ദിശ കാണാതെ ഉലഞ്ഞ് വിപണികള്‍; ക്ലോസിംഗ് നേരിയ നേട്ടത്തില്‍
- ഐടി, ബാങ്ക് സൂചികകളില്‍ രേഖപ്പെടുത്തിയത് ഇടിവ്
- മികച്ച നേട്ടവുമായി ഏഷ്യന്‍ പെയിന്‍റ്സ് ഓഹരികള്‍
വ്യാപാര സെഷനില്‍ ഉടനീളം പ്രകടമായ ചാഞ്ചാട്ടത്തിനൊടുവില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണികളിലെ അനിശ്ചിതാവസ്ഥയും വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്കും ക്രൂഡ് ഓയില്‍ വിലയിലെ ഇടിവും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു.
നിഫ്റ്റി 36.80 പോയിൻറ് (0.19 ശതമാനം) ഉയർന്ന് 19,443.50ലും സെൻസെക്സ് 33.21 പോയിന്‍റ് (0.051 ശതമാനം) ഉയർന്ന് 64,975.61ലും ക്ലോസ് ചെയ്തു.
ഏഷ്യൻ പെയിന്റ്സ്, ലാർസൻ ആൻഡ് ടൂബ്രോ, ടൈറ്റൻ കമ്പനി, ഐടിസി, മാരുതി സുസുക്കി ഇന്ത്യ എന്നിവയാണ് മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച പ്രധാന കമ്പനികള്‍. ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എൻടിപിസി, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര എന്നിവയാണ് വലിയ ഇടിവ് നേരിട്ട പ്രധാന ഓഹരികള്‍.
ഐടി, ബാങ്ക് എന്നിവ ഒഴികെയുള്ള മേഖലകളെല്ലാം നേട്ടത്തിലായിരുന്നു. റിയൽറ്റി, ഓയിൽ & ഗ്യാസ്, ഹെൽത്ത് കെയർ, ക്യാപിറ്റൽ ഗുഡ്‌സ് എന്നിവ 1 ശതമാനം വീതവും ഓട്ടോ, എഫ്എംസിജി, ലോഹം എന്നിവ 0.5 ശതമാനം വീതവും ഉയർച്ച പ്രകടമാക്കി.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. സിയോള്‍ നേട്ടത്തിലായിരുന്നു. ചൊവ്വാഴ്ച യുഎസ് വിപണികൾ പോസിറ്റീവായാണ് അവസാനിച്ചത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ചൊവ്വാഴ്ച 497.21 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 16.29 പോയിന്റ് അല്ലെങ്കിൽ 0.03 ശതമാനം ഇടിഞ്ഞ് 64,942.40 ൽ എത്തി. നിഫ്റ്റി 5.05 പോയിന്റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 19,406.70 ൽ എത്തി.
