ശോകമൂകമായി ദലാല്‍ തെരുവിലെ വാരാന്ത്യം
- നിക്ഷേപകര്‍ക്ക് ഇന്ന് മൊത്തം 2 ലക്ഷം കോടിക്ക് മുകളില്‍ നഷ്ടം
- ഇടിവ് നേരിട്ട് എച്ച്‍യുഎലും ഐടിസിയും
തുടര്‍ച്ചയായ മൂന്നാം ദിവസവും പച്ചതൊടാതെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വാരാന്ത്യത്തിലേക്ക് നീങ്ങി. യുഎസ് ഫെഡ് റിസര്‍വ് ഉയര്‍ന്ന പലിശ നിരക്ക് ദീര്‍കാലം നിലനിര്‍ത്തുമെന്ന ആശങ്ക ശക്തമായതും ആഗോള വിപണിയിലെ നെഗറ്റിവ് പ്രവണതകളും ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും വിപണികളെ കൂടുതല്‍ നഷ്ടത്തിലേക്ക് നയിച്ചു. ഐടി കമ്പനികളുടെയും എച്ച്‍യുഎല്‍, ഐടിസി പോലുള്ള വിപണിയിലെ പ്രമുഖരുടെയും രണ്ടാം പാദഫലങ്ങള്‍ അത്ര ആശാവഹമല്ലാതിരുന്നതും നിക്ഷേപക വികാരത്തെ തളര്‍ത്തി.
നിഫ്റ്റി ഇന്ന് 85 പോയിൻറ് അഥവാ 0.43 ശതമാനം ഇടിഞ്ഞ് 19,539.55ലും സെൻസെക്സ് 232 പോയിൻറ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 65,397.62ലും ക്ലോസ് ചെയ്തു.
ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ലാർസൺ ആൻഡ് ടൂബ്രോ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിന്ദ് ബാങ്ക്, നെസ്ലെ ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എൻടിപിസി എന്നിവ നേട്ടം കരസ്ഥമാക്കി.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 1,093.47 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്‌ഇ ബെഞ്ച്മാർക്ക് ഇന്നലെ 247.78 പോയിന്റ് അല്ലെങ്കിൽ 0.38 ശതമാനം ഇടിഞ്ഞ് 65,629.24 ൽ എത്തി. നിഫ്റ്റി 46.40 പോയിന്റ് അഥവാ 0.24 ശതമാനം ഇടിഞ്ഞ് 19,624.70 ൽ എത്തി.
