റാലി മുറിഞ്ഞു, സെന്‍സെക്സിനും നിഫ്റ്റിക്കും ചുവപ്പില്‍ ക്ലോസിംഗ്
- ഐടി, ബാങ്കിംഗ് മേഖലകള്‍ ഇടിവില്‍
- ഓട്ടൊമൊബൈല്‍ ഇടിവില്‍
- മിഡ്ക്യാപ്, സ്‍മാള്‍ക്യാപ് സൂചികകള്‍ നേട്ടത്തില്‍
നാഴികക്കല്ലുകള്‍ ഒന്നൊന്നായി മറികടന്നു മുന്നേറിയ റാലിക്ക് ശേഷം ഇന്ന് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങള്‍ ഏറ്റവുമധികം മുന്നേറിയ ഐടി, ബാങ്കിംഗ് മേഖലകള്‍ ഇന്ന് നിഫ്റ്റിയില്‍ ചുവപ്പിലായിരുന്നു. ധനകാര്യ സേവനങ്ങള്‍, എഫ്എംസിജി, റിയല്‍റ്റി തുടങ്ങിയ മേഖലകളും ഇടിവിലായിരുന്നു. അതേസമയം ഓട്ടൊമൊബൈല്‍, മീഡിയ, മെറ്റല്‍, ഫാര്‍മ, ആരോഗ്യ സേവനം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഓയില്‍-ഗ്യാസ് തുടങ്ങിയ മേഖലകളിലെ സൂചികകള്‍ നേട്ടത്തിലായിരുന്നു.
ബിഎസ്ഇ സെന്‍സെക്സ് 168.66 പോയിന്‍റ് അഥവാ 0.24 ശതമാനം ഇടിവോടെ 71,315.09ലും നിഫ്റ്റി-50 38 പോയിന്റ് അഥവാ 0.18 ശതമാനം ഇടിവോടെ 21,418.65ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ 7 വാരങ്ങളിലെ നേട്ടങ്ങള്‍ക്കു ശേഷം ട്രേഡര്‍മാര്‍ ലാഭമെടുക്കലിലേക്ക് നീങ്ങിയതും ഉയര്‍ന്ന മൂല്യ നിര്‍ണയവുമാണ് സൂചികകളെ താഴേക്ക് വലിച്ചത്.
നേട്ടങ്ങളും കോട്ടങ്ങളും
ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്‍സ്, സണ്‍ഫാര്‍മ, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, എച്ച്സിഎല്‍ ടെക്, എഷര്‍ മോട്ടോര്‍സ്, സിപ്ല, ഏഷ്യന്‍ പെയിന്‍റ്സ് തുടങ്ങിയയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍, ഐടിസി, ഒഎന്‍ജിസി, അപ്പോളോ ഹോസ്‍പിറ്റല്‍, ടെക് മഹീന്ദ്ര തുടങ്ങിയവയാണ് വലിയ ഇടിവ് നേരിട്ടത്.സൺഫാർമ, റിലയൻസ്, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, എച്ച്‍യുഎല്‍, ടാറ്റ സ്റ്റീൽ തുടങ്ങിയവയാണ് സെന്‍സെക്സില്‍ വലിയ നേട്ടമുണ്ടാക്കിയത്. പവര്‍ഗ്രിഡ്, ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍, ഐടിസി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എം & എം, ടെക് മഹീന്ദ്ര, എന്‍ടിപിസി, അള്‍ട്രാടെക് സിമന്‍റ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് വലിയ നഷ്ടം നേരിട്ടത്.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.22 ശതമാനവും നിഫ്റ്റി സ്‍മാള്‍ക്യാപ് 100 സൂചിക 0.56 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.28 ശതമാനം മുന്നേറിയപ്പോള്‍ ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.48 ശതമാനം മുന്നേറി.
ഏഷ്യന്‍ വിപണികള്‍ ഇടിവില്‍
ഏഷ്യൻ വിപണികള്‍ പൊതുവില്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ച്ചയിലായിരുന്നു. വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ സമ്മിശ്രമായ തലത്തിലായിരുന്നു.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വെള്ളിയാഴ്ച ഓഹരികളില്‍ 9,239.42 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വാങ്ങലുകാരായി തുടര്‍ന്നു. വെള്ളിയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 969.55 പോയിന്റ് അഥവാ 1.37 ശതമാനം ഉയർന്ന് റെക്കോർഡ് ക്ലോസായ 71,483.75 ൽ എത്തി. നിഫ്റ്റി 273.95 പോയിന്റ് അഥവാ 1.29 ശതമാനം ഉയർന്ന് 21,456.65 എന്ന പുതിയ റെക്കോഡ് ക്ലോസിങ്ങിൽ എത്തി.
