വിപണികളില്‍ മികച്ച നേട്ടത്തോടെ തുടക്കം
- സെൻസെക്‌സ് പാക്കിൽ ഭൂരിഭാഗം ഓഹരികളും പോസിറ്റിവ്
- ആഗോള വിപണികളിലും പോസിറ്റിവ് വികാരം
വിപണിയുടെ പൊസിറ്റിവ് മൊമന്‍റം ഇന്നും തുടരുകയാണ്. ഇന്ത്യന്‍ വിപണിയുടെ ബെഞ്ച്മാർക്ക് സൂചികകൾ കുതിപ്പോടെയാണ് തുടങ്ങിയത്. വ്യാപാരം പോസിറ്റീവ് ആഗോള സൂചനകൾക്കിടയിൽ സെൻസെക്സ് 322 പോയിന്റിലധികം ഉയർന്നു. സെൻസെക്‌സ് 322.09 പോയിന്റ് ( 0.49 ശതമാനം) ഉയർന്ന് 65,397.91 പോയിന്റിലും നിഫ്റ്റി 84.30 പോയിന്റ് ( 0.44 ശതമാനം) ഉയർന്ന് 19,426.95 പോയിന്റിലും എത്തി.
സെൻസെക്‌സ് ഓഹരികളില്‍ ഭൂരിഭാഗവും പോസിറ്റീവ് മേഖലയിലാണ് വ്യാപാരം നടക്കുന്നത്. എം ആൻഡ് എം, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ജപ്പാനും ഹോങ്കോങ്ങും ഉൾപ്പെടെയുള്ള ഏഷ്യൻ വിപണികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച, യൂറോപ്യൻ, യുഎസ് സൂചികകൾ പച്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.33 ശതമാനം ഉയർന്ന് 85.77 ഡോളറിലെത്തി.
ചൈനയിലെ ഏറ്റവും വലിയ ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കാൻ തയ്യാറെടുക്കുകയും യുഎസ് ഫെഡറൽ റിസർവ് നിരക്ക് ഉയര്‍ത്തല്‍ ചക്രത്തിന്‍റെ അവസാനത്തോട് അടുക്കുകയാണെന്ന് നിക്ഷേപകർ അനുമാനിക്കുകയും ചെയ്തതോടെ ഏഷ്യൻ ഓഹരികൾ ഉയർന്നുവെന്ന് എച്ച്ഡിഎഫ്‍സി സെക്യൂരിറ്റീസ് റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി വിലയിരുത്തുന്നു. യുഎസ് തൊഴിൽ വിപണി മയപ്പെടുന്നതും ഫെഡ് റിസർവ് പലിശനിരക്ക് കുറയ്ക്കുന്നതിലേക്ക് അധികം വൈകാതെ നീങ്ങുമെന്ന പ്രതീക്ഷ നല്‍കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സെൻസെക്‌സ് 79.22 പോയിന്റ് ഉയർന്ന് 65,075.82 പോയിന്റിലും നിഫ്റ്റി 36.60 പോയിന്റ് ഉയർന്ന് 65,229.03 പോയിന്റിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ ഡാറ്റ പ്രകാരം 61.51 കോടി രൂപയുടെ ഓഹരികൾ വാങ്ങി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്നലെ അറ്റ വാങ്ങലുകാരായിരുന്നു.
