വലിയ തിരിച്ചടി ഐടി-ക്ക്, ഇടിവ് തുടര്‍ന്ന് സെന്‍സെക്സും നിഫ്റ്റിയും
- ഓട്ടൊമൊബൈല്‍, ഫാര്‍മ മേഖലകളിലെ ഓഹരികള്‍ നേട്ടത്തില്‍
- ഫെഡ് നയ പ്രഖ്യാപനത്തിനു മുന്നോടിയായി ട്രേഡര്‍മാര്‍ ജാഗ്രതയില്‍
- നിഫ്റ്റി ഐടി 1 ശതമാനത്തിന് മുകളിലുള്ള ഇടിവില്‍
ആഭ്യന്തര ബെഞ്ച് മാര്‍ക്ക് സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടരുകയാണ്. റെക്കോഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോയ റാലിക്ക് ശേഷം ഒരു വിഭാഗം ട്രേഡര്‍മാര്‍ ലാഭമെടുക്കലിലേക്ക് നീങ്ങിയതും യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ജാഗ്രതയുമാണ് വിപണികളെ താഴോട്ടുവലിക്കുന്നത്. നവംബറിലെ വിലക്കയറ്റ തോത് 5.55 ശതമാനത്തിലേക്ക് ഉയര്‍ന്നതും വിപണി വികാരത്തിന് തിരിച്ചടിയായി.
ഐടി കമ്പനികളാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിട്ടുള്ളത്. നിഫ്റ്റി ഐടി 1 ശതമാനത്തിന് മുകളിലുള്ള ഇടിവിലേക്ക് നീങ്ങി. ഓട്ടൊമൊബൈല്‍, ഫാര്‍മ എന്നിവ ഒഴികെയുള്ള വിഭാഗങ്ങള്‍ ചുവപ്പിലാണ്.
രാവിലെ 10.21നുള്ള വിവരം അനുസരിച്ച് നിഫ്റ്റി 68.65 പോയിന്‍റ് (0.33%) ഇടിഞ്ഞ് 20,837.75ലും സെന്‍സെക്സ് 238.73 പോയിന്‍റ് (0.34%) ഇടിഞ്ഞ് 69,312.30ലും ആണ് ഉള്ളത്.
എൻടിപിസി, അൾട്രാടെക് സിമന്റ്, പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയാണ് സെന്‍സെക്സില്‍ മികച്ച നേട്ടമുണ്ടാക്കുന്ന പ്രധാന ഓഹരികള്‍. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഒഹരികള്‍.
"ഉയർന്ന മൂല്യനിർണ്ണയങ്ങൾക്കിടയിലും വിപണിയുടെ ഹ്രസ്വകാല അടിയൊഴുക്ക് ബുള്ളിഷ് ആണ്. സമ്പദ്‌വ്യവസ്ഥയിലെ വളർച്ചയുടെ ആക്കം, ഡിഐഐകളുടെയും റീട്ടെയിൽ നിക്ഷേപകരുടെയും സുസ്ഥിരമായ വാങ്ങൽ, എഫ്‌പിഐ-കള്‍ വിൽപ്പനയിൽ നിന്ന് വാങ്ങലിലേക്ക് തിരിച്ചെത്തിയത്, അനുകൂലമായ ആഗോള സൂചനകൾ എന്നിവ വിപണിയെ പ്രതിരോധിക്കു ," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
"ആഗോള വീക്ഷണകോണിൽ, ഇന്ന് രാത്രിയിലെ ഫെഡ് സന്ദേശം ആഗോള വിപണി പ്രവണത സജ്ജീകരിക്കുന്നതിൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
