തുടക്ക വ്യാപാരത്തില്‍ വിപണികളില്‍ പച്ചവെളിച്ചം
- ഫെഡ് റിസര്‍വ് പലിശ നിരക്ക് ഇനി ഉയര്‍ത്തിയേക്കില്ലെന്ന് പ്രതീക്ഷ
ഏഷ്യൻ വിപണിയിലെ പോസിറ്റീവ് ട്രെൻഡുകളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരികൾ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ കുതിച്ചു. അസംസ്‌കൃത എണ്ണവില ഉയരാൻ കാരണമായ ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകൾ മൂലം ഇന്നലെ വിപണികല്‍ കുത്തനെ ഇടിവ് നേരിിരുന്നു.
ഇന്ന് തുടക്ക വ്യാപാരത്തില്‍ ബിഎസ്ഇ സെൻസെക്‌സ് 303.92 പോയിന്റ് (0.46 ശതമാനം) ഉയർന്ന് 65,816.31 പോയിന്റിലെത്തി, എൻഎസ്ഇ നിഫ്റ്റി 87.15 പോയിന്റ് ( 0.45 ശതമാനം) ഉയർന്ന് 19,599.50 പോയിന്റിലെത്തി.
ജപ്പാന്റെ നിക്കി 225, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവയുൾപ്പെടെ പ്രധാന ഏഷ്യൻ സൂചികകൾ നേട്ടത്തിലാണ്. തിങ്കളാഴ്ച യുദ്ധത്തെ കുറിച്ചുള്ള ആശങ്കയെ തുടര്‍ന്ന് യൂറോപ്യൻ വിപണികളും ഏഷ്യന്‍ വിപണികളും ഏറെക്കുറെ നഷ്‌ടത്തിൽ ക്ലോസ് ചെയ്‌തപ്പോൾ, യുഎസ് ഓഹരികൾ പോസിറ്റീവായാണ് അവസാനിച്ചത്.
ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളിൽ നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് യുഎസ് ഓഹരികൾ തുടക്കത്തിലെ നഷ്ടം മറികടന്ന് സെഷന്‍ നേട്ടത്തില്‍ അവസാനിപ്പിക്കാന്‍ ഇടയാക്കിയത്. പലിശ നിരക്ക് ഇനിയും ഉയര്‍ത്തേണ്ട സാഹചര്യം ഫെഡ് റിസര്‍വിന് ഉണ്ടായേക്കില്ലെന്ന പ്രതീക്ഷ നിക്ഷേപകരില്‍ ഉണ്ടായിട്ടുണ്ട്.
ബിഎസ്‌ഇയിൽ ലഭ്യമായ കണക്കുകൾ പ്രകാരം തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) 997.76 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്ത് അറ്റ വിൽപ്പനക്കാരായിരുന്നു. തിങ്കളാഴ്ച സെൻസെക്‌സ് 483.24 പോയിന്റ് ഇടിഞ്ഞ് 65,512.39 പോയിന്റിലും നിഫ്റ്റി 141.15 പോയിന്റ് താഴ്ന്ന് 19,512.35 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
