യുഎസ് ബാങ്കുകളെ തരംതാഴ്ത്തി എസ് & പി, ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍; ഇന്ന് വിപണിയിലെ പ്രതീക്ഷ
- യുഎസ് ട്രഷറി വരുമാനം 15 വര്‍ഷത്തെ ഉയര്‍ച്ചയില്‍
- ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കം നേരിയ ഇടിവോടെ
പുതിയ വാരത്തിന് ഇന്നലെ നേട്ടത്തോടെയാണ് സെന്‍സെക്സും നിഫ്റ്റിയും തുടക്കമിട്ടത്. സമ്മിശ്ര ആഗോള വിപണി പ്രവണതകൾക്കിടയിൽ ബിഎസ്ഇ സെൻസെക്‌സ് 267 .43 പോയിന്റ് (0 .41 ശതമാനം) ഉയർന്ന് 65216 .09 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇ നിഫ്റ്റി 83.45 പോയിന്റ് ( 0.43 ശതമാനം) ഉയർന്ന് 19,393.60ല്‍ എത്തി. നിക്ഷേപകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് വിപണിയിലെ അരങ്ങേറ്റ ദിനത്തില്‍ ഇടിവിലാണ് കലാശിച്ചത്.
യുഎസില്‍ ട്രഷറി യീല്‍ഡ് 15 വര്‍ഷത്തെ ഉയരത്തിലേക്ക് എത്തിയിട്ടും ഓഹരി വിപണിയില്‍ വലിയ താഴ്ച പ്രകടമായില്ല. യുഎസില്‍ ടെക്നോളജി ഓഹരികള്‍ മുന്നേറ്റം പ്രകടമാക്കിയിട്ടുണ്ട്.
യുഎസ് ബാങ്കുകളെ സംബന്ധിച്ച തങ്ങളുടെ വീക്ഷണം എസ് & പി ഗ്ലോബൽ റേറ്റിംഗ്സ് വെട്ടിക്കുറച്ചുവെന്ന വാര്‍ത്ത എത്തിയത് ഇന്ന് വിപണികളെ സ്വാധീനിച്ചേക്കും. റേറ്റിംഗ് ഏജന്‍സി നിരവധി പ്രമുഖ ബാങ്കുകളുടെ റേറ്റിംഗ് കുറച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന പലിശ നിരക്കുകളുടെയും നിക്ഷേപ നീക്കങ്ങളുടെയും ആഘാതം ചൂണ്ടിക്കാട്ടിയാണ് റേറ്റിംഗ് കുറച്ചിട്ടുള്ളത്.
റിസര്‍വ് ബാങ്ക് ധനനയ സമിതി യോഗത്തിന്‍റെ മിനുറ്റ്സ് വ്യാഴാഴ്ച പുറത്തുവരുന്നുണ്ട്. ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പൌവ്വല്‍ വെള്ളിയാഴ്ച ഒരു സമ്മേളനത്തെ അഭിമുഖീകരിച്ച് നടത്തുന്ന പ്രസംഗത്തിലേക്കും നിക്ഷേപകരുടെ ശ്രദ്ധ തിരിയും.
ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍
ഇന്ന് ഏഷ്യന്‍ വിപണികള്‍ ഏറെയും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ജപ്പാന്റെ നിക്കി 225 0.86 ശതമാനവും ടോപ്പിക്‌സ് 0.72 ശതമാനവും ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്‌പി 0.88 ശതമാനവും കോസ്‌ഡാക്ക് 0.84 ശതമാനവും ഉയർന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ് സൂചിക ഫ്യൂച്ചറുകൾ 17,680 ൽ ഉയർന്നു. ഓസ്‌ട്രേലിയയിൽ S&P/ASX 200 സൂചിക ഇടിവിലാണ് തുടങ്ങിയിട്ടുള്ളത്.
സമ്മിശ്രമായ തലത്തിലാണ് യുഎസ് വിപണികളില്‍ തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിച്ചത്. എസ്&പി500 30.06 പോയിന്റ് അഥവാ 0.69 ശതമാനം ഉയർന്ന് 4,399.77 ലും നാസ്ഡാക്ക് കോമ്പോസിറ്റ് 206.81 പോയിന്റ് അഥവാ 1.56 ശതമാനം ഉയർന്ന് 13,497.59 ലും എത്തി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 36.97 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 34,463.69 എന്ന നിലയിലെത്തി. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
ഗിഫ്റ്റ് നിഫ്റ്റി നേരിയ ഇടിവോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണി സൂചികകളുടെയും തുടക്കം ഫ്ലാറ്റായോ ഇടിവോടെയോ ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍
അദാനി എന്റർപ്രൈസസ്: പ്രൊമോട്ടര്‍ ഗ്രൂപ്പായ കെംപാസ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പൊതുവിപണി ഇടപാടുകളിലൂടെ അദാനി എന്റർപ്രൈസസിന്‍റെ 2.53 കോടി ഇക്വിറ്റി ഷെയറുകള്‍ അഥവാ 2.22 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. ഇതോടെ അദാനി എന്റർപ്രൈസസിലെ ഗ്രൂപ്പിന്‍റെ ഓഹരി പങ്കാളിത്തം 67.65 ശതമാനത്തിൽ നിന്ന് 69.87 ശതമാനമായി ഉയർന്നു.
വെൽസ്‍പൺ എന്‍റർപ്രൈസസ്: മിഷിഗൺ എഞ്ചിനീയേഴ്‌സിന്റെ (എംഇപിഎൽ) 50.10 ശതമാനം ഓഹരികൾ നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് 137.07 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്ന പ്രക്രിയ വെല്‍സ്‍പണ്‍ എന്‍റര്‍പ്രൈസസ് പൂര്‍ത്തിയാക്കി. എംഇപിഎല്‍ ഇപ്പോൾ വെൽസ്പൺ എന്റർപ്രൈസസിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്. ഇത് വാട്ടർ, ടണലിംഗ് സൊല്യൂഷൻസ് വിഭാഗത്തിലേക്കുള്ള കമ്പനിയുടെ വിപുലീകരണവും സാധ്യമാക്കുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: ഇക്വിറ്റി ഓഹരികളുടെ ക്വാളിറ്റി ഇന്‍സ്റ്റിറ്റ്യൂഷണല്‍ പ്ലെയ്‌സ്‌മെന്റ് (ക്യുഐപി) വഴി 5,000 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കുന്നതിന് ഡയറക്ടർ ബോർഡിൽ നിന്ന് അനുമതി ലഭിച്ചു. ഓഗസ്റ്റ് 21-നാണ് ക്യുഐപി ഇഷ്യു ആരംഭിച്ചത്. ഒരു ഇക്വിറ്റി ഷെയറിന് 91.10 രൂപയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്.
ടാറ്റ പവർ കമ്പനി: ഉപകമ്പനിയായ ടാറ്റ പവർ റിന്യൂവബിൾ എനർജി, ഉത്തരാഖണ്ഡിലെ ടാറ്റ മോട്ടോഴ്‌സിന്റെ പന്ത്‌നഗർ പ്ലാന്റുമായി 9 മെഗാവാട്ടിന്‍റെ കാംപസ് സോളാര്‍ പ്ലാന്‍റിനായി പവർ പർച്ചേസ് കരാറിൽ (പിപിഎ) ഒപ്പുവച്ചു. ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ കാംപസ് സോളാർ പ്ലാന്റായിരിക്കും ഇത്. 6 മാസത്തിനകം പദ്ധതി കമ്മീഷൻ ചെയ്യും.
വിദേശ ഫണ്ടുകളുടെ വരവ്
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 1,901.10 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റു, അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) ഓഗസ്റ്റ് 21 ന് 626.25 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 574.85 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഇന്നലെ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 1386.85 കോടി രൂപയുടെ അറ്റ നിക്ഷേപവും എഫ്‍പിഐകള്‍ നടത്തി.
ക്രൂഡ് ഓയിലും സ്വര്‍ണവും
സൗദി അറേബ്യയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ലഭ്യത സംബന്ധിച്ച ആശങ്കയെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 52 സെൻറ് ഉയർന്ന് 85.32 ഡോളറായും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 65 സെൻറ് ഉയർന്ന് 81.90 ഡോളറായും മാറി.
യുഎസ് ബോണ്ട് വരുമാനം ഉയര്‍ന്നതിന്‍റെ പ്രതിഫലനമായി തിങ്കളാഴ്ച സ്വർണ്ണ വില അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി, പലിശ നിരക്ക് സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി നിക്ഷേപകർ ഈ ആഴ്ച അവസാനം ഫെഡറൽ റിസർവ് സംഘടിപ്പിക്കുന്ന ജാക്‌സൺ ഹോൾ സിമ്പോസിയത്തിലേക്ക് ഉറ്റുനോക്കുകയാണ്. സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 1,887.09 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ $1,916 എന്ന നിലയിലാണ്.
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല
