വിപണികളില്‍ കുതിപ്പ് തുടരുന്നു
- എസ്‍ബിഐയും എച്ച്‍യുഎലും ഇടിവ് നേരിട്ടു
- ആക്സിസ് ബാങ്കിന് 2 ശതമാനത്തിന് മുകളില്‍ നേട്ടം
- നിക്ഷേപകര്‍ക്ക് മൊത്തം 3 ലക്ഷം കോടി രൂപയുടെ നേട്ടം
തുടർച്ചയായ മൂന്നാം സെഷനിലും നേട്ടം രേഖപ്പെടുത്തിക്കൊണ്ടാണ് ആഭ്യന്തര ഓഹരി വിപണികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ അനുകൂല പ്രവണതകളും മികച്ച വരുമാന പ്രഖ്യാപനങ്ങളും നിക്ഷേപകരുടെ വികാരത്തെ പിന്തുണച്ചു. നിഫ്റ്റി 183 പോയിൻറ് അഥവാ 0.95 ശതമാനം ഉയർന്ന് 19,413.65 ലും സെൻസെക്സ് 595 പോയിൻറ് അഥവാ 0.92 ശതമാനം ഉയർന്ന് 64,958.69 ലും ക്ലോസ് ചെയ്തു.
ആക്സിസ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ എന്നിവയാണ് മികച്ച നേട്ടം കൊയ്ത പ്രധാന ഓഹരികള്‍. ഹിന്ദുസ്ഥാൻ യുണിലിവർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ കമ്പനി എന്നിവ ഇടിവ് നേരിട്ടു. നിക്ഷേപകര്‍ക്ക് മൊത്തം 3 ലക്ഷം കോടി രൂപയുടെ നേട്ടം ഇന്നുണ്ടായെന്നാണ് കണക്കാക്കുന്നത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചച്. വെള്ളിയാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് മേഖലയിലാണ് അവസാനിച്ചത്.
"ഇസ്രായേൽ-ഹമാസ് സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിലും ഇപ്പോൾ വിപണി കാളകൾക്ക് അനുകൂലമാണ്. യുഎസിലെ 10 വർഷ ബോണ്ട് ആദായം കുത്തനെ ഇടിഞ്ഞതാണ് ഏറ്റവും ശക്തമായ ട്രിഗര്‍," ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 12.43 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 282.88 പോയിന്റ് അഥവാ 0.44 ശതമാനം ഉയർന്ന് 64,363.78 പോയിന്റിലും നിഫ്റ്റി 97.35 പോയിന്റ് അല്ലെങ്കിൽ 0.51 ശതമാനം ഉയർന്ന് 19,230.60 പോയിന്റിലും എത്തി.
