ആറാം ദിനത്തിലും റാലി മുറിയാതെ വിപണികള്‍

  • മികച്ച നേട്ടം നല്‍കി ബാങ്കിംഗ് ഓഹരികള്‍
  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവില്‍
  • അദാനി ഗ്രൂപ്പ് കമ്പനികളില്‍ 2 മുതല്‍ 6 ശതമാനം വരെ ഉയര്‍ച്ച

Update: 2023-12-05 10:25 GMT

തുടര്‍ച്ചയായ ആറാം ദിനത്തിലും നേട്ടവുമായി തങ്ങളുടെ റെക്കോഡ് ബ്രേക്കിംഗ് റാലി തുടരുകയാണ് സെന്‍സെക്സും നിഫ്റ്റിയും. വിദേശ സ്ഥാപന നിക്ഷേപകരുടെ വൻതോതിലുള്ള വാങ്ങലുകൾക്കും ക്രൂഡ് ഓയിൽ വില ലഘൂകരണത്തിനും ഇടയിൽ വ്യാപാര സെഷനിന്‍റെ തുടക്കം മുതല്‍ സൂചികകള്‍ കരുത്തോടെ പച്ചയില്‍ തന്നെ നിലകൊണ്ടു.

അനുകൂലമായ മാക്രോ ഇക്കണോമിക് ഡാറ്റകളെ അടിസ്ഥാനമാക്കി കഴിഞ്ഞ വാരത്തില്‍ ആരംഭിച്ച മുന്നേറ്റം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായതോടെ കൂടുതൽ ഉത്തേജനം നേടി. പുതിയ റെക്കോഡ് ക്ലോസിംഗുകള്‍ കുറിച്ചുകൊണ്ടാണ് സെന്‍സെക്സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. 

നിഫ്റ്റി 168 പോയിൻറ് അഥവാ 0.81 ശതമാനം ഉയർന്ന് 20,855.10 ലും സെൻസെക്സ് 431 പോയിൻറ് അഥവാ 0.63 ശതമാനം ഉയർന്ന് 69,296.14 ലും ക്ലോസ് ചെയ്തു.ഇടവ്യാപാരത്തിനിടെ  സെന്‍സെക്സ് വ്യാപാരത്തിനിടെ 69,381.31 എന്ന പുതിയ സര്‍വകാല ഉയരം കുറിച്ചിട്ടുണ്ട്. നിഫ്റ്റി 20,864.05 എന്ന പുതിയ സര്‍വകാല ഉയരത്തിലെത്തി.

മികച്ച നേട്ടം ഇവിടെ

നിഫ്റ്റി ബാങ്കിംഗ് സൂചിക ഒരു ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി. എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും ഏകദേശം ഒരു ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ആക്‌സിസ് ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും 1.75 ശതമാനം വീതം നേട്ടമുണ്ടാക്കി.

ഡിമാൻഡ് ആശങ്കകളും സപ്ലൈ വെട്ടിക്കുറച്ചിലെ അനിശ്ചിതത്വവും കാരണം ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 78 ഡോളറിനടുത്ത് സ്ഥിരത കൈവരിച്ചതിനാൽ, എണ്ണ, വാതക ഓഹരികൾ 0.9% ഉയർന്നു. അസംസ്‌കൃത എണ്ണയുടെ വിലയിടിവ് ഇന്ത്യയെപ്പോലെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളിലെ  എണ്ണ വിപണന കമ്പനികൾക്ക് അനുകൂലമാണ്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ഓഹരികള്‍ 3 ശതമാനം ഉയർന്ന് നിഫ്റ്റിയിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി. 

അദാനി ഗ്രൂപ്പ് കമ്പനികളില്‍ 2 മുതല്‍ 6 ശതമാനം വരെ ഉയര്‍ച്ച പ്രകടമായി 

വാങ്ങലുകാരായി എഫ്‍ഐഐകള്‍

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2,073.21 കോടി രൂപയുടെ അറ്റവാങ്ങലാണ് ഇന്ത്യന്‍ ഓഹരികളില്‍ നടത്തിയത്.

" ഈ ആഴ്ച പ്രധാനപ്പെട്ട യുഎസ് തൊഴില്‍ ഡാറ്റ പുറത്തുവരാനിരിക്കെ ആഗോള നിക്ഷേപകര്‍ ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും ആഭ്യന്തര വിപണി നേട്ടങ്ങൾ വർദ്ധിപ്പിക്കുകയും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രഭാവലയത്തിനൊപ്പം പ്രതീക്ഷയ്ക്കു മുകളിലുള്ള വരുമാന പ്രഖ്യാപനങ്ങള്‍,  ജിഡിപി വളർച്ച തുടങ്ങിയ  മറ്റ് അനുകൂല ഘടകങ്ങളും എഫ്‌ഐഐ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നതിനെ പിന്തുണയ്ക്കുന്നു. ആർബിഐയുടെ പണനയ യോഗം  നിരക്കുകളില്‍ തത്‍സ്ഥിതി തുടരാന്‍ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, ഭക്ഷ്യധാന്യ വില, പണപ്പെരുപ്പത്തിന്‍റെ പാത എന്നിവയെക്കുറിച്ചുള്ള കേന്ദ്രബാങ്കിന്‍റെ വ്യാഖ്യാനം വിപണി സൂക്ഷ്മമായി നിരീക്ഷിക്കും, "," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്‍റ്റ്‍മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.

ഏഷ്യ പസഫിക് വിപണികളില്‍ ഏറെയും ഇടിവിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ജപ്പാന്‍റെ നിക്കി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ഓസ്ട്രേലിയയുടെ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി തുടങ്ങിയവയെല്ലാം ഇടിവിലാണ്. 

Tags:    

Similar News