പോപ്പുലര്‍ വെഹിക്കിള്‍സ് ഐപിഒയിലേക്ക്; പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു

  • ഇത് രണ്ടാം തവണയാണ് പൊതു വിപണിയിലേക്ക് എത്തുന്നതിന് ശ്രമം നടത്തുന്നത്
  • ഐപിഒയിൽ 250 കോടി രൂപയുടെ പുതിയ ഓഹരികള്‍
  • പ്രീ-ഐ‌പി‌ഒ പ്ലേസ്‌മെന്റ് റൗണ്ടിൽ 50 കോടി രൂപ സമാഹരിക്കാനും പദ്ധതി

Update: 2023-10-01 04:58 GMT

പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ ഫണ്ട് സ്വരൂപിക്കുന്നതിനായി പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് വിപണി നിയന്ത്രണ സ്ഥാപനമായ സെബിക്ക് പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. ഓട്ടോമോട്ടീവ് ഡീലർഷിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനി ഇത് രണ്ടാം തവണയാണ് പൊതു വിപണിയിലേക്ക് എത്തുന്നതിന് ശ്രമം നടത്തുന്നത്. 

നേരത്തെ ഐ‌പി‌ഒക്കായി കമ്പനി 2021 ഓഗസ്റ്റിൽ സെബിയിൽ ഡ്രാഫ്റ്റ് പേപ്പറുകൾ സമർപ്പിച്ചിരുന്നുവെങ്കിലും വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ കന്നി പബ്ലിക് ഇഷ്യു മാറ്റിവച്ചു. 

ഇക്കഴിഞ്ഞ വ്യാഴാഴ്ച സെബിയില്‍ സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) പ്രകാരം, ഐപിഒയിൽ 250 കോടി രൂപയുടെ പുതിയ ഓഹരികളും ബനിയൻട്രീ ഗ്രോത്ത് ക്യാപിറ്റൽ II, എൽഎൽസി എന്നിവയുടെ 1.42 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും (ഒഎഫ്എസ്) ഉൾപ്പെടുന്നു.

ഐസിഐസിഐ സെക്യൂരിറ്റീസ്, നുവാമ വെൽത്ത് മാനേജ്മെന്റ്, സെൻട്രം ക്യാപിറ്റൽ എന്നിവയെ ഐപിഒയുടെ ഉപദേശകരായി നിയമിച്ചിട്ടുണ്ട്. കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

കമ്പനിയെ കുറിച്ച്

ഇതിനു പുറമേ പ്രീ-ഐ‌പി‌ഒ പ്ലേസ്‌മെന്റ് റൗണ്ടിൽ 50 കോടി രൂപ സമാഹരിക്കാനും കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ശ്രമിക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ പുതിയ ഇഷ്യൂ വലുപ്പം കുറയും. കടം വീട്ടുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായാണ് ഐപിഒ-യിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കുക. 

പുതിയ പാസഞ്ചർ, കൊമേഴ്‌സ്യൽ വാഹനങ്ങളുടെ വിൽപ്പന, സേവനങ്ങളും അറ്റകുറ്റപ്പണികളും, സ്‌പെയർ പാർട്‌സ് വിതരണം, പ്രീ-ഉടമസ്ഥതയിലുള്ള പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന എന്നിവ ഉൾപ്പെടെ ഓട്ടോമോട്ടീവ് റീട്ടെയിൽ മൂല്യ ശൃംഖലയിലുടനീളം സാന്നിധ്യമുള്ള രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടീവ് ഡീലർഷിപ്പാണ് പോപ്പുലര്‍ വെഹിക്കിള്‍സ്.  മൂന്നാം കക്ഷി സാമ്പത്തിക, ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിൽപ്പന സുഗമമാക്കുകയും ചെയ്യുന്നു.

മാരുതി സുസുക്കി, ഹോണ്ട, ജെഎൽആർ എന്നിവയുടെ പാസഞ്ചർ വാഹന ഡീലർഷിപ്പുകളും ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന ഡീലർഷിപ്പും ഇത് പ്രവർത്തിപ്പിക്കുന്നു.

Tags:    

Similar News