തുടക്ക വ്യാപാരത്തില്‍ നേട്ടം കൂട്ടി സെന്‍സെക്സും നിഫ്റ്റിയും
- നിഫ്റ്റി മെറ്റൽ, ഐടി സൂചികകള്‍ 1 ശതമാനം വീതം ഉയർന്നു
- 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ യീല്‍ഡ് ഇപ്പോള്‍ എകദേശം 3.95%
- വിപണികള്‍ കണ്‍സോളിഡേഷനിലേക്ക് നീങ്ങാമെന്ന് വിദഗ്ധര്‍
വെള്ളിയാഴ്ച തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഇക്വിറ്റി സൂചികകൾ പുതിയ സര്‍വകാല ഉയരത്തില്‍ വ്യാപാരം തുടങ്ങി. തുടക്ക വ്യാപാരത്തില്‍ എല്ലാ മേഖലകളിലെയും ഓഹരികള്‍ നേട്ടം കണ്ടു. രാവിലെ 9:22 ഓടെ ബിഎസ്ഇ സെൻസെക്‌സ് 287 പോയിന്റ് അഥവാ 0.41 ശതമാനം ഉയർന്ന് 70,801 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി-50 89 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 21,271 ലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് ഫെഡ് റിസര്‍വ് അടുത്ത വര്‍ഷം പലിശ നിരക്കുകളില്‍ കുറവു വരുത്താന്‍ തയാറെടുക്കുകയാണെന്ന് വ്യക്തമാക്കിയതോടെ ആഗോള വിപണികളില്‍ നടക്കുന്ന റാലിയാണ് ഇന്ത്യന്‍ വിപണികളെയും പ്രധാനമായും സ്വാധീനിക്കുന്നത്.
രാവിലെ 10.06നുള്ള വിവരം അനുസരിച്ച് സെന്‍സെക്സ് 398.43 പോയിന്‍റ് (0.57%) നേട്ടത്തോടെ 70,912.63ലും നിഫ്റ്റി 126.70 പോയിന്‍റ് (0.60%) നേട്ടത്തോടെ 21,309.40ലും ആണ്. നിഫ്റ്റിയില്‍ ധനകാര്യ സേവനങ്ങളും എഫ്എംസിജിയും ഒഴികെയുള്ള മേഖലകള്‍ നേട്ടത്തിലാണ്.
ജെഎസ്‍ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, യുപിഎല്‍, എല്‍ടിഐഎം, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, കോൾ ഇന്ത്യ, ടിസിഎസ്, ഒഎൻജിസി എന്നീ ഓഹരികള്‍ മുന്നേറ്റം നടത്തുന്നു. ഐടിസി, അള്‍ട്രാടെക് സിമന്‍റ്, ബജാജ് ഫിന്‍സെര്‍വ്, ഹിന്ദുസ്ഥാന്‍ യുനിലിവര്‍, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ തുടങ്ങിയവ ഇടിവിലാണ്. നിഫ്റ്റി മെറ്റൽ, ഐടി സൂചികകള്‍ 1 ശതമാനം വീതം ഉയർന്ന് ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി.
"ഈ മാസം ആദ്യ പകുതിയിലെ റൺ അപ്പ് കഴിഞ്ഞാൽ വിപണി കണ്‍സോളിഡേഷനില്‍ എത്താന്‍ സാധ്യതയുണ്ട്. പോസിറ്റീവ് വാർത്തകൾ പ്രവഹിക്കുന്നതും ഇടിവുകളിലെ ശക്തമായ വാങ്ങലും വിപണിയെ പ്രതിരോധിക്കാം. ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളിലേക്ക് വലിയ മൂലധന പ്രവാഹത്തിന് കാരണമായ, യുഎസ് ബോണ്ട് യീൽഡിലെ കുത്തനെയുള്ള ഇടിവാണ് ഇപ്പോൾ വിപണിയിലെ ഏറ്റവും ശക്തമായ പോസിറ്റിവ്. 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ യീല്‍ഡ് ഇപ്പോള്‍ എകദേശം 3.95 ശതമാനമാണ് ," ജിയോജിത് ഫിനാന്‍ഷ്യലിലെ വി.കെ വിജയകുമാര്‍ പറയുന്നു.
"ലാർജ് ക്യാപ് ഫിനാൻഷ്യലും ഐടിയും ന്യായമായ മൂല്യമുള്ളതും എഫ്‌ഐഐയുടെ പ്രിയപ്പെട്ട മേഖലകളുമായതിനാൽ, ഈ സെഗ്‌മെന്റുകൾ മികച്ച രീതിയിൽ തുടരും. ചില്ലറവ്യാപാരത്തിന്റെ അതിപ്രസരം വിശാലമായ വിപണിയെ ഉന്മേഷദായകമായി നിലനിർത്തുന്നു, എന്നാൽ ഇവിടെ മൂല്യനിർണ്ണയം പ്രശ്നകരമാകുകയാണ്. ഉയർന്ന മൂല്യനിർണ്ണയത്തിൽ, ഈ സെഗ്‌മെന്റുകൾ മൂർച്ചയുള്ള തിരുത്തലിന് വിധേയമായേക്കാം. നിക്ഷേപം തുടരുമ്പോഴും നിക്ഷേപകർ ജാഗ്രത പാലിക്കണം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
