ലെൻസ്കാർട്ടിൽ വൻ നിക്ഷേപവുമായി രാധാകിഷൻ ദമാനി
ഐപിഒക്ക് മുന്നോടിയായി ലെൻസ്കാർട്ടിൽ വൻകിട നിക്ഷേപം നടത്തി രാധാകിഷൻ ദമാനി
ഐപിഒക്ക് മുന്നോടിയായി ലെൻസ്കാർട്ടിൽ നിക്ഷേപവുമായി അവന്യൂസൂപ്പർ മാർട്ട് ഉടമ രാധാകിഷൻ ദമാനി. ലെൻസ്കാർട്ടിൽ 90 കോടി രൂപയാണ് നിക്ഷേപം. 2,150 കോടി രൂപയുടെ ഐപിഒക്കാണ് ലെൻസ്കാർട്ട് തയ്യാറെടുക്കുന്നത്. റീട്ടെയ്ലർമാർക്കുള്ള ഫണ്ടുകൾ, സാങ്കേതികവിദ്യ, മാർക്കറ്റിംഗ് എന്നിവയ്ക്കായി ഫണ്ട് വിനിയോഗിച്ചേക്കും എന്നാണ് സൂചന. ലെൻസ്കാർട്ടിൻ്റെ ഓൺലൈൻ റീട്ടെയ്ൽ സ്റ്റോറുകളും അന്താരാഷ്ട്ര സാനിധ്യവും വിപുലീകരിക്കും.
അടുത്ത ആഴ്ച ഐപിഒ സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. 2,150 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐപിഒയിലൂടെ പ്രൊമോട്ടർമാരും നിക്ഷേപകരും 13.22 കോടി ഷെയറുകളാണ് ഓഫ്‌ലോഡ് ചെയ്യുക. പ്രൊമോട്ടർമാരായ പെയൂഷ് ബൻസാൽ, നേഹ ബൻസാൽ, അമിത് ചൗധരി, സുമീത് കപാഹി എന്നിവരുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. നിക്ഷേപകരായ എസ് വിഎഫ് II ലൈറ്റ്ബൾബ് (കേമാൻ) ലിമിറ്റഡ്, ഷ്രോഡേഴ്സ് ക്യാപിറ്റൽ പ്രൈവറ്റ് ഇക്വിറ്റി ഏഷ്യ മൗറീഷ്യസ് ലിമിറ്റഡ്, പിഐ ഓപ്പർച്യുണിറ്റീസ് ഫണ്ട് തുടങ്ങിയ കമ്പനികളുടെയും ഓഹരികൾ വിറ്റഴിക്കും.
മുന്നേറ്റം ലക്ഷ്യമിട്ട് കമ്പനി
ലെൻസ്‌കാർട്ട് ഐപിഒയിൽ നിന്നുള്ള വരുമാനം വിവിധ സംരംഭങ്ങൾക്കായി വിനിയോഗിക്കും. ഇന്ത്യയിൽ പുതിയ സ്റ്റോറുകൾ നടത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. പുതിയ സ്റ്റോറുകൾക്കായുള്ള ലൈസൻസ്, വാടക കരാറുകൾ എന്നിവയുമായി ബന്ധപ്പെട്ട പേയ്‌മെന്റുകൾ, സാങ്കേതികവിദ്യ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്തെ നിക്ഷേപങ്ങൾ, മാർക്കറ്റിംഗ്, ബിസിനസ് പ്രമോഷൻ എന്നിവക്കായി തുക വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
