1%നു മുകളില്‍ ഇടിവുമായി സെന്‍സെക്സും നിഫ്റ്റിയും
- വലിയ ഇടിവ് നേരിട്ട് എച്ച്ഡിഎഫ്‍സി ബാങ്ക്
- ഓഹരിവിപണികളിലെ ഇടിവ് തുടര്‍ച്ചയായ രണ്ടാം ദിനത്തില്‍
യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി, ആഗോള വിപണികളിലെ ദുർബലമായ പ്രവണതകളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരി വിപണികള്‍ ഇന്ന് 1 ശതമാനത്തിനു മുകളിലുള്ള ഇടിവ് രേഖപ്പെടുത്തി. വിദേശ ഫണ്ടുകളുടെ ഒഴുക്കും സൂചികയിലെ പ്രമുഖരായ എച്ച്‌ഡിഎഫ്‌സി ബാങ്കിലെയും റിലയന്‍സ് ഇന്‍ഡസ്ട്രീസിലെയും വില്‍പ്പനയും ബെയറിഷ് പ്രവണതയ്ക്ക് ആക്കം കൂട്ടി. നിക്ഷേപകരുടെ മൊത്തം നഷ്ടം ഇന്ന് 2 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
സെൻസെക്‌സ് 796 പോയിന്റ് (1.18 ശതമാനം) നഷ്ടത്തിൽ 66,800.84 ലും നിഫ്റ്റി 223 പോയിന്റ് (1.11 ശതമാനം) ഇടിഞ്ഞ് 19,910.45 ലും ക്ലോസ് ചെയ്തു.സെൻസെക്‌സ് കമ്പനികളില്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഏറ്റവും കൂടുതൽ ഇടിവ് പ്രകടമാക്കി, 3.5 ശതമാനത്തിലധികം താഴ്ച്ചയാണ് ഈ ഓഹരിയില്‍ ഉണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, മാരുതി, ടൈറ്റൻ, ഹിന്ദുസ്ഥാൻ യുണിലിവർ,ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് ഇടിവ് നേരിട്ട മറ്റ് പ്രധാന ഓഹരികള്‍. എൻടിപിസി, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.99 ശതമാനം ഇടിഞ്ഞ് ബാരലിന് 93.41 ഡോളറിലെത്തി.
"ഹ്രസ്വകാലത്തേക്ക് വിപണിയിൽ വളരെയധികം വെല്ലുവിളികൾ ഉണ്ട്. ബ്രെന്റ് ക്രൂഡ് 94 ഡോളറിലാണ്, ഡോളർ സൂചിക 105ന് മുകളിലേക്ക് നീങ്ങി, യുഎസ് ബോണ്ട് യീൽഡ് 5.09 ശതമാനമായി, ഡോളറിനെതിരെ രൂപ റെക്കോഡ് താഴ്ചയിലെത്തി എന്നിവയെല്ലാം ശക്തമായ തിരിച്ചടികളാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറയുന്നു.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 1,236.51 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഗണേശ ചതുർത്ഥി പ്രമാണിച്ച് ഓഹരി വിപണികൾക്ക് ചൊവ്വാഴ്ച അവധിയായിരുന്നു. 11 ദിവസത്തെ റാലി അവസാനിപ്പിച്ച്, ബിഎസ്‌ഇ ബെഞ്ച്മാർക്ക് 241.79 പോയിന്റ് (0.36 ശതമാനം) ഇടിഞ്ഞ് തിങ്കളാഴ്ച 67,596.84 ൽ എത്തി. വിശാലമായ നിഫ്റ്റി 59.05 പോയിന്റ് (0.29 ശതമാനം) ഇടിഞ്ഞ് 20,133.30ൽ അവസാനിച്ചു.
