വിലക്കയറ്റം സമീപഭാവിയില്‍ തുടരുമെന്ന് ആര്‍ബിഐ; ഏഷ്യന്‍ വിപണികള്‍ ഇടവില്‍; ഇന്ന് വിപണി തുറക്കുമുമ്പ് അറിയേണ്ടത്

  • അധിക പണലഭ്യത നിയന്ത്രിക്കുന്നത് തുടരുമെന്ന് സൂചന
  • ഗിഫ്റ്റ് നിഫ്റ്റി തുടങ്ങിയത് നേട്ടത്തില്‍
  • പൗവ്വലിന്‍റെ പ്രസംഗത്തിന് കാതോര്‍ത്ത് ആഗോള നിക്ഷേപകര്‍

Update: 2023-08-25 02:13 GMT

 ഇന്നലെ വ്യാപാര സെഷന്‍റെ ആദ്യ മണിക്കൂറുകളില്‍ മികച്ച നേട്ടം സ്വന്തമാക്കി മുന്നേറിയ ഓഹരി വിപണി സൂചികകള്‍ ഉച്ചയോടെ നേട്ടങ്ങള്‍ കൈവിട്ട് നഷ്ടത്തിലേക്ക് വീണു. ബിഎസ്ഇ സെൻസെക്‌സ് 180.96 പോയിന്റ് ( 0.28 ശതമാനം) താഴ്ന്ന് 65,252.34ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 63.90 പോയിന്റ് (0.33 ശതമാനം) താഴ്ന്ന് 19,380.10ല്‍ എത്തി. 

ആര്‍ബിഐ മിനിറ്റ്സ് പറയുന്നത്

പണപ്പെരുപ്പ നിരക്ക് ഹ്രസ്വകാലയളവിലേക്ക് ഉയര്‍ന്നു തന്നെ നിന്നേക്കുമെന്ന് വിലയിരുത്തലാണ് റിസര്‍വ് ബാങ്ക് ധനനയ സമിതി (എംപിസി) നടത്തിയിട്ടുള്ളത്. കാലവര്‍ഷത്തിന്‍റെ ക്രമം തെറ്റലും എല്‍നിനോ പ്രഭാവവും ഭക്ഷ്യോല്‍പ്പാദനത്തെ ബാധിക്കുന്നുവെന്നും ഭക്ഷ്യവിതരണത്തില്‍ തടസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാപൂര്‍ണമായ സമീപനം വേണമെന്നുമാണ് കേന്ദ്രബാങ്ക് കണക്കാക്കുന്നത്. കഴിഞ്ഞ എംപിസി യോഗത്തിന്‍റെ മിനിറ്റ്സ് ഇന്നലെ രാത്രിയോടെ പുറത്തുവന്നു.

ബാങ്കുകളിലെ അധിക പണലഭ്യതയെ നിയന്ത്രിച്ചുകൊണ്ടുള്ള നടപടികള്‍ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ ഉതകുമെന്നും അനിവാര്യമായ ഘട്ടത്തില്‍ മറ്റുനടപടികള്‍ ആവശ്യമെങ്കില്‍ അതിന് തയാറായിരിക്കണമെന്നും എംപിസി വിലയിരുത്തുന്നു. തീര്‍ച്ചയായും ഇതിന്‍റെ പ്രതിഫലനം ഇന്ന് വിപണിയുടെ തുടക്കത്തില്‍ കാണാനാകും. 

പലിശ നിരക്കുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും മുമ്പ് ആഗോള തലത്തില്‍ നിക്ഷേപകര്‍ ജാഗ്രതാപൂര്‍ണമായ സമീപനത്തിലേക്ക് നീങ്ങി. യുഎസ് കേന്ദ്രബാങ്ക് സംഘടിപ്പിക്കുന്ന സിമ്പോസിയത്തിന്‍റെ ഭാഗമായി വിവിധ കേന്ദ്ര ബാങ്കുകളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. പക്ഷേ, ഏറ്റവും പ്രാധാന്യത്തോടെ നിക്ഷേപകര്‍ ഉറ്റുനോക്കുന്നത് ഇന്ന് ഫെഡ് ചീഫ് ജെറോം പവല്‍ നടത്തുന്ന പ്രസംഗത്തിലേക്കാണ്.

ഏഷ്യന്‍ വിപണികള്‍ ഇടിവില്‍ തുടങ്ങി

ഏഷ്യയിലെ പ്രമുഖ വിപണികളിലെല്ലാം ഇന്ന് ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഷാങ്ഹായ്, ഹോംഗ്കോംഗ്, ടോക്കിയോ, തായ്വാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിപണികളെല്ലാം തുടക്കവ്യാപാരത്തില്‍ നഷ്ടത്തിലാണ്. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നഷ്ടത്തിലായിരുന്നു. 

യുഎസ് വിപണികളില്‍ ഡൗ ജോണ്‍സ് നേരിയ നേട്ടത്തിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്, എന്നാല്‍ നാസ്‍ഡാഖും എസ് & പി 500ഉം  ഒരു ശതമാനത്തിന് മുകളിലുള്ള നഷ്ടം രേഖപ്പെടുത്തി. 

ഗിഫ്റ്റ് നിഫ്റ്റിയില്‍ ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര സൂചികകളുടെ തുടക്കം ഫ്ലാറ്റായോ നേരിയ നേട്ടത്തോടെയോ ആകാമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. 

നിഫ്റ്റിയുടെ സപ്പോർട്ടും റെസിസ്റ്റന്‍സും 

 നിഫ്റ്റി താഴേയ്ക്കു നീങ്ങിയാല്‍ 19,364 ലും തുടർന്ന് 19,314 ലും 19,231 ലും സപ്പോര്‍ട്ട് ലഭിച്ചേക്കാം   ഉയർച്ചയുണ്ടായാൽ, 19,529 ആണ് പ്രധാന റെസിസ്റ്റന്‍സ്, തുടർന്ന് 19,580, 19,662.

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

വൺ 97 കമ്മ്യൂണിക്കേഷൻസ് (പേടിഎം):  പ്രൊമോട്ടർ ഗ്രൂപ്പായ ആന്‍റ്ഫിന്‍, ഒരു ബ്ലോക്ക് ഡീൽ വഴി  പേടിഎമ്മിന്റെ 3.6 ശതമാനം ഓഹരികള്‍ വിൽക്കാൻ സാധ്യതയുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇടപാടിന്റെ തറവില ഒരു ഓഹരിക്ക് 880.10 രൂപയാണ്. ഇന്നലത്തെ ക്ലോസിംഗ് വിലയിൽ നിന്ന് 2.7 ശതമാനം ഡിസ്‍കൗണ്ടാണിത്. 

ആസ്ട്ര മൈക്രോവേവ് പ്രൊഡക്റ്റ്സ്: റേഡിയോ ഫ്രീക്വൻസി, മൈക്രോവേവ് സിസ്റ്റങ്ങൾക്കുള്ള സബ്-സിസ്റ്റങ്ങള്‍ നിര്‍മിക്കുന്ന കമ്പനി ഡിആർഡിഒ, ഐഎസ്ആർഒ, ഡിപിഎസ്യു എന്നിവയിൽ നിന്ന് സാറ്റലൈറ്റ് സബ് സിസ്റ്റങ്ങൾ, എയർബോൺ റഡാർ, റഡാറുകളുടെ സബ് സിസ്റ്റങ്ങൾ, ഇഡബ്ല്യു പ്രോജക്ടുകള്‍ എന്നിവയ്ക്കായി 158 കോടി രൂപയുടെ ഓർഡറുകൾ നേടി. 

അദാനി ഗ്രൂപ്പ്:  തങ്ങളുടെ വിവിധ തന്ത്രപരമായ സംരംഭങ്ങളിലൂടെ കമ്പനിയുടെ മൊത്തം ഇക്വിറ്റി വിന്യാസം 2.36 ലക്ഷം കോടി രൂപയായി ഉയർത്തിയെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു.. ഇത് ഗ്രൂപ്പിന്റെ മൊത്തം മൊത്ത ആസ്തിയുടെ പകുതിയിലധികമാണ്.

വേദാന്ത: രാജസ്ഥാൻ ബ്ലോക്ക് കേസിൽ വേദാന്തയുടെ വാദം ആര്‍ബിട്രേഷന്‍ കോടതി അംഗീകരിച്ചു. രാജസ്ഥാൻ ബ്ലോക്കിനായുള്ള ഉൽപ്പാദനം പങ്കിടൽ കരാറിലെ വ്യവസ്ഥകൾ പ്രകാരം അധിക പ്രോഫിറ്റ് പെട്രോളിയം കമ്പനി പങ്കുവെക്കേണ്ടതില്ല. 

ഭാരതി എയർടെൽ: ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ ജൂണിൽ 14.09 ലക്ഷം ഉപയോക്താക്കളെ ചേർത്തു, മെയ് മാസത്തിലെ 13.28 ലക്ഷം പേരില്‍ നിന്ന് വര്‍ധനയാണ് ഇത്. 

വിദേശ ഫണ്ടുകളുടെ വരവ്

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 1,524.87 കോടി രൂപയുടെ ഓഹരികളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 5,796.61 കോടി രൂപയുടെ ഓഹരികളും ഇന്നലെ വാങ്ങിയെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 901.63 കോടി രൂപയുടെ അറ്റവാങ്ങലാണ് ഇക്വിറ്റികളില്‍ ഇന്നലെ നടത്തിയത്. ഡെറ്റ് വിപണിയില്‍ 73.05 കോടി രൂപയുടെ അറ്റവാങ്ങലും എഫ്‍പിഐകള്‍ നടത്തി. 

ക്രൂഡ് ഓയിലും സ്വര്‍ണവും

പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള നിരാശാജനകമായ സാമ്പത്തിക ഡാറ്റയെ തുടർന്ന് വ്യാഴാഴ്ച എണ്ണ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില 99 സെൻറ് അഥവാ 1.2 ശതമാനം കുറഞ്ഞ് ബാരലിന് 82.22 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 1.08 ഡോളർ അഥവാ 1.4 ശതമാനം കുറഞ്ഞ് ബാരലിന് 77.81 ഡോളറായി.

ഡോളര്‍ ശക്തിപ്രാപിക്കുകയും യുഎസ് ബോണ്ട് ആദായം ഉയരുകയും ചെയ്‌തതിനെ തുടർന്ന് വ്യാഴാഴ്ച സ്വർണവില താഴ്ന്നു.  സ്‌പോട്ട് ഗോൾഡ് 0.02 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,913.99 ഡോളറായി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.3 ശതമാനം ഇടിഞ്ഞ് 1,941.60 ഡോളറിലെത്തി.


Tags:    

Similar News