തിരിച്ചുവരവ് നടത്തി പേടിഎം; മുന്നേറിയത് 5%

  • 16 ന് ബിഎസ്ഇയില്‍ പേടിഎം ഓഹരി വ്യാപാരം ക്ലോസ് ചെയ്തത് 341.50 രൂപയിലാണ്
  • പേടിഎം ഇടപാടുകാരോടും വ്യാപാരികളോടും മറ്റ് ബാങ്കുകളിലേക്ക് അക്കൗണ്ടുകള്‍ മാറ്റാന്‍ ആര്‍ബിഐ നിര്‍ദേശിച്ചു
  • പേടിഎം നോഡല്‍ അക്കൗണ്ട് ആക്‌സിസ് ബാങ്കിലേക്ക് മാറ്റി

Update: 2024-02-17 08:37 GMT

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികള്‍ ഫെബ്രുവരി 16 ന് അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. മൂന്ന് ദിവസത്തെ തകര്‍ച്ചയ്ക്കു ശേഷമാണു കമ്പനിയുടെ ഓഹരി തിരിച്ചുവരവ് നടത്തിയത്. 16 ന് ബിഎസ്ഇയില്‍ വ്യാപാരം ക്ലോസ് ചെയ്തത് 341.50 രൂപയിലാണ്.

പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരേ ആര്‍ബിഐ നടപടിയെടുത്തതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 11 വ്യാപാര സെഷനുകളിലായി പേടിഎമ്മിന് 27,000 കോടി രൂപയുടെ അഥവാ 57 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

അതേസമയം പേടിഎമ്മിന് ആശ്വാസം പകരുന്ന വാര്‍ത്തകളാണ് ഫെബ്രുവരി 17 ന് പുറത്തുവരുന്നത്. പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ വിദേശ വിനിമയ നിയമം ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, 2024 മാര്‍ച്ച് 15 വരെ പേടിഎം വാലറ്റ്, ഫാസ്ടാഗ്, ബാങ്ക് അക്കൗണ്ട് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതിനു തടസ്സമില്ലെന്ന് ആര്‍ബിഐ അറിയിച്ചു.

ഫെബ്രുവരി 29 ന് ശേഷം നടപ്പിലാക്കാനിരുന്ന നിയന്ത്രണമാണ് മാര്‍ച്ച് 15 ലേക്ക് നീട്ടിയത്. പൊതുജന താല്‍പര്യം കണക്കിലെടുത്താണ് ഇതെന്നും ആര്‍ബിഐ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരികളില്‍ നിക്ഷേപകര്‍ക്കു താല്‍പര്യം കുറഞ്ഞതിനെ തുടര്‍ന്നു വിദേശ ബ്രോക്കിംഗ് സ്ഥാപനമായ മക്വാരി ' അണ്ടര്‍ പെര്‍ഫോം ' റേറ്റിംഗിലേക്ക് ഓഹരിയെ തരംതാഴ്ത്തിയിരുന്നു.

Tags:    

Similar News