തുടക്ക വ്യാപാരത്തില്‍ വിപണികളുടെ വീണ്ടെടുപ്പ്
- ക്രൂഡ് ഓയില്‍ വില താഴ്ന്നു
- എച്ച്ഡിഎഫ്‌സി ബാങ്ക് ഏകദേശം 1 ശതമാനം വർധിച്ചു
തുടര്‍ച്ചയായ മൂന്ന് വ്യാപാര സെഷനുകളിലും ഇടിവു രേഖപ്പെടുത്തിയ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് തുടക്ക വ്യാപാരത്തില്‍ മുന്നേറി. റിയൽറ്റി ഒഴികെ, മറ്റെല്ലാ മേഖലകളുടെ സൂചികകളും പച്ചയിലാണ് വ്യാപാരം നടത്തുന്നത്.
പവർ ഗ്രിഡ്, ടാറ്റ കൺസ്യൂമർ, എച്ച്‌ഡിഎഫ്‌സി ലൈഫ്, എസ്‌ബിഐ ലൈഫ്, അദാനി എന്റർപ്രൈസസ് എന്നിവയാണ് നിഫ്റ്റിയില്‍ പ്രധാനമായും നേട്ടത്തിലുള്ളത്. ഗ്രാസിം ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ദിവിസ് ലാബ്, ഒഎൻജിസി, യുപിഎൽ എന്നിവ നഷ്ടം നേരിടുന്നു.
സെൻസെക്‌സ് സ്ഥാപനങ്ങളിൽ പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ, ബജാജ് ഫിൻസെർവ്, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സെപ്തംബർ പാദത്തിൽ 16,811 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഏകദേശം 1 ശതമാനം വർധിച്ചു. ലാർസൻ ആൻഡ് ടൂബ്രോയും ഹിന്ദുസ്ഥാൻ യുണിലിവറും ഇടിവ് നേരിടുന്നു.
രാവിലെ 10.17നുള്ള വിവരം അനുസരിച്ച് സെന്‍സെക്സ് 292.08 പോയിന്‍റ് (0.44%) ഉയര്‍ന്ന് 66,459.01ലും നിഫ്റ്റി 91.85പോയിന്‍റ് ( 0.47) ഉയര്‍ന്ന് 19,823.60ലുമാണ് വ്യാപാരം നടത്തുന്നത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസിറ്റീവായാണ് വ്യാപാരം നടത്തുന്നത്.തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.01 ശതമാനം ഇടിഞ്ഞ് ബാരലിന് 89.64 ഡോളറിലെത്തി.
തിങ്കളാഴ്ച സെൻസെക്‌സ് 115.81 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 66,166.93 എന്ന നിലയിലെത്തി. നിഫ്റ്റി 19.30 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 19,731.75 ലെത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 593.66 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്നും എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
