സെന്‍സെക്സ് 3 ലക്ഷത്തിലേക്കെന്ന് പ്രവചനം
നിഫ്റ്റിയുടെ ലക്ഷ്യം 88,700 നിലവാരമെന്നും ഗോള്‍ഡ്മാന്‍ സാക്സ്
അടുത്ത ദശകത്തോടെ സെന്‍സെക്സ് 3 ലക്ഷം നിലവാരത്തിലേക്കെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാക്സിന്റെ പ്രവചനം. നിഫ്റ്റിയുടെ ലക്ഷ്യം 88,700 നിലവാരമെന്നും റിപ്പോര്‍ട്ട്.
ഓഹരി വിപണി നിക്ഷേപകരെ ആവേശത്തിലാഴ്ത്തുന്ന പ്രവചനമാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പുറത്ത് വിട്ടിരിക്കുന്നത്. പ്രതി ഓഹരി വരുമാനം 13 ശതമാനം മുന്നേറ്റമാണ് സെന്‍സെക്സില്‍ പ്രതീക്ഷിക്കുന്നത്. ഇത് സംഭവിച്ചാല്‍ 2036-ഓടെ സെന്‍സെക്‌സ് 3 ലക്ഷം കടക്കാന്‍ സാധ്യതയുണ്ട്. അതല്ലെങ്കില്‍ കുറഞ്ഞ് 2,87,000 വരെ എത്താം. നിഫ്റ്റി 88,700 എന്ന ലക്ഷ്യത്തിലും എത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വരുമാനം കൂടാനുള്ള പ്രധാന കാരണം കമ്പനികളുടെ ലാഭ വര്‍ദ്ധനവ് ആയിരിക്കും. നിലവിലെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയങ്ങള്‍ കാരണം, ഇനി വളര്‍ച്ചയുടെ വലിയ പങ്ക് വരുന്നത് ലാഭത്തില്‍ നിന്നും ഡിവിഡന്റുകളില്‍ നിന്നും ആയിരിക്കും.
ഗോള്‍ഡ്മാന്‍ സാക്‌സിന്റെ ഏഷ്യാ-പസഫിക് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ടിമോത്തി മോ പറയുന്നത്, മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിയോഹരി വരുമാന വളര്‍ച്ച രേഖപ്പെടുത്താന്‍ പോകുന്നത് ഇന്ത്യയിലായിരിക്കും എന്നാണ്.ശക്തമായ സാമ്പത്തിക അടിത്തറയും ജനസംഖ്യാപരമായ അനുകൂല ഘടകങ്ങളുമാണ് ഈ കുതിപ്പിന് കാരണമാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള ഓഹരികള്‍ അടുത്ത 10 വര്‍ഷത്തേക്ക് ശരാശരി 7.1% വാര്‍ഷിക വരുമാനം നല്‍കാനാണ് സാധ്യത. ഇന്ത്യ കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്ക 10.1%, നോര്‍ത്ത് ഏഷ്യ 10.0% എന്നിവയാണ് മുന്‍നിരയിലെത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
