട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ് എന്നിവയാണ് ഇടിവു നേരിടുന്ന പ്രധാന ഓഹരികള്‍.
ഏഷ്യൻ വിപണികളിൽ, ഷാങ്ഹായ്, ഹോങ്കോംഗ് , ടോക്കിയോ എന്നിവ ഇടിവിലാണ് . ചൊവ്വാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.
ജൂലൈയിൽ 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.44 ശതമാനത്തിലെത്തിയതിന് ശേഷം ഓഗസ്റ്റിൽ റീട്ടെയിൽ പണപ്പെരുപ്പം 6.83 ശതമാനമായി കുറഞ്ഞു, പ്രധാനമായും പച്ചക്കറികളുടെ വിലക്കയറ്റത്തില്‍ കുറവുണ്ടായി. ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വളർച്ച ജൂലൈയിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.7 ശതമാനത്തിലേക്ക് ഉയര്‍ന്നു. പ്രധാനമായും ഉൽപ്പാദനം, ഖനനം, ഊർജ്ജം എന്നീ മേഖലകളിലെ മികച്ച പ്രകടനം ഇന്നലെ പുറത്തിറങ്ങിയ ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച ബിഎസ്ഇ 94.05 പോയിന്റ് (0.14 ശതമാനം) ഉയർന്ന് 67,221.13 ൽ എത്തി. എന്നിരുന്നാലും, നിഫ്റ്റി 3.15 പോയിന്റ് (0.02 ശതമാനം) ഇടിഞ്ഞ് 19,993.20 ൽ അവസാനിച്ചു.
