ജിയോ ഫിന്‍ ഉള്‍പ്പടെ 10 കമ്പനികളുടെ പ്രൈസ് ബാന്‍ഡ് ഉയര്‍ത്തി
സെപ്റ്റംബര്‍ 1ന് ജിയോഫിന്‍ ബിഎസ്ഇ സൂചികകളില്‍ നിന്ന് നീക്കിയിരുന്നു
ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ സർക്യൂട്ട് പരിധി നിലവിലുള്ള 5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി പരിഷ്കരിച്ചു. ഇതിന് പുറമെ, റെയിൽടെൽ, ഇന്ത്യ പെസ്റ്റിസൈഡ്സ് എന്നിവയുൾപ്പെടെ ഒമ്പത് കമ്പനികളുടെ പ്രൈസ് ബാൻഡ് 10 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ പ്രൈസ് ബാന്‍ഡുകള്‍ സെപ്റ്റംബർ 4 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിഎസ്ഇ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഒരു സെഷനിൽ നിശ്ചിത നിലവാരത്തിനപ്പുറം ഓഹരികളുടെ വിലകൾ ചാഞ്ചാടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്.
അടുത്തയാഴ്ച ട്രേഡ്-ടു-ട്രേഡ് വിഭാഗത്തിൽ നിന്ന് ജിയോ ഫിന്‍ ഓഹരികള്‍ പുറത്തേക്ക് പോകുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. സെൻസെക്സ് ഉൾപ്പെടെ എല്ലാ ബിഎസ്ഇ സൂചികകളിൽ നിന്നും ജിയോ ഫിനാൻഷ്യലിന്റെ സ്റ്റോക്ക് സെപ്റ്റംബർ 1ന് നീക്കം ചെയ്തിരുന്നു. ജിയോ ഫിനാൻഷ്യലിന്റെ മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നുള്ള വേര്‍പെടുത്തലിനെ തുടര്‍ന്ന് ഓഗസ്റ്റ് 21നാണ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തത്.
നേരത്തെ, ഓഗസ്റ്റ് 24ന് സൂചികകളിൽ നിന്ന് ഓഹരി നീക്കം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് ഓഗസ്റ്റ് 29 ലേക്ക് മാറ്റി. എങ്കിലും, ലോവർ സർക്യൂട്ടിൽ തന്നെ തുടര്‍ന്നതിനാല്‍ ഇത് നീട്ടുകയായിരുന്നു. കഴിഞ്ഞ മൂന്ന് ട്രേഡിംഗ് സെഷനുകളിൽ, അപ്പർ സർക്യൂട്ടുകളെ സ്പർശിച്ചും ലോവർ സർക്യൂട്ടുകൾ ഒഴിവാക്കിയും സ്റ്റോക്ക് നേട്ടമുണ്ടാക്കി.
